കോന്നിയെ ഇളക്കി മറിച്ച് രാഹുലിന്റെ വമ്പൻ റോഡ് ഷോ... റോഡ് ഷോയ്ക്ക് വാഹനം വിട്ടു നൽകിയത് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് എൻ. എം. രാജുവാണ്...

സീറ്റുറപ്പിക്കാൻ പെടാപ്പാട് പെടുകയാണ് കോൺഗ്രസ് നേതാക്കൾ. ഈ നേരത്താണ് ദേശീയ നേതാവായ രാഹുൽ ഗാന്ധിയെ ഇറക്കിയുള്ള പ്രചരണത്തിന് തുടക്കമിട്ട് സംസ്ഥാന നേതൃത്വം. സിപിഎമ്മിനായാലും കോൺഗ്രസിനായാലും ഒറ്റ ശത്രുവേ പ്രധാനമായും ഉള്ളൂ.
അത് ബിജെപി ആണ്. ഇനിയിപ്പോ എന്തൊക്കെ തന്നെ സംഭവിച്ചാലും താമര ഈ നാട്ടിൽ വേരോടിക്കില്ല എന്ന വാശിയിലാണ് ഇരു മുന്നണികളും. ഈ നേരത്താണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യുഡിഎഫ് സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം പത്തനംതിട്ട ജില്ലയിൽ റോഡ് ഷോ നടത്തിയത്.
അതിൽ ഏറെ ശ്രദ്ധേയമായ കാര്യമായി ചൂണ്ടിക്കാട്ടാനുള്ളത് റോഡ് ഷോയ്ക്ക് വാഹനം വിട്ടു നൽകിയത് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് എൻ.എം. രാജുവാണ്. എതിർ മുന്നണിക്കു വാഹനം വിട്ടു നൽകിയതിൽ രാഷ്ട്രീയമില്ലെന്നും കമ്പനിയുടെ ഡീലർ എന്ന നിലയിൽ വാഹനം നൽകിയതാണെന്നും ഇതിനോടകം തന്നെ കോൺഗ്രസ് നേതാക്കൾ അറിയിച്ചുിട്ടുമുണ്ട്. ഇലക്ഷൻ കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ സമയത്ത് മറ്റൊരു വിവാദത്തിൽ കൊണ്ട് തല വയ്ക്കാൻ ഒട്ടും തന്നെ താൽപര്യമില്ലത്തതിനാലാവും കോൺഗ്രസ് തന്നെ നിലപാട് നേരിട്ട് വ്യക്തമാക്കിയത്.
രാഹുൽ ഗാന്ധിക്ക് സഞ്ചരിക്കാൻ മറ്റൊരു വാഹനമാണ് ഒരുക്കിയിരുന്നത്. ഇതിന്റെ സൺ റൂഫ് മാറ്റിയാൽ ഒരാൾക്ക് മാത്രമേ മുകളിൽ ഇരിക്കാൻ കഴിയു. സ്ഥാനാർഥിയെ ഒപ്പമിരുത്തേണ്ടതിനാൽ അത് ഉപയോഗിക്കാൻ കഴിയില്ലെന്നു രാഹുലിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും യാത്ര ഏകോപിപ്പിക്കുന്ന എഐസിസി സംഘവും അറിയിച്ചത്.
കഴിഞ്ഞ ദിവസം പാലക്കാട്ട് നടന്ന റോഡ് ഷോയിൽ രാഹുൽ ഉപയോഗിച്ച വാഹനം ലഭിക്കുമോ എന്ന അന്വേഷണമാണ് എൻ. എം. രാജുവിലെത്തിയത്. ആവശ്യമറിയിച്ചപ്പോൾ അദ്ദേഹം വാഹനം വിട്ടു നൽകുകയാണ് ഉണ്ടായത്.
പാതി മയക്കത്തിലായിരുന്ന യുഡിഎഫിന് പുത്തനുണർവേകിയാണ് പത്തനംതിട്ടയിൽ രാഹുൽ ഗാന്ധി റോഡ് ഷോ നടത്തിയത്. കോന്നിയിലും റാന്നിയിലും പത്തനംതിട്ടയിലും രാഹുൽ ഗാന്ധിയെ കാത്തു നിന്നത് ജനസാഗരമാണ്. പ്രവർത്തകരിൽ ആത്മവിശ്വാസവും ഊർജ്ജവും നിറച്ചാണ് പത്തനംതിട്ടയിലെ പ്രചാരണം രാഹുൽ ഗാന്ധി അവസാനിപ്പിച്ചത്.
രാവിലെ പ്രമാടത്ത് ഹെലികോപ്റ്റർ ഇറങ്ങിയ ശേഷം രാഹുൽ ഗാന്ധി കോന്നിയിലേക്കെത്തുകയായിരുന്നു. റോഡിന് ഇരുവശവും, ചെറുകവലകളിലും അഭിവാദ്യമറിയിച്ച് ജനം നിറഞ്ഞു നിന്നിരുന്നു. പ്രവർത്തകരാൽ നിറഞ്ഞ കോന്നി നഗരത്തിൽ പൊതുയോഗം സംഘടിപ്പിച്ചു. കോന്നിയിൽ നിന്ന് റോഡ് ഷോ പത്തനംതിട്ടയിലേക്കാണ് പിന്നീട് നീങ്ങിയത്.
റാന്നിയിലേക്കുള്ള യാത്രയിലും റോഡരികിൽ കാത്തു നിന്നവർക്കിടയിലേയ്ക്ക് രാഹുലെത്തി നേതാക്കൾക്കായി വോട്ടഭ്യർഥിച്ചു. കുട്ടികൾക്കൊപ്പം അൽപനേരം ചെലവഴിക്കുകയും ചെയ്തു. അക്രമമല്ല, സാഹോദര്യവും സൗഹാർദവുമാണ് തങ്ങളുടെ മാർഗമെന്ന് രാഹുൽ പറഞ്ഞു. കേരളത്തിൽ സാധാരണക്കാരന് ജോലി കിട്ടാത്ത സാഹചര്യമാണുള്ളതെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.
ശേഷം, ജില്ലയിൽ മൂന്ന് മണ്ഡലങ്ങളിലെ പര്യടനം കഴിഞ്ഞ് രാഹുൽ അടുത്ത ജില്ലയിലേക്കു കടക്കുകയാണ് ഉണ്ടായത്. പത്തനംതിട്ടയിലെ രാഹുലിന്റെ സന്ദർശനത്തോടെ ആവേശത്തിൽ നിറഞ്ഞ് നിൽക്കുകയാണ് പ്രവർത്തകരും സംസ്ഥാന നേതാക്കളും. കോന്നി സ്വന്തമാക്കാൻ കഴിയും എന്ന തികഞ്ഞ ആത്മവിശ്വാസത്തിൽ വരും ദിവസങ്ങളിൽ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് അവർ.
https://www.facebook.com/Malayalivartha


























