അരിയും കിറ്റും പൊളിയണേ എന്ന് പിണറായി പ്രാര്‍ത്ഥിക്കുന്നതെന്തിന്?

സപെഷ്യല്‍ അരി വിതരണവും വിഷുകിറ്റും തെരഞ്ഞടുപ്പ് കമ്മീഷന്‍ തടയണമെന്ന് ഇടതുപക്ഷം ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്?
എങ്ങനെയെങ്കിലും അരിവിതരണം തടയണമേ എന്നാണ് കേരള സര്‍ക്കാര്‍ പ്രാര്‍ത്ഥിക്കുന്നത് . അത് രമേശ് ചെന്നിത്തലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണെങ്കില്‍ രക്ഷപ്പെട്ടു എന്നാണ് ഇടതു സര്‍ക്കാര്‍ കരുതുന്നത്.
അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഇപ്പോള്‍ കോണ്‍ഗ്രസിന് പോള്‍ ചെയ്യാതിരിക്കുന്ന വോട്ടുകളില്‍ ഒരു നല്ല ശതമാനം ചുവന്ന പെട്ടിയിലേക്ക് വരുമെന്നാണ് സി പി എം കരുതുന്നത്.
അതു കൊണ്ടു കൂടിയാണ് വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്കുള്ള സ്‌പെഷ്യല്‍ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ നിയമപരമായി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നീങ്ങുന്നത് . മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് 10 കിലോഗ്രാം അരി 15 രൂപ നിരക്കില്‍ നല്‍കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞതിനെതിരെ കോടതിയെ സമീപിച്ച് നിയമനടപടിയെടുക്കാനാണ് ഭക്ഷ്യ വകുപ്പിന്റെ നീക്കം. വെള്ള, നീല കാര്‍ഡുടമകള്‍ക്കുള്ള 15 കിലോ അരി വിതരണമാണ് കമ്മീഷന്‍ ഇടപെട്ട് തടഞ്ഞത്.
അതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ വിഷുകിറ്റ് വിതരണം ഏപ്രില്‍ ഒന്നിലേക്ക് മാറ്റി. നേരത്തെ മാര്‍ച്ച് അവസാന വാരം നടത്താനിരുന്ന അരി വിതരണമാണ് ഏപ്രിലിലേക്ക് മാറ്റിയത്. സര്‍ക്കാരിന്റെ അരിവിതരണത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയില്‍ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു.
എന്നിരുന്നാലും തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അരി വിതരണം നടത്തുമെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍. കോടതിയില്‍ കേസ് ഫയല്‍ ചെയ്താല്‍ തെരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തില്‍ അരി -കിറ്റ് വിതരണം ചോദ്യം ചെയ്യപ്പെട്ടാല്‍ ഹൈക്കോടതി അനുമതി നല്‍കാന്‍ സാധ്യതയില്ല. അനുമതി ലഭിക്കാതിരിക്കണം എന്നു തന്നെയാണ് സി പി എമ്മിന്റെ ആഗ്രഹം. എല്ലാം വോട്ടാണ് എന്നതാണല്ലോ ഇന്നത്തെ രീതി.
തെരഞ്ഞെടുപ്പില്‍ അന്നംമുടക്കി ആരോപണം സര്‍ക്കാരും പ്രതിപക്ഷവും ശക്തമാക്കി. സര്‍ക്കാരിന്റെ അരിവിതരണത്തില്‍ ചെന്നിത്തല നല്‍കിയ പരാതി ഉയര്‍ത്തിയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. എന്നാല്‍ സെപ്റ്റംബര്‍ മുതല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ട അരി ഏഴ് മാസം തടഞ്ഞ് അന്നം മുടക്കിയത് സര്‍ക്കാരെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. അരിവിതരണം ഇല്ലാതാക്കിയത് ചെന്നിത്തലയാണെന്ന വ്യാപക പ്രചാരണം സി പി എം നല്‍കുന്നുണ്ട്.
മേയിലെ ക്ഷേമ പെന്‍ഷന്‍ ഏപ്രിലില്‍ നല്‍കാനുള്ള തീരുമാനത്തിനു പിന്നിലും സി പി എമ്മിന് വ്യക്തമായ ലക്ഷ്യമുണ്ട്. ആത്മാര്‍ത്ഥതയോടുള്ള നീക്കമാണ് ഇതെന്ന കരുതാന്‍ വയ്യ. കാരണം മേയിലെ ക്ഷേമ പെന്‍ഷന്‍ ഏപ്രിലില്‍ നല്‍കിയാല്‍ അത് തെരഞ്ഞടുപ്പില്‍ ജനങ്ങളെ സ്വാധീനിക്കാനാണെന്ന് എല്ലാവര്‍ക്കും മനസിലാവും. അങ്ങനെ മനസിലായാലും സാരമില്ലെന്നാണ് സി പി എം പറയുന്നത്. കാരണം ഇതിന് പിന്നിലുള്ളത് കൃത്യമായ രാഷ്ട്രീയമാണ്.
തെരഞ്ഞടുപ്പ് സമയത്ത് ഇത്തരം രാഷ്ട്രീയം പതിവാണെങ്കിലും സി പി എമ്മിന്റെ നീക്കം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുന്നത്. അതിന് പണി വരുമോ എന്ന് കാത്തിരിക്കണമെന്ന് മാത്രം. സി പി എമ്മിന്റെ അതി ബുദ്ധി ചിലപ്പോള്‍ അപകടകരമായി തീരും. വോട്ടര്‍മാര്‍ ഇത്തരം നീക്കങ്ങളെ എങ്ങനെയെടുക്കും എന്ന് റിസള്‍ട്ട് വരുമ്പോള്‍ മാത്രമേ മനസിലാക്കാന്‍ കഴിയൂ.
https://www.facebook.com/Malayalivartha


























