വിദ്യാര്‍ഥി സംഘടനയില്‍ അംഗത്വം എടുക്കാന്‍ വിസമ്മതിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് മര്‍ദനം

വിദ്യാര്‍ഥി സംഘടനയുടെ അംഗത്വം എടുക്കാന്‍ വിസമ്മതിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളെ മുതിര്‍ന്ന വിദ്യാര്‍ഥി ക്ലാസില്‍ കയറി മര്‍ദിച്ചു. മര്‍ദനത്തില്‍ പെണ്‍കുട്ടിയുടെ രണ്ടു പല്ലുകള്‍ ഇളകി, ഭയന്നോടിയ ആണ്‍കുട്ടി വീണ് കൈ ഒടിഞ്ഞു. മര്‍ദിച്ചത് എഐഎസ്എഫ് പ്രവര്‍ത്തകനാണെന്നു പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കി. ഏരൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.
മുതിര്‍ന്ന ആണ്‍കുട്ടികള്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് അഞ്ചാം ക്ലാസ് എ ഡിവിഷനിലെത്തി സംഘടനയുടെ അംഗത്വമെടുക്കാന്‍ കുട്ടികളെ നിര്‍ബന്ധിച്ചത്. ഇതിനു വിസമ്മതിച്ച ഏരൂര്‍ പ്രണവത്തില്‍ അഞ്ജുവിന്റെ മകള്‍ സാനിയയേയാണ് (10) കരണത്ത് അടിച്ചത്. മുഖം മറയ്ക്കുന്ന തരത്തിലുള്ള തൊപ്പി ധരിച്ച ആണ്‍കുട്ടിയാണു തല്ലിയതെന്നു കുട്ടിയുടെ മാതാവ് പ്രഥമാധ്യാപകനും പൊലീസിനും നല്‍കിയ പരാതിയില്‍ പറയുന്നു.
സാനിയയെ അടിച്ച തൊപ്പിധാരി അതേ ക്ലാസിലെ അഖില്‍ സന്തോഷിനെ (10) തള്ളുകയും അടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അതിനെത്തുടര്‍ന്ന് അഖില്‍ ഭയന്നോടിയപ്പോഴാണ് വീണ് കൈ ഒടിഞ്ഞതെന്നു പൊലീസ് പറഞ്ഞു. രണ്ടു കുട്ടികളും ചികില്‍സയിലാണ്. എഐഎസ്എഫില്‍പ്പെട്ട ആറു പേര്‍ ക്ലാസില്‍ തന്റെ അടുത്തെത്തിയെന്നും അവരില്‍ ഒരാളാണ് അടിച്ചതെന്നും സാനിയ പൊലീസിനു മൊഴി നല്‍കി.
പരുക്കേറ്റ കുട്ടികളുടെ രക്ഷിതാക്കള്‍ ഇന്നലെ രാവിലെ സ്‌കൂളില്‍ എത്തിയതോടെയാണു പ്രശ്‌നം രൂക്ഷമായത്. സ്‌കൂളിനു മുന്നില്‍ നാട്ടുകാര്‍ കൂടിയതോടെ പ്രതിഷേധവുമായി വിവിധ പാര്‍ട്ടി നേതാക്കളും എത്തി. ഇതേ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. സ്‌കൂളുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലവിലിരിക്കെയാണ് ഈ സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ മൂന്നു സംഘടനകളും സമരം ചെയ്തതിനെ തുടര്‍ന്നു ക്ലാസ് മുടങ്ങി. പൊലീസ് അന്വേഷണം തുടങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























