തൊഴിലാളികൾക്ക് കാലാനുസൃതമായ വേതനം ഉറപ്പാക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കും; സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരിക്കുന്നതിനുള്ള കരട് വിജ്ഞാപനം ഒരു മാസത്തിനുള്ളിൽ പുറപ്പെടുവിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരിക്കുന്നതിനുള്ള കരട് വിജ്ഞാപനം ഒരു മാസത്തിനുള്ളിൽ പുറപ്പെടുവിക്കാൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി വി. ശിവൻകുട്ടി . സംസ്ഥാനത്തെ രണ്ടായിരത്തി ഇരുന്നൂറോളം സ്വകാര്യ ആശുപത്രികളിലായി ജോലി ചെയ്യുന്ന ഒരു ലക്ഷത്തി പതിമൂവായിരത്തോളം ജീവനക്കാരുടെ വേതന സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
രണ്ടായിരത്തി പതിനെട്ടിലെ മിനിമം വേതന നോട്ടിഫിക്കേഷൻ ഹൈക്കോടതി റദ്ദാക്കിയതിനെത്തുടർന്ന് നിലവിൽ ഭൂരിഭാഗം ആശുപത്രികളിലും രണ്ടായിരത്തി പതിമൂന്നിലെ നോട്ടിഫിക്കേഷൻ പ്രകാരമുള്ള വേതനമാണ് നൽകിവരുന്നത്. ഇത് പരിഹരിക്കുന്നതിനായി ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ രൂപീകരിച്ച മിനിമം വേതന കമ്മിറ്റി 2023 ഡിസംബർ മുതൽ 2025 മെയ് വരെ വിവിധ ഘട്ടങ്ങളിലായി ചർച്ചകൾ നടത്തിയിരുന്നു.
എന്നാൽ മാനേജ്മെന്റ് പ്രതിനിധികളുടെ ഭാഗത്ത് നിന്നും അനുകൂലമായ നിലപാട് ഉണ്ടാകാത്തതിനാൽ സമവായത്തിലെത്താൻ സാധിച്ചില്ല. രണ്ടായിരത്തി പതിമൂന്നിലെ നിരക്ക് അടിസ്ഥാനമാക്കി നാമമാത്രമായ വർദ്ധനവാണ് മാനേജ്മെന്റുകൾ നിർദ്ദേശിച്ചത്. എന്നാൽ, തൊഴിൽ വകുപ്പ് മുന്നോട്ടുവെച്ച രണ്ടായിരത്തി പതിമൂന്നിലെ നോട്ടിഫിക്കേഷൻ അടിസ്ഥാനമാക്കിയുള്ള അറുപത് ശതമാനം വർദ്ധനവ് എന്ന നിർദ്ദേശം ട്രേഡ് യൂണിയനുകൾ സ്വാഗതം ചെയ്‌തെങ്കിലും മാനേജ്മെന്റ് പ്രതിനിധികൾ അത് നിരാകരിക്കുകയാണുണ്ടായത്.
തുടർന്ന് പ്രശ്‌നപരിഹാരത്തിനായി വിളിച്ചുചേർത്ത വ്യവസായ ബന്ധസമിതി യോഗത്തിൽ മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുക്കുകയുണ്ടായില്ല. നിലവിലെ ജീവിത സാഹചര്യത്തിൽ ഒരു തൊഴിലാളിക്കോ കുടുംബത്തിനോ ജീവിച്ചുപോകാൻ ഉതകുന്ന തരത്തിലുള്ള വേതന ഘടനയല്ല മാനേജ്മെന്റുകൾ മുന്നോട്ട് വെക്കുന്നത് എന്ന് സർക്കാർ വിലയിരുത്തുന്നു.
ഈ സാഹചര്യത്തിലാണ് ആയിരത്തി തൊള്ളായിരത്തി നാൽപത്തിയെട്ടിലെ മിനിമം വേതന നിയമത്തിലെ സെക്ഷൻ അഞ്ചിൽ (ഒന്ന്) (ബി) പ്രകാരം, സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരിച്ചുകൊണ്ട് ഒരു മാസത്തിനുള്ളിൽ ഔദ്യോഗിക ഗസറ്റിൽ കരട് വിജ്ഞാപനം പുറപ്പെടുവിക്കാൻ വകുപ്പ് സെക്രട്ടറിക്ക് കർശന നിർദ്ദേശം നൽകിയിട്ടുള്ളത്. തൊഴിലാളികൾക്ക് കാലാനുസൃതമായ വേതനം ഉറപ്പാക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുന്നതാണ്.
https://www.facebook.com/Malayalivartha

























