ശബരിമല തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമല്ല, ശബരിമല വികാര വിഷയമാണെന്ന് സുരേഷ് ഗോപി ;ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം എൻ ഡി എ തൃശ്ശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി
ശബരിമല വൈകാരിക വിഷയമാണെന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ്ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമല്ല, ശബരിമല വികാര വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി വിധിയുടെ പേരിൽ സർക്കാർ നടത്തിയത് തോന്നിവാസമാണെന്നും സുരേഷ്ഗോപി അഭിപ്രായപ്പെട്ടു. ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനായി വടക്കുംനാഥനിൽ ദർശനം നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂർ ഞാനിങ്ങെടുക്കുകയാണെന്നായിരുന്നു സുരേഷ് ഗോപി പ്രചരണത്തിനിടെ പറഞ്ഞതെങ്കിൽ ഇക്കുറി, തൃശൂർ എടുക്കുകയല്ല ജനങ്ങൾ തൃശൂർ ഇങ്ങ് തരുമെന്നായിരുന്നു പറഞ്ഞത്. വിജയം ജനങ്ങൾ തരട്ടെയെന്നും അവകാശവാദങ്ങൾ പറയുന്നില്ലെന്നും എൻ ഡി എ സ്ഥാനാർത്ഥി വ്യക്തമാക്കി. തൃശൂരിന് ടൂറിസം സാധ്യതകൾ ഉണ്ടെന്നും ജയിച്ചാൽ അത്തരം പദ്ധതികൾ നടപ്പാക്കുമെന്നും സുരേഷ് ഗോപി എംപി വിശദീകരിച്ചു.അതെ സമയത്ത് ദേശീയ നേതാക്കളെത്തിയതോടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണരംഗവും ചൂടുപിടിച്ചു. കോൺഗ്രസിനായി രാഹുൽ ഗാന്ധി പ്രചാരണം നയിച്ചപ്പോൾ അമിത്ഷാ ആണ് ബിജെപിയുടെ പ്രചരണം നയിക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും എസ് രാമചന്ദ്രൻപിള്ളയും എംഎ ബേബിയും ഇടത് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നുണ്ട്.
പ്രചാരണത്തിനായെത്തിയ സീതാറാം യെച്ചൂരി ആലപ്പുഴ കോട്ടയം ജില്ലകളിലാകും പ്രസംഗിക്കുക. വിവിധ മണ്ഡലങ്ങളിലെ പ്രചാരണത്തിനായി പ്രകാശ് കാരാട്ട് ഇന്ന് എറണാകുളത്തെത്തും. രാവിലെ 10ന് പറവൂരിലാണ് കാരാട്ട് തുടങ്ങുക. എം എ ബേബി വൈപ്പിനിലെത്തും. മുഖ്യമന്ത്രി ഇന്ന പ്രധാനമായും കൊല്ലം ജില്ല കേന്ദ്രീകരിച്ചാകും പ്രചാരണം നയിക്കുക. കുന്നത്തൂർ, കൊല്ലം, ചാത്തന്നൂർ മേഖലകളിലെ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളിൽ പങ്കെടുക്കുന്ന പിണറായി മാധ്യമങ്ങളെയും കാണും.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമായും തൃശൂർ കേന്ദ്രീകരിച്ചാണ് ഇന്ന് പ്രചാരണം നയിക്കുക. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പരാതിയുമായി മുന്നോട്ടുപോകുന്ന ചെന്നിത്തല കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്. അദ്ദേഹം ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുമെന്നറിയിച്ചിട്ടുണ്ട്. തൃശൂരിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി ചികിത്സയും വിശ്രമവും കഴിഞ്ഞ് പ്രചാരണ രംഗത്തെത്തി. രാവിലെ വടക്കുംനാഥക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് പ്രചാരണം തുടങ്ങിയത്. വൈകിട്ട് 5ന് സുരേഷ് ഗോപി റോഡ് ഷോ നടത്തും.ഒപ്പം ആഴക്കടൽ മത്സ്യബന്ധനത്തിന് സംസ്ഥാനത്ത് ഒരു കരാറും ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. കെഎസ്ഐഎൻസിയും ഇഎംസിസി കമ്പനിയും തമ്മിൽ ഒപ്പിട്ടത് കപ്പലുണ്ടാക്കാനുള്ള ധാരണാപത്രത്തിലാണ്. അത് റദ്ദാക്കുകയും ചെയ്തു. ഇഎംസിസി പറയുന്നത് പോലെ ഒരു കരാർ ഇല്ല. അത്തരത്തിൽ രേഖകളില്ല, ഒന്നും ഉണ്ടായിട്ടില്ല. കരാറേ ഇല്ലാതിരിക്കെ, എവിടെയെങ്കിലും ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് മറുപടി നൽകാനില്ലെന്നും മന്ത്രി പറഞ്ഞു.
ഈ വിവരങ്ങൾ ഞങ്ങൾ നേരത്തെ പറഞ്ഞതാണെന്ന് ടിഎൻ പ്രതാപൻ എംപി പറഞ്ഞു. മുഖ്യമന്ത്രി അമേരിക്കയിൽ പോയപ്പോഴാണ് ചർച്ച നടന്നത്. മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു. കൈയ്യോടെ പ്രതിപക്ഷം പിടിച്ചില്ലായിരുന്നുവെങ്കിൽ 5000 കോടിയുടെ എംഒയു കരാർ ആകുമായിരുന്നു. ഓരോ ഫയലും പഠിച്ചിട്ടാണ് പ്രതിപക്ഷം ഇതിൽ ഇടപെട്ടത്. എംഒയുവിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ തുക കൈപ്പറ്റിയിട്ടുണ്ട്. അത് തിരികെ കൊടുത്തിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി എൽഡിഎഫ് ഉപയോഗിക്കുന്നത് ആഴക്കടൽ മത്സ്യബന്ധന അഴിമതി പണം കൂടിയുണ്ടെന്നും ടിഎൻ പ്രതാപൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി അമേരിക്കൻ പൗരന്മാരുടെ സാന്നിധ്യത്തിൽ ന്യൂയോർക്കിൽ വെച്ച് ചർച്ച നടത്തി. കേന്ദ്ര ഏജൻസി അന്വേഷിക്കണം. ആദ്യം പ്രതിയാവുക മുഖ്യമന്ത്രി തന്നെയായിരിക്കും. കണ്ണിൽ പൊടിയിടാനാണ് കെഎസ്ഐഎൻസി എംഡിക്കെതിരെ അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























