ഒരാഴ്ചക്കിടെ രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയയായ വീട്ടമ്മ മരിച്ചു...

സങ്കടക്കാഴ്ചയായി... പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചക്കിടെ രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയയായ വീട്ടമ്മ മരണത്തിന് കീഴടങ്ങി. ആങ്ങുമുഴി കലപ്പമണ്ണിൽ മായയാണ് മരിച്ചത്. ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ സ്വകാര്യ ആശുപത്രിക്കെതിരെ രംഗത്തെത്തി.
ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ള ആദ്യത്തെ ശസ്ത്രക്രിയ തിങ്കളാഴ്ചയാണ് നടത്തിയത്. ഈ ശസ്ത്രക്രിയക്ക് ശേഷം മായക്ക് തുടർച്ചയായി ശ്വാസംമുട്ടൽ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ സ്കാനിങ്ങിൽ, ആദ്യ ശസ്ത്രക്രിയയിലെ പിഴവിനെ തുടർന്ന് കുടലിൽ മുറിവുണ്ടായെന്ന് അറിയിച്ചതായി ബന്ധുക്കൾ പറയുന്നു.
ഇതിനെത്തുടർന്ന്, ശനിയാഴ്ച ഉച്ചയ്ക്ക് മായയെ വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാക്കി. രാത്രി 8 മണിയോടുകൂടി ശസ്ത്രക്രിയ പൂർത്തിയായി. തുടർന്ന് വെന്റിലേറ്റർ സഹായത്തോടെയാണ് ചികിത്സ തുടരുന്നതെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. എന്നാൽ, പുലർച്ചെ നാലുമണിയോടെ മായ മരിച്ചു.
അതേസമയം ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് ബന്ധുക്കൾ ആറന്മുള പോലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു. മായയുടെ ഭർത്താവ് രാജു കലപ്പമണ്ണിൽ, ശിരത്തോട് ഗ്രാമപഞ്ചായത്തിലെ ആങ്ങുമുഴി വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയാണ്.
"
https://www.facebook.com/Malayalivartha
























