വര്‍ണപ്പായ്ക്കറ്റില്‍ \'മരണസുഗന്ധം\' വമിപ്പിച്ച് സിഗരറ്റ് മാഫിയ

സിഗരറ്റ് വലിച്ചൊരാളെ അല്ലെങ്കില്‍ വലിച്ചു കൊണ്ടിരിക്കുന്നത് എപ്പോഴും തിരിച്ചറിയുന്നത് അതിന്റെ ഗന്ധം മൂലമാണ്. എന്നാല്‍ അതിന് പരിഹാരം കണ്ടാണ് പുതിയ സിഗരറ്റിന്റെ അരങ്ങേറ്റം. പുത്തന്‍ സിഗരറ്റിന്റെ ഗന്ധം നല്‍കുക മാദക സുഗന്ധമാണ്. പ്രത്യേകം തയാറാക്കിയ സ്‌ട്രോബറി, ഗ്രീന്‍ആപ്പിള്‍, ചോക്ലേറ്റ് തുടങ്ങിയ ഫ്‌ളേവറുകളില്‍ പത്തിലേറെ സിഗരറ്റ് ബ്രാന്‍ഡുകളാണു വിപണിയിലേക്കൊഴുകുന്നത്. ചില പായ്ക്കറ്റുകള്‍ കൈയിലെടുക്കുമ്പോഴേ സുഗന്ധം പരക്കും.
ഇത്തരം ബ്രാന്‍ഡുകളുടെ കവര്‍ കളര്‍ഫുള്‍ ആണെങ്കിലും ഉള്ളിലുള്ളതു നിക്കോട്ടിനടങ്ങിയ സിഗരറ്റ് തന്നെ. വലിച്ചാല്‍ പുകവരുമെങ്കിലും പുകയിലമണം ഉണ്ടാകില്ല. വലിച്ചുകഴിഞ്ഞാലും അരമണിക്കൂറോളം സുഗന്ധം നിലനില്‍ക്കും. സാധാരണയില്‍നിന്നു വ്യത്യസ്തമായി നീണ്ടുമെലിഞ്ഞ സിഗരറ്റുകളാണിവ. നിയമപ്രകാരമുള്ള മുന്നറിയിപ്പും പായ്ക്കറ്റിലില്ല.
കനം കുറഞ്ഞതായതിനാല്‍ ഒരു പായ്ക്കറ്റില്‍ 20 സിഗറ്റുണ്ടാകും. ഒരെണ്ണം അഞ്ചുരൂപയ്ക്കും പായ്ക്കറ്റ് 100 രൂപയ്ക്കുമാണു വില്‍പന. മൊത്തവിപണിയില്‍ പായ്ക്കറ്റ് വില 40 രൂപ. ഒരു പായ്ക്കറ്റ് വിറ്റാല്‍ കടക്കാരനു ലാഭം 60 രൂപ. വിദ്യാര്‍ഥികളെത്തന്നെ ഏജന്റുമാരാക്കി സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു വിവിധയിടങ്ങളില്‍ ഇടനിലക്കാരുണ്ട്. ഇത്തരം സിഗരറ്റ് വിറ്റ എടക്കര പാലത്തിങ്ങല്‍ ചെറുതൊടിക അബ്ദുള്‍ നാസറി(37)നെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എടക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം ഇയാള്‍ നടത്തുന്ന സ്‌റ്റേഷനറി കടയിലായിരുന്നു വില്‍പന. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഈയിനം സിഗരറ്റുകള്‍ എത്തുന്നുണ്ട്. കുന്നംകുളം കേന്ദ്രീകരിച്ചാണ് ഇവയുടെ വിതരണമെന്നു സംശയിക്കുന്നതായി എടക്കര പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം പാലക്കാട് ചിറ്റൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി സ്‌കൂളിനു സമീപമുള്ള കടയില്‍നിന്നു മസാല്‍ സോഡയെന്ന പേരിലുള്ള ലഹരിപാനീയം കഴിച്ച് അബോധാവസ്ഥയിലായിരുന്നു. ഒരു രൂപയ്ക്കു ലഭിക്കുന്ന പായ്ക്കറ്റ് പൊടി വെള്ളത്തിലോ സോഡയിലോ കലക്കിയാണു കുടിക്കുന്നത്.
ഒരുതവണ ഉപയോഗിച്ചാല്‍ വീണ്ടും ഉപയോഗിക്കാന്‍ പ്രേരണയുണ്ടാകും. തമിഴ്‌നാട്ടില്‍നിന്നെത്തിക്കുന്ന പൊതിക്കഞ്ചാവും വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപകം. മാഫിയയുടെ വലയില്‍പെടുന്ന ചില വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗത്തിനൊപ്പം വരുമാനമാര്‍ഗമായി കഞ്ചാവ് വില്‍പനയും നടത്തുന്നു. കഞ്ചാവ് പിടികൂടിയാല്‍തന്നെ മൂന്നോ നാലോ കൈകള്‍ മാറിവരുന്നതിനാല്‍ യഥാര്‍ഥ ഉറവിടം കണ്ടെത്താന്‍ പോലീസിനു കഴിയാറില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























