ലാവ്‌ലിന്‍ അഴിമതി കേസില്‍ കാനഡയിലുള്ള ആറാം പ്രതിയെ ഇന്ത്യക്ക് കൈമാറാനുള്ള നടപടി വേഗത്തിലാക്കാൻ നീക്കം; പ്രതിയെ അറസ്റ്റ് ചെയ്യാത്ത സിബിഐ നടപടിയെ തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി വിമര്‍ശിച്ചു

ലാവ്‌ലിന്‍ അഴിമതി കേസില്‍ കാനഡയിലുള്ള ആറാം പ്രതിയായ ലാവ്‌ലിന്‍ കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെന്‍ഡലിനെ അറസ്റ്റ് ചെയ്യാൻ നീക്കം. ഇയാളെ അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറാനുള്ള നടപടി വേഗത്തിലാക്കാനുള്ള ശ്രമം നടക്കുകയാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടിരിക്കുകയാണ് . പ്രതിയെ അറസ്റ്റ് ചെയ്യാത്ത സിബിഐ നടപടിയെ തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി സനില്‍കുമാര്‍ വിമര്‍ശിക്കുകയുണ്ടായി.
ആറാം പ്രതിയായ ട്രെന്‍ഡലിനെതിരെ തിരുവനന്തപുരം സിബിഐ കോടതി 2013 ജൂലൈ 17നാണ് പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത് . 2010 നവംബറില്‍ കൊച്ചി സിബിഐ കോടതി പ്രതിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു . 1995 ആഗസ്റ്റ് 10 ന് പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ് എന്‍സി ലാവ്‌ലിന്‍ കമ്പനിയുമായി അഴിമതി കരാറുണ്ടാക്കിയത് വഴി സംസ്ഥാന ഖജനാവിന് 86.25 കോടി രൂപയുടെ അന്യായ നഷ്ടം സംഭവിപ്പിച്ചുവെന്നും കമ്പനി അവിഹിത സാമ്പത്തിക നേട്ടവുമുണ്ടാക്കിയെന്നുമാണ് കേസ്.
പ്രതിയെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിക്കാനുള്ള മാസ്റ്റര്‍ പ്ലാന്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ 2020 നവംബര്‍ 23ന് സിബിഐ കോടതിയില്‍ സമയം ആവശ്യപ്പെട്ടു . തുടര്‍ന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതിനിടയിൽ കൈമാറല്‍ പ്രക്രിയ കനേഡിയന്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ബോധിപ്പിക്കുകയും ചെയ്തു . തുടര്‍ന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് നടപടികള്‍ വേഗത്തിലാക്കാന്‍ സിബിഐ കോടതി ഉത്തരവ് പറഞ്ഞത്.
കാനഡയിലേക്കയച്ച വാറണ്ടില്‍ കനേഡിയന്‍ അധികൃതര്‍ എന്ത് നടപടി സ്വീകരിച്ചുവെന്നത് അറിയില്ലെന്ന് കാണിച്ച് സിബിഐ പ്രോസിക്യൂട്ടര്‍ 2020 ഫെബ്രുവരി 20 ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു . എന്നാൽ ഈ റിപ്പോർട്ട് ജഡ്ജി സനില്‍കുമാറിനെ ദേഷ്യപ്പെടുത്തുകയുണ്ടായി . നിരുത്തരവാദപരമായ റിപ്പോര്‍ട്ടുമായി വന്നാല്‍ അതില്‍ ഒപ്പ് വച്ച സിബിഐ ഉദ്യോഗസ്ഥന്‍ നടപടി നേരിടേണ്ടി വരുമെന്ന് കോടതി കർക്കശമായി പറഞ്ഞു . വിശദമായ നടപടി റിപ്പോര്‍ട്ട് ഹാജരാക്കാനും സിബിഐ എസ്പിയോട് കോടതി ഉത്തരവിടുകയുണ്ടായി.
ഇന്ത്യയില്‍ കുറ്റകൃത്യം നടത്തിയ ശേഷം വിദേശത്ത് ഒളിവില്‍ കഴിയുന്ന കുറ്റവാളികളെ അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറേണ്ടത് 'എക്‌സ്ട്രാഡിഷന്‍ നിയമ' പ്രകാരമാണ്. കോടതി പുറപ്പെടുവിച്ച വാറണ്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വഴിയാണ് കാനഡയിലെ വിദേശകാര്യ മന്ത്രാലയത്തിന് അയയ്ക്കുന്നത്. അതനുസരിച്ച് ഇന്റര്‍പോള്‍, റോ എന്നിവര്‍ പ്രതിയെ അറസ്റ്റ് ചെയ്ത് കാനഡയിലെ മജിസ്‌ട്രേട്ട് മുമ്പാകെ പ്രതിയെ ഹാജരാക്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. ശേഷമാണ് പ്രതിയെ കാനഡ കോടതി റിമാന്‍ഡ് ചെയ്ത് ഇന്ത്യന്‍ എംബസിക്കു കൈമാറേണ്ടത്.
https://www.facebook.com/Malayalivartha