കന്യാസ്ത്രീകളെ ആക്രമിച്ചസംഭവം പ്രതിഷേധാര്‍ഹം; സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

ട്രെയിന്‍ യാത്രക്കിടയില്‍ ഉത്തര്‍പ്രദേശിലെ ത്സാന്‍സിയില്‍ വച്ച് കന്യാസ്ത്രീകളെ ആക്രമിക്കുകയും അവരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവം അങ്ങേയറ്റം നിന്ദ്യവും, പ്രതിഷേധാര്‍ഹവുമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഈ സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. അക്രമത്തിന് ഇരയായവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനു പകരം കന്യാസ്ത്രീകളെ ബലമായി ട്രെയിനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോവുകയും അവര്‍ക്കെതിരെ കേസെടുക്കാന്‍ ശ്രമിക്കുകയും ചെയ്ത പോലീസ് നടപടി ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ഭരണത്തിന്‍ കീഴില്‍ മതനിരപേക്ഷത എത്രമാത്രം അപകടത്തിലായിരിക്കുന്നു എന്നതിന് ഉദാഹരണമാണ് ഈ സംഭവം. കന്യാസ്ത്രീകള്‍ ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ ഒഡീഷയിലേക്ക് പോകുമ്ബോള്‍ ഉത്തര്‍പ്രദേശ് വഴി യാത്ര ചെയ്തു എന്നേയുള്ളു. കൂടെയുണ്ടായിരുന്നതും വിദ്യാര്‍ത്ഥിനികളായ കന്യാസ്ത്രീകളായിരുന്നു. എന്നിട്ടും ഉത്തര്‍പ്രദേശിലെ നിയമമുപയോഗിച്ച് അവരെ കുടുക്കാനാണ് പൊലീസ് ശ്രമിച്ചത്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തയ്യാറാകണം. ഇതോടൊപ്പം കേന്ദ്ര സര്‍ക്കാരും വിഷയത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. ഈ രാജ്യത്ത് സ്വതന്ത്രമായും മനുഷ്യാന്തസ്സോടു കൂടിയും ജീവിക്കാനുള്ള അവകാശം സംരക്ഷിക്കേണ്ട ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ട്. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് പ്രധാന മന്ത്രിയ്ക്ക് കത്തയച്ചു.
https://www.facebook.com/Malayalivartha

























