പാഠപുസ്തക അച്ചടി: റീടെന്‍ഡര്‍ നല്‍കും; അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്

പാഠപുസ്തക വിഷയത്തില്‍ തെറ്റു സമ്മതിച്ച് ഉമ്മന്‍ചാണ്ടി. പാഠപുസ്തക അച്ചടി സംബന്ധിച്ച കരാര്‍ വിവാദമായതോടെ വീണ്ടും ടെന്‍ഡര്‍ നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. അച്ചടി മണിപ്പാല്‍ ടെക്‌നോളജിസീനെ ഏല്പിക്കാനുള്ള നീക്കം മന്ത്രിസഭ ഉപേക്ഷിച്ചു. സര്‍ക്കാര്‍ പ്രസുകളില്‍ നിന്ന് അച്ചടി മാറ്റി സ്വകാര്യ പ്രസുകളെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിലേക്കു ക്ഷണിച്ച ടെന്‍ഡറില്‍ മണിപ്പാല്‍ ടെക്‌നോളജിസീനെ മാത്രം പരിഗണിച്ചത് വിവാദമായിരുന്നു. അച്ചടി റീടെന്‍ഡര്‍ ചെയ്യുന്നതോടെ പാഠപുസ്തക വിതരണം ഇനിയും വൈകുമെന്ന് ഉറപ്പായി.
പാഠപുസ്തക അച്ചടി അട്ടിമറിച്ചത് സ്വകാര്യ ലോബിക്ക് അത് കൈമാറാനാണെന്ന ആക്ഷേപം വിവിധ കോണില്‍ നിന്ന് ഉയര്‍ന്നിരുന്നു. പാഠപുസ്ത അച്ചടിക്കുള്ള ഇരുകരാറുകളും നല്‍കിയ സര്‍ക്കാര്‍ നിയന്ത്രിതസ്ഥാപനമായ സിആപ്റ്റിന്റെ ചെയര്‍മാന്‍ മന്ത്രിയാണ്. ദൈനംദിനകാര്യങ്ങള്‍ നിയന്ത്രിക്കുന്നതു വിദ്യാഭ്യാസവകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘവും. ഈ അധ്യയനവര്‍ഷത്തേക്കുള്ള പ്ലസ്‌വണ്‍, +2 പാഠപുസ്തകങ്ങളുടെ അച്ചടി ടെന്‍ഡര്‍ പോലും ക്ഷണിക്കാതെയാണു സിആപ്റ്റ്, കര്‍ണാടകയിലെ മണിപ്പാല്‍ ടെക്‌നോളജീസ് ലിമിറ്റഡിനു നല്‍കിയത്.
അംഗീകാരത്തിനായി സര്‍ക്കാരിന്റെ പര്‍ച്ചേസ് സമിതിയെ സമീപിച്ചെങ്കിലും അവര്‍ ശക്തമായി എതിര്‍ത്തു. ടെന്‍ഡര്‍ ക്ഷണിക്കാനും സ്‌റ്റോര്‍ പര്‍ച്ചേസ് മാനദണ്ഡങ്ങള്‍ പാലിക്കാനുമായിരുന്നു സമിതിയുടെ നിര്‍ദ്ദേശം. എന്നാല്‍ സിആപ്റ്റ് ഇതു പൂര്‍ണമായവഗണിച്ചു. ഇതിനെല്ലാം മന്ത്രിയുടേയും മന്ത്രിയുടെ ഓഫീസിന്റേയും പങ്ക് വ്യക്തമാണെന്നാണ് സിആപ്റ്റിന്റെ ഘടനയില്‍ നിന്ന് വ്യക്തമാകുന്നത്.
ഏപ്രില്‍ അവസാനം വിഷയം മന്ത്രിസഭായോഗത്തില്‍ അവതരിപ്പിച്ച്, കരാര്‍ മണിപ്പാല്‍ പ്രസിനുതന്നെ നല്‍കിയതും മന്ത്രിയാണ്. സര്‍ക്കാര്‍ പ്രസില്‍ അച്ചടിക്കാന്‍ കഴിയാത്ത 43 ലക്ഷം പാഠപുസ്തകങ്ങളുടെ കരാറും ക്രമവിരുദ്ധമായി അവര്‍ക്കു കൈമാറി. ടെന്‍ഡറില്‍ പങ്കെടുത്ത മറ്റു രണ്ടു സ്വകാര്യ അച്ചടിശാലകളെ അയോഗ്യരാക്കിയാണു കരാര്‍ നല്‍കിയത്. ടെന്‍ഡറില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെ സോളാര്‍ പ്രസ് നിരതദ്രവ്യം അടച്ചെങ്കിലും പണം ലഭിച്ചില്ലെന്നു പറഞ്ഞാണ് അയോഗ്യരാക്കിയത്. ടെന്‍ഡര്‍ തുറക്കുന്നതിനു മുമ്പുതന്നെ സോളാര്‍ പണമടച്ചതിനു രേഖകളുണ്ട്. എന്നാല്‍ സിആപ്റ്റ് ഏകപക്ഷീയമായി മണിപ്പാല്‍ പ്രസിനു കരാര്‍ നല്‍കുകയായിരുന്നു.
അതിനിടെ, പാഠപുസ്തക അച്ചടി വിവാദത്തില്‍ പ്രാഥമിക അന്വേഷണത്തിന് ലോകായുക്ത ഉത്തരവിട്ടു. എ.ഡി.ജി.പി ബി.സന്ധ്യയ്ക്കാണ് അന്വേഷണ ചുമതല. ഓഗസ്റ്റ് പന്ത്രണ്ടിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ലോകായുക്ത നിര്‍ദേശിച്ചു. മന്ത്രി പി.കെ അബ്ദുള്‍ റബ്ബ്, കെ.പി മോഹനന്‍ എന്നിവര്‍ക്ക് എതിരായ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
കരിപ്പൂരില്‍ വെടിയേറ്റു മരിച്ച സി.ഐ.എസ്.എഫ് ജവാന്റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും തൃശൂരില്‍ കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസിടിച്ച് മരിച്ച രണ്ട് അന്ധ യാത്രക്കാരുടെ കുടുംബങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപ വീതവും ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ 27 കോടി രൂപ അനുവദിക്കാനും തീരുമാനമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























