കേടായ സിസിടിവി ക്യാമറകൾ ശെരിയാകിയില്ല, പ്രവർത്തിക്കുന്ന ക്യാമറകളാണെന്ന് ആളുകൾ ധരിച്ചോളുമെന്ന് ഉടമ വിശ്വസിച്ചു... സ്വർണം വാങ്ങാനെന്ന വ്യാജേന എത്തിയ കള്ളൻ സുഖമായി ഒന്നര പവൻ വീതം തൂക്കമുള്ള 3 മാലകൾ അടിച്ചൊണ്ടോടി രക്ഷപ്പെട്ടു...ഉടമക്ക് നഷ്ടമായത് 1,65,600 രൂപ !

സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവാവ് മാലകൾ കവർന്ന് ഓടി രക്ഷപ്പെട്ടു. 36 ഗ്രാം തൂക്കമുള്ള 3 മാലകൾക്കും കൂടി 1,65,600 രൂപ വിലയുണ്ടെന്ന് ഉടമ അറിയിച്ചു.
കരിങ്ങന്നൂർ ഏഴാംകുറ്റി രാജാലയത്തിൽ ബാബുരാജന്റെ ഓയൂർ പടിഞ്ഞാറെ ജംക്‌ഷനിൽ പ്രവർത്തിക്കുന്ന ജ്വല്ലറിയിൽ വെള്ളി രാത്രി 7.15നായിരുന്നു സംഭവം.
7 മണിയോടെയാണു കടുംനീല നിറത്തിലുള്ള ഷർട്ടും കറുത്ത പാന്റ്സും കയ്യിൽ നീല നിറത്തിലുള്ള ഗ്ലൗസും ധരിച്ച, മെലിഞ്ഞു നീളമുള്ള 35 വയസ്സ് തോന്നുന്നയാൾ എത്തിയത്.
ഉടമ ബാബുരാജനും സെയിൽസ്മാൻ ജോബി യോഹന്നാനും കടയിലുള്ളപ്പോഴായിരുന്നു സംഭവം.
ഒന്നര പവൻ തൂക്കമുള്ള സ്വർണമാല വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടതിനാൽ ഉടമ കുറെ മാലകൾ പുറത്തെ റാക്കിൽ ഇട്ടു.
മാല പരിശോധിച്ച യുവാവ് ഇതിൽ നിന്ന് ഒന്നര പവൻ വീതം തൂക്കമുള്ള 3 മാലകൾ തിരഞ്ഞെടുത്തു. സഹോദരൻ അടുത്ത പമ്പിൽ വാഹനത്തിന് പെട്രോൾ അടിക്കാൻ പോയതാണെന്നും അയാളുടെ പക്കലാണ് പണമെന്നും ഉടനെത്തുമെന്നും പറഞ്ഞ് അവിടെ ഇരുന്നു.
കുറച്ചു സമയം കഴിഞ്ഞു പുറത്തിറങ്ങി നോക്കിയിട്ട് മടങ്ങിയെത്തി 3 മാലകളും തട്ടിയെടുത്ത് ഇറങ്ങി ഓടുകയായിരുന്നു.
സെയിൽസ്മാൻ ഇയാളുടെ പുറകെ ഓടിയെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല.
ഒരുമാസത്തിലധികമായി ജ്വല്ലറിയിലെ സിസിടിവി ക്യാമറകൾ പ്രവർത്തിക്കാത്തതിനാൽ യുവാവിനെ തിരിച്ചറിയാൻ കഴിഞ്ഞില്ല.
പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























