സിഗ്നൽ കേബിൾ മുറിച്ച സംഭവത്തിൽ 2 റെയിൽവെ ജീവനക്കാർ അറസ്റ്റിൽ...കൃത്യം നടത്തിയത് മേലുദ്യോഗസ്ഥനെ കുടുക്കാൻ...5 സ്ഥലങ്ങളിലാണു സിഗ്നൽ കേബിൾ മുറിച്ചത്... 5 വർഷം വരെ തടവു ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയിട്ടുണ്ട് !

റെയിൽവേ സിഗ്നൽ കേബിൾ മുറിച്ച സംഭവത്തിൽ അറസ്റ്റിലായ 2 റെയിൽവേ ജീവനക്കാരെ 15 ദിവസത്തേക്കു റിമാൻഡ് ചെയ്തു.
24നു രാവിലെ കല്ലായി റെയിൽവേ സ്റ്റേഷനു സമീപം 5 കിലോമീറ്റർ ദൂരത്തിൽ 5 സ്ഥലങ്ങളിലാണു സിഗ്നൽ കേബിൾ മുറിച്ചതായി കണ്ടെത്തിയത്.
മേലുദ്യോഗസ്ഥനുമായുള്ള തർക്കത്തെത്തുടർന്ന് അദ്ദേഹത്തെ കുടുക്കാൻ തലേന്നു രാത്രിയാണു കേബിൾ മുറിച്ചത്.
തിരൂരിലെ സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ വിഭാഗത്തിനു കീഴിൽ ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ടെക്നീഷ്യന്മാരാണു രണ്ടു പേരും.
വിവിധ സ്ഥലങ്ങളിലെ സിഗ്നൽ ബോക്സുകൾ തുറന്ന് അകത്തെ കേബിളുകൾ മുറിച്ചു മാറ്റുകയായിരുന്നു. സിഗ്നലുകൾ മാറിത്തെളിയുന്ന വിധം ഘടിപ്പിച്ചിരുന്നെങ്കിൽ വൻ ദുരന്തത്തിലേക്കു നയിക്കുമായിരുന്നു.
സിഗ്നലുകൾ പ്രവർത്തിക്കാത്തതു കാരണം അന്ന് ട്രെയിനുകൾ മണിക്കൂറുകളോളം വൈകി. ഇത്തരത്തിൽ വൈകുന്നതിനു മേലുദ്യോഗസ്ഥൻ ഉത്തരവാദിയാകുമെന്നായിരുന്നു പ്രതികളുടെ കണക്കുകൂട്ടൽ.
സംഭവത്തിൽ അട്ടിമറിയുണ്ടെന്നു മനസ്സിലാക്കി ആർപിഎഫ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്.
ആർപിഎഫ് അറസ്റ്റ് ചെയ്ത പ്രതികളെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയിരുന്നു. കോഴിക്കോട് കക്കോടി സ്വദേശി പ്രവീൺരാജ് (34), സുൽത്താൻ ബത്തേരി സ്വദേശി ജിനീഷ് (33) എന്നിവരാണു റിമാൻഡിലായത്. ഇരുവരെയും പിരിച്ചുവിടുന്നതടക്കമുള്ള നടപടികളുണ്ടായേക്കും.
ട്രെയിൻ അട്ടിമറി ശ്രമത്തിനുള്ള റെയിൽവേ ആക്ട് 153, ട്രെയിൻ ഗതാഗതത്തെ തടസ്സപ്പെടുത്തുന്ന രീതിയിൽ സിഗ്നൽ സംവിധാനം തകരാറിലാക്കുന്നതിനുള്ള റെയിൽവേ ആക്ട് 174 എന്നീ വകുപ്പുകളാണ് ഇവരുടെ മേൽ ചുമത്തിയിട്ടുള്ളത്. 5 വർഷം വരെ തടവു ലഭിക്കാവുന്ന വകുപ്പുകളാണിത്.
https://www.facebook.com/Malayalivartha


























