കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം; നാലാം പതിപ്പ് 2026 ജനുവരി 7 മുതല്‍ 13 വരെയുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ

രാജ്യാന്തരശ്രദ്ധയാകര്‍ഷിച്ച കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പ് 2026 ജനുവരി 7 മുതല്‍ 13 വരെയുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കപ്പെടുന്നു. പുസ്തകോത്സവത്തിൻ്റെ ഉദ്ഘാടനം ജനുവരി ഏഴിന് രാവിലെ 11 മണിക്ക് ആർ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ വച്ച് കേരളത്തിൻറെ ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിക്കും. പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും.
180 പ്രസാധകര്‍ പങ്കെടുക്കുന്ന പുസ്തകോത്സവത്തില്‍, 300 സ്റ്റാളുകളായിരിക്കും ഉണ്ടാവുക. പുസ്തകപ്രകാശനങ്ങള്‍, പുസ്തകചര്‍ച്ചകള്‍, സംവാദങ്ങള്‍, എഴുത്തുകാരുമായുള്ള അഭിമുഖസംഭാഷണങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിങ്ങനെ നിരവധി പരിപാടികളാണ് ആറ് വേദികളിലായി നടക്കുന്നത്.
മൗറീഷ്യസിന്റെ ആദ്യ വനിതാ പ്രസിഡൻ്റ് അമീന ഗുരിബ് ഫക്കിം, ശ്രീലങ്കൻ സാഹിത്യകാരൻ ചൂളാനന്ദ സമരനായകെ, ബുക്കര്‍ പ്രൈസ് ജേതാവ് ബാനു മുഷ്താഖ്, തസ്ലിമ നസ്രിന്‍, റാണാ അയൂബ്, പ്രഫുല്‍ ഷിലേദാര്‍, സൈറ ഷാ ഹലീം, ടി.എം. കൃഷ്ണ, ആകാർ പട്ടേൽ, ശശി തരൂർ, പി. സായിനാഥ്, സ്റ്റാൻലി ജോൺ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ഡി.ജി.പി രവാഡ ചന്ദ്രശേഖര്‍, വേണു രാജാമണി ദേശീയ- അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധേയരായ നിരവധി എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകരും, ഉദ്യോഗസ്ഥരും പുസ്തകോത്സവത്തിൽ പങ്കെടുക്കും.
കൂടാതെ ടി. പത്മനാഭന്‍, എന്‍.ഇ. സുധീര്‍, വി. മധുസൂദനന്‍ നായര്‍, കെ.ആര്‍.മീര, ടി.ഡി. രാമകൃഷ്ണന്‍, സുഭാഷ് ചന്ദ്രന്‍, എസ്.ഹരീഷ്, ആര്‍. രാജശ്രീ, ജി.ആർ. ഇന്ദുഗോപൻ, അംബികാസുതൻ മങ്ങാട്, ഹരിത സാവിത്രി, ലാല്‍ജോസ് തുടങ്ങിയ മലയാളത്തിന്റെ പ്രിയ എഴുത്തുകാരും കലാകാരന്മാരും പുസ്തകോത്സവത്തില്‍ പങ്കെടുക്കും. ചിരിയും ചിന്തയുമായി മലയാള സിനിമയിലെ നിറസാന്നിദ്ധ്യമായിരുന്ന ശ്രീനിവാസൻ്റെ ഓർമ്മയിൽ പ്രിയദർശൻ, സത്യൻ അന്തിക്കാട്, കമല്‍ തുടങ്ങിയവർ ഒത്തുചേരുന്ന ഒരു സെഗ്മെന്റ് ഉണ്ടായിരിക്കുന്നതാണ്.
കെ.സി. വേണുഗോപാല്‍, എം.എ. ബേബി, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ബിനോയ് വിശ്വം തുടങ്ങിയ രാഷ്ട്രീയരംഗത്തെ പ്രമുഖ നേതാക്കളും മന്ത്രിമാരും സാമാജികരും വിവിധ സെഷനുകളിലായി പങ്കെടുക്കുന്നതാണ്. ജനുവരി 7 മുതല്‍ 13 വരെയുള്ള ഏഴ് ദിവസങ്ങളിലായി പത്ത് ചാനലുകള്‍ അവതരിപ്പിക്കുന്ന മെഗാഷോകള്‍ ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരങ്ങളില്‍ ആര്‍.ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ വച്ചാണ് മെഗാഷോകള്‍ അവതരിപ്പിക്കപ്പെടുന്നത്. കെ.എസ്.ചിത്ര, സിത്താര കൃഷ്ണകുമാര്‍, ഗൗരിലക്ഷ്മി & ശ്വേതാ മേനോന്‍, മഞ്ജരി, ശ്രീനിവാസ്, ശരത്, മധു ബാലകൃഷ്ണന്‍, വിധു പ്രതാപ്, ഹരി ശങ്കര്‍, മെന്റലിസ്റ്റ് ആദി തുടങ്ങിയ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന 10 മെഗാഷോകളാണുള്ളത്. ഓരോ മെഗാ ഷോകളിലും മന്ത്രിമാരുടെയും മറ്റു സാമാജികരുടെയും പങ്കാളിത്തം ഉണ്ടായിരിക്കും.
ഇത്തവണ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ജനുവരി 8 മുതല്‍ 12 വരെയുള്ള തീയതികളിലായി വടക്കന്‍ കേരളത്തിന്റെ തനതുകലാരൂപമായ തെയ്യം അവതരിപ്പിക്കപ്പെടും. തെയ്യാവതരണത്തിന്റെ ഉദ്ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാനാണ് നിര്‍വ്വഹിക്കുന്നത്. പത്മശ്രീ ഇ.പി. നാരായണന്റെ നേതൃത്വത്തില്‍ മാഹി, തെയ്യം പൈതൃക സമിതിയാണ് ഇവിടെ തെയ്യങ്ങളെ അവതരിപ്പിക്കുന്നത്. പൊട്ടൻ തെയ്യം, അഗ്നികണ്ഠാകർണൻ തെയ്യം, കുട്ടിച്ചാത്തൻ തിറ, പൂക്കുട്ടിച്ചാത്തൻ തുടങ്ങിയ വിവിധ തെയ്യങ്ങൾ ഇവിടെ അരങ്ങേറും. ഒരു ദിവസം കളരിപ്പയറ്റ് പ്രദര്‍ശനവും ഉണ്ടായിരിക്കും.
https://www.facebook.com/Malayalivartha

























