തൃശൂര്‍ ബിജെപിയില്‍ കടുത്ത ഭിന്നത...ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ പങ്കെടുത്ത ഒരു ചാനല്‍ തിരഞ്ഞെടുപ്പ് പരിപാടി ജില്ലാ നേതൃത്വവും പ്രവര്‍ത്തകരും ബഹിഷ്‌കരിച്ചു

നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇത്തവണ മുന്നേറ്റമുണ്ടാക്കാമെന്ന പ്രതീക്ഷയോടെയാണ് ബിജെപി ഇറങ്ങുന്നത്. എന്നാല്‍ തൃശൂര്‍ ബിജെപിയില്‍ കടുത്ത ഭിന്നതയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ പങ്കെടുത്ത ഒരു ചാനല്‍ തിരഞ്ഞെടുപ്പ് പരിപാടി ജില്ലാ നേതൃത്വവും പ്രവര്‍ത്തകരും ബഹിഷ്‌കരിച്ചു.
തേക്കിന്‍കാട് മൈതാനിയില്‍ തെക്കെ ഗോപുര നടയിലായിരുന്നു പരസ്യ സംവാദം സംഘടിപ്പിച്ചത്. ഇടത് മുന്നണിക്ക് വേണ്ടി എസ്എഫ്ഐ കേന്ദ്ര കമ്മറ്റി അംഗം ശരത്ചന്ദ്ര പ്രസാദും യുഡിഎഫിന്റെ പ്രതിനിധിയായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ശോഭ സുബിനും പങ്കെടുത്തു. പരിപാടിയില്‍ ബിജെപിക്ക് വേണ്ടി പങ്കെടുത്തത് സംസ്ഥാന വക്താവ് സന്ദീപ് വാര്യരാണ്. എന്നാല്‍ തൃശൂരില്‍ സംഘടിപ്പിക്കുന്ന ഒരു പരിപാടിയില്‍ തൃശൂര്‍ മണ്ഡലവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജില്ലയിലെ ഒരാളെ പങ്കെടുപ്പിക്കാതെ നടത്തിയതിലാണ് ജില്ലാ നേതൃത്വം ഇപ്പോള്‍ ഇടഞ്ഞിരിക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് ചാനല്‍ അധികൃതര്‍ക്കും സന്ദീപ് വാര്യര്‍ക്കെതിരെ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുകയാണ്. പരിപാടി തൃശൂരില്‍ വച്ച് നടത്തുന്ന വിവരം ജില്ലാ കമ്മിറ്റി ഓഫീസില്‍ അറിയിച്ചതോടെയാണ് വിവാദമായത്. പരിപാടിയില്‍ ആളെ എത്തിക്കണമെന്ന് ജില്ലാ നേതൃത്വത്തെയും മണ്ഡലം ഭാരവാഹികളെയും അറിയിച്ചിരുന്നു.
എന്നാല്‍ പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് ബിജെപിയെ പ്രതിനിധീകരിക്കുന്നത് സന്ദീപ് വാര്യരാണെന്ന് അറിയുന്നത്. ഇക്കാര്യം അറിഞ്ഞതോടെ ജില്ലാ നേതൃത്വം മണ്ഡലം നേതൃത്വത്തെ വിലക്കി. ഇതോടെ മണ്ഡലം-ജില്ലാ ഭാരവാഹികള്‍ ആരും തന്നെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയില്ല.
എ പ്ലസ് മണ്ഡലമായി കാണക്കാക്കുന്ന മണ്ഡലമാണ് തൃശൂര്‍. പ്രമുഖരെ ഇവിടെ മത്സരിപ്പിക്കാന്‍ സംസ്ഥാന നേതൃത്വം ശ്രമിക്കുന്നുണ്ട്. സന്ദീപ് വാര്യര്‍ സീറ്റ് പ്രതീക്ഷയുമായി തൃശൂരില്‍ വീട് വാടകയ്ക്കെടുത്ത് ക്യാമ്പ് ചെയ്ത് ഇവിടെ പ്രവര്‍ത്തിച്ചുവരികയാണ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് എത്തിയതോടെ ബിജെപിക്ക് വിജയ സാധ്യതയുള്ള മണ്ഡലമാണ് തൃശൂര്‍.
പാലക്കാട് സ്വദേശിയായ സന്ദീപ് വാര്യര്‍ തൃശൂരില്‍ ക്യാമ്പ് ചെയ്യുന്നതിനെതിരെ ജില്ലാ നേതൃത്വം നേരത്തേയും പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തൃശൂരിലെ ചാനല്‍ പരിപാടിയില്‍ സന്ദീപ് വാര്യര്‍ പ്രത്യക്ഷപ്പെട്ടത്. ഇത് ജില്ലാ നേതൃത്വത്തെ ശരിക്കും ചൊടിപ്പിച്ചിരിക്കുകയാണ്.
സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി എ നാഗേഷ്, മേഖലാ സെക്രട്ടറി രവികുമാര്‍ ഉപ്പത്ത് തുടങ്ങി പ്രമുഖ നേതാക്കള്‍ തൃശൂര്‍ ജില്ലയിലുണ്ട്. ഇവരെയോ, ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്‌കുമാറിനേയോ മറ്റ് ജില്ലാ ഭാരവാഹികളെയോ ജില്ലയില്‍ നിന്നുള്ളവരെയോ പങ്കെടുപ്പിക്കാതെ തൃശൂരില്‍ നടത്തിയ പരിപാടി നേതൃത്വത്തെ അപമാനിക്കുന്നതാണെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.
അപ്പോള്‍ സന്ദീപ് വാര്യരെ വെട്ടിനിരത്താന്‍ കച്ചക്കെട്ടി ഗോപാലകൃഷ്ണനും ടീമും സജീവമാകുമോ അതോ സമവായത്തിലെത്തുമോ എന്ന് ഇനി കണ്ടറിയണം.
https://www.facebook.com/Malayalivartha
























