ബാലഭാസ്കറിന്റെ മരണത്തില്‍ വീണ്ടും പുനരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി; ബാലഭാസ്‌കറിന്റെ പിതാവും സോബി ജോർജും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേററ് കോടതിയില്‍ ഹര്‍ജി നല്‍കി

വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും പുനരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നൽകിയാതായി റിപ്പോർട്ട്. ബാലഭാസ്‌കറിന്റെ പിതാവും സോബി ജോര്‍ജുമാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേററ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കോടതി ഹര്‍ജികള്‍ സ്വീകരിക്കുകയും ചെയ്തു.
എന്നാൽ സിബിഐ അന്വേഷണത്തില്‍ ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വഭാവികതയൊന്നുമില്ലെന്നും ഡ്രൈവറുടെ അതിവേഗമാണ് കാരണമെന്നുമായിരുന്നു കണ്ടെത്തല്‍. പിന്നാലെ സിബിഐയുടെ അന്വേഷണത്തില്‍ തൃപ്തരല്ലാത്ത കുടുംബം വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വരികയായിരുന്നു. അതേസമയം, സോബി ജോര്‍ജ്ജിന്റെ മൊഴികള്‍ കളവെന്നായിരുന്നു സിബിഐ കണ്ടെത്തിയത്. സോബി ജോര്‍ജ്ജിനെതിരേ കേസെടുക്കാനുള്ള നടപടിയും സിബിഐ തുടങ്ങിവെച്ചിരുന്നു.
അതേസമയം ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്‌ഷനു സമീപം 2018 സെപ്റ്റംബർ 25ന് പുലർച്ചെയാണ് ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെട്ടത്. അപകടം നടക്കുമ്പോൾ ഭാര്യ ലക്ഷ്മിയും കുഞ്ഞും ഡ്രൈവർ അർജുനും ഒപ്പമുണ്ടായിരുന്നു. കുഞ്ഞു സംഭവസ്ഥലത്തു വച്ചു മരിച്ചു. ലക്ഷ്മിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ ബാലഭാസ്കറിന്റെ സുഹൃത്തുക്കളായ വിഷ്ണുവും പ്രകാശ് തമ്പിയും പ്രതി ആയതോടെയാണ് അപകടത്തെക്കുറിച്ചു ബന്ധുക്കൾക്കു സംശയം ഉയർന്നത്. ബാലഭാസ്കറിന്റെ അപകട മരണത്തിൽ സ്വർണക്കടത്തുകേസിലെ പ്രതികളായ വിഷ്ണുവിനും പ്രകാശ് തമ്പിക്കും ബന്ധമുണ്ടെന്നു വിശ്വസിക്കുന്നതായി പിതാവ് കെ.സി. ഉണ്ണി മാധ്യമങ്ങളോടു വ്യക്തമാക്കിയിരുന്നു. ആദ്യം മംഗലപുരം പൊലീസ് അന്വേഷിച്ച കേസ് വീട്ടുകാരുടെ പരാതിയെത്തുടർന്നു ക്രൈംബ്രാഞ്ചിനു കൈമാറി. കാറിന്റെ അമിത വേഗമാണ് അപകടം ഉണ്ടാക്കിയതെന്നും സംഭവത്തിൽ ദുരൂഹതയില്ലെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
https://www.facebook.com/Malayalivartha

























