സര്‍ക്കാരിനെതിരായ ആര്‍ജെഡിയുടെ പ്രതിഷേധ മാര്‍ച്ചിൽ അക്രമം; പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ പൊലീസുകാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു; പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റു ചെയ്തു

പാട്‌നയിൽ സംസ്ഥാന സര്‍ക്കാരിനെതിരായ ആര്‍ജെഡിയുടെ പ്രതിഷേധ മാര്‍ച്ച് ഡാക് ബംഗ്ലാ ചൗക്കില്‍ അക്രമാസക്തമായതിനെ തുടര്‍ന്നു പാര്‍ട്ടി നേതാക്കളായ തേജസ്വി യാദവും തേജ് പ്രതാപ് യാദവും അറസ്റ്റില്‍. തൊഴിലില്ലായ്മ, വിലക്കയറ്റം, ബിഹാര്‍ സ്‌പെഷല്‍ ആംഡ് പൊലീസ് ബില്‍ 2021 എന്നിവയ്‌ക്കെതിരെ ആര്‍ജെഡി പ്രഖ്യാപിച്ച നിയമസഭ വളയല്‍ സമരത്തിന്റെ ഭാഗമായി നടത്തിയ മാര്‍ച്ചിലാണ് അക്രമമുണ്ടായത്.
മാര്‍ച്ചിനു നേതൃത്വം നല്‍കിയ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റു ചെയ്തു. കോവിഡ് സാഹചര്യത്തില്‍ മാര്‍ച്ചിനു പൊലീസ് അനുമതി നിഷേധിച്ചിരുന്നു. മാര്‍ച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞതിനെ തുടര്‍ന്നാണ് അക്രമമുണ്ടായത്. ആര്‍ജെഡി പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ പൊലീസുകാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഉള്‍പ്പെടെ പരുക്കേറ്റു. ജലപീരങ്കി പ്രയോഗിച്ചും ലാത്തിചാര്‍ജ് നടത്തിയുമാണ് പൊലീസ് പ്രതിഷേധക്കാരെ നേരിട്ടത്.
നിയമസഭാ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹയെ അദ്ദേഹത്തിന്റെ ചേംമ്ബറില്‍ നിന്നു പുറത്തിറങ്ങാന്‍ അനുവദിക്കാതിരുന്ന പ്രതിപക്ഷ വനിതാ എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവരെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി മാറ്റി. സംഘര്‍ഷത്തിനിടെ പരുക്കേറ്റ ആര്‍ജെഡി എംഎല്‍എ സതീഷ് കുമാറിനെ ആശുപത്രിയിലേക്കു മാറ്റി. പൊലീസും പ്രദേശിക ഗുണ്ടകളും ചേര്‍ന്ന് തന്നെ ആക്രമിച്ചെന്ന് അദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha

























