പിണറായിയെ വെള്ളത്തിലാക്കിയത് വാട്ട്‌സ് ആപ്പ്! ഇടതുമുന്നണിക്ക് തുടര്‍ ഭരണം കിട്ടിയാല്‍ ഉദ്യോഗസ്ഥര്‍ക്കിടയിലെ വാട്ട്‌സ് ആപ്പ് ചാറ്റുകള്‍ നിരോധിക്കും

ഇടതുമുന്നണിക്ക് തുടര്‍ ഭരണം കിട്ടിയാല്‍ ഉദ്യോഗസ്ഥര്‍ക്കിടയിലെ വാട്ട്‌സ് ആപ്പ് ചാറ്റുകള്‍ നിരോധിക്കും. ഉന്നത ഉദ്യോഗസ്ഥര്‍ വാട്ട്‌സ് ആപ്പ് ചാറ്റുകളിലൂടെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന പശ്ചാത്തലത്തിലാണ് നടപടി എന്നറിയുന്നു.
ഏറ്റവുമവസാനം കെഎസ്‌ഐഡിസി എംഡി എന്‍.പ്രശാന്ത് ഐഎ എസിന്റെ വാട്ട്‌സ് ആപ്പ് ചാറ്റാണ് വിവാദമായത്. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി.
കൊച്ചിയിലെ എല്‍ഡിഎഫ് പൊതുയോഗത്തിലാണ് പ്രശാന്തിനെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമര്‍ശിച്ചത്. വാട്‌സാപ്പ് യൂണിവേഴ്‌സിറ്റിയില്‍ നിന്നല്ല ഐഎഎസുകാര്‍ പഠിക്കേണ്ടതെന്നും ആളുകളെ പറ്റിക്കാനല്ല വാട്‌സാപ്പില്‍ മെസേജുകള്‍ അയക്കേണ്ടതെന്നും, വാട്‌സാപ്പില്‍ എല്ലാവര്‍ക്കും മെസേജ് അയച്ച് തെളിവുണ്ടാക്കാന്‍ ശ്രമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരില്‍ കടലാസുകള്‍ നീങ്ങുക ഫയലുകളായിട്ടാണ്. ആ ഫയല്‍ ഒരാളുടെ അടുത്തും ഈ പറയുന്ന കോര്‍പ്പറേഷന്‍ അയച്ചിട്ടില്ല. ബന്ധപ്പെട്ട മന്ത്രിയോ സെക്രട്ടറിയോ ആരും ഒന്നു അറിയില്ല. വ്യക്തമായൊരു ഗൂഢലക്ഷ്യം ഇതിലുണ്ട്. അതിന്റെ ഭാഗമായി ഒരുപാട് വാട്‌സാപ്പ് മെസേജുകള്‍ അയക്കുകയാണ് ചെയ്തത്.
ആളുകളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഈ മെസേജുകള്‍. ഇങ്ങനെ മെസേജ് കിട്ടിയാല്‍ ചിലര്‍ ഒക്കെ എന്നു മെസേജ് അയക്കും. അതിനര്‍ത്ഥം മെസേജ് അംഗീകരിച്ചു എന്നല്ല മെസേജ് കണ്ടു എന്നു മാത്രമാണ്. ആ രീതിയില്‍ ചില പ്രതികരണം മാത്രമാണ് ഇക്കാര്യത്തില്‍ ഉണ്ടായത്
. ഇയാള്‍ എല്ലാരേയും അറിയിച്ചു എന്നു തെളിവുണ്ടാക്കാന്‍ വേണ്ടി ഇത്തരം മെസേജുകള്‍ അയച്ചതാണെന്ന് അദ്ദേഹം തന്നെ പുറത്തു പറയുകയാണ്. എത്ര വലിയ ഗൂഢാലോചനയാണ് അരങ്ങേറിയതെന്ന് നോക്കൂ - പ്രശാന്തിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ആഴക്കടല്‍ മത്സ്യബന്ധനക്കരാറുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയിരുന്നുവെന്നും ഇതേക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് അറിവുണ്ടായിരുന്നുവെന്നും വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ ഒപ്പിട്ട കെഎസ്‌ഐഡിസി എംഡി എന്‍.പ്രശാന്തിനെ പൊതുവേദിയില്‍ മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിക്കുന്നത്.
വിവാദങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവും മുഖ്യമന്ത്രി ഉയര്‍ത്തുന്നു. എന്നാല്‍ പ്രശാന്തിനെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാവാത്തതാണ് അത്ഭുതകരം. പ്രശാന്ത് മുഖ്യമന്ത്രിക്കെതിരെ ഒരക്ഷരം പോലും പറഞ്ഞിട്ടുമില്ല.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതലയുടെ പ്രൈവറ്റ് സെക്രട്ടറി എന്നാണ് പ്രശാന്തിനെ ദേശാഭിമാനി വിശേഷിപ്പിക്കുന്നത് ഗൂഢാലോചന നടത്തിയത് പ്രശാന്താണെന്നും ദേശാഭിമാനി പറയുന്നു. ധാരണാപത്രം ഒപ്പിടുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കുമെന്ന വാര്‍ത്ത പുറത്തു വിട്ടത് പ്രശാന്താണെന്നാണ് ദേശാഭിമാനി പറയുന്നത്. ചെയര്‍മാന്‍ ടോം ജോസിനെ ദേശാഭിമാനി പ്രകീര്‍ത്തിക്കുകയും ചെയ്തു. ടോം ജാസ് പിക്ചറിലില്ല എന്നതാണ് സത്യം.
ടോം ജോസ് കേരളത്തിന്റെ ചീഫ് സെക്രട്ടറിയായിരുന്നു. പ്രശാന്താകട്ടെ ഒരു ജൂനിയര്‍ ഐ. എ. എസ്. ഉദ്യോഗസ്ഥനും. ടോം ജോസിനോടാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. മുഖ്യ മന്ത്രി പ്രശാന്തുമായി സംസാരിക്കുന്ന പതിവില്ല. ജൂനിയര്‍ ഓഫീസര്‍മാരുമായി സംസാരിക്കുന്ന പതിവ് അദ്ദേഹത്തിന് പണ്ടേയില്ല.
പ്രശാന്തിന് മുമ്പ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ വാട്ട്‌സ് ആപ്പ് പുറത്തായിരുന്നു. ശിവശങ്കറിന്റെ ജീവിതം തുലച്ചതും വാട്ട്‌സ് ആപ്പ് ചാറ്റുകളാണ്. സര്‍ക്കാര്‍ ഉദ്യോസ്ഥര്‍ കൂടുതലായി ആശ്രയിക്കുന്നത് വാട്ട്‌സ് ആപ്പിനെയാണ്. ഇതില്‍ ഐ.എ എസുകാര്‍ തമ്മിലാണ് വാട്ട്‌സ് ആപ്പ് ചാറ്റ് കൂടുതല്‍ നടത്തുന്നത്. ഐ. എ എസുകാര്‍ തമ്മിലുള്ള വാട്ട്‌സ് ആപ്പ് ചാറ്റുകള്‍ നിരീക്ഷിക്കാന്‍ വരെ സര്‍ക്കാര്‍ ഒരിക്കല്‍ ആലോചിച്ചതാണ്.
ഐ. എഎസുകാര്യം മന്ത്രിമാരുടെ സ്റ്റാഫും തമ്മിലും ചാറ്റുകള്‍ നടക്കുന്നുണ്ട്. ഇതെല്ലാം തെളിവായി പിന്നീട് ഉപയോഗിക്കും.മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ ആരോപണ വിധേയരായത് ഇത്തരം ചാറ്റുകള്‍ കാരണമാണ്. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ തിരികെയെത്തിയാല്‍ മന്ത്രിമാരുടെ ഉദ്യോഗസ്ഥരുടെ ചാറ്റുകളായിരിക്കും ആദ്യം നിരോധിക്കുക. ചില ഉദ്യോഗസ്ഥര്‍ മന്ത്രിമാരുമായി ചാറ്റ് ചെയ്യാറുണ്ട്. ഇതും നിരോധിക്കും.പിണറായിക്ക് ഒരവസരം കൂടി കിട്ടിയാല്‍ അദ്ദേഹം കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇങ്ങനെ സര്‍ക്കാരിനോട് അടുക്കാന്‍ പറ്റാതെ പിന്തള്ളപ്പെട്ട അവതാരങ്ങള്‍ ദല്ലാളിന്റെ സഹായത്തോടെ ഗൂഢാലോചന നടത്തി. ഈ ഗൂഢാലോചനയുടെ ഭാഗമാണ് ആഴക്കടല്‍ മത്സ്യ ബന്ധന വിവാദം. നിലപാടുകള്‍ ആണ് പ്രധാനം താത്കാലിക ലാഭത്തിനു വേണ്ടി ഞഞ്ഞാ പിഞ്ഞാ പറയുക എല്‍ ഡി എഫ് നയമല്ല. കോട്ട് വാങ്ങിയിട്ട് കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ എന്ന പേരില്‍ ചിലര്‍ വിദേശത്ത് നിന്നും വരാറുണ്ട്. അത്തരത്തില്‍ ഒരു കമ്പനി ആണ് ആഴക്കടല്‍ കരാറിനായി വന്നത്. ഈ ഗൂഢാലോചയില്‍ പ്രതിപക്ഷ നേതാവിന്റെ ചില ആളുകള്‍ പങ്കെടുത്തു. ഇപ്പോള്‍ ഉള്ളവരും മുന്‍പ് ഉണ്ടായിരുന്നവരും അതിലുണ്ട്.
ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുവാന്‍ വലിയ വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കിയത് രാജ്യത്തെ കോണ്‍ഗ്രസ് സര്‍ക്കാരാണെന്നും കോണ്‍ഗ്രസും ബിജെപിയും ഇത്തരം കാര്യങ്ങളില്‍ ഒരേ നയമാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കാനും ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കാനുമുള്ള നയമാണിത്.
വിദേശ ട്രോളര്‍ അനുവദിക്കില്ല എന്ന നയമാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. ഇനിയുള്ള സര്‍ക്കാരിന്റ് കാലത്ത് മത്സ്യ തൊഴിലാളികളെ പ്രത്യേക സേന വിഭാഗം ആയി അണി നിരത്തും. അതിനാവശ്യമായ പരിശീലനം അവര്‍ക്ക് നല്‍കും. പ്രത്യേക സന്ദര്‍ഭങ്ങളില്‍ അവരെ രക്ഷ പ്രവര്‍ത്തനത്തിന് ഉപയോഗിക്കും എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു - മുഖ്യമന്ത്രി പറഞ്ഞു.
ഏതായാലും സര്‍ക്കാര്‍ വലിയ പ്രതിസന്ധിയിലാണ്. അതുണ്ടാക്കിയത് വാട്ട്‌സ് ആപ്പ് ആണെന്നതാണ് രസകരം.
https://www.facebook.com/Malayalivartha


























