വിവാദങ്ങൾക്ക് ഒട്ടും കുറവില്ലാതെ കലങ്ങി മറിഞ്ഞ് കുണ്ടറ; ഇത്തവണ ആര് പിടിക്കും കുണ്ടറ? ആര് കരപറ്റും?

ആരു ജയിച്ചാലും ചെറിയ ഭൂരിപക്ഷം. അത്ര പ്രതീക്ഷിച്ചാല്‍ മതി എന്നതാണ് കുണ്ടറയിലെ പോരാട്ടം അവസാന ലാപ്പിലേക്ക് കടക്കുമ്പോഴത്തെ സ്ഥിതി. അനായാസം ജയിച്ചുകയറാമെന്ന പ്രതീക്ഷ ഒരു ക്യാമ്പിനുമില്ല. ഇ.എം സി.സി കരാറും കശുവണ്ടി തൊഴിലാളികളുടെ പ്രശ്‌നവും തന്നെയാണ് മുഖ്യചര്‍ച്ച. ഒരുതവണ ജയിക്കുന്നയാളെ അടുത്തതവണ തോല്‍പ്പിക്കുന്നതാണ് കുണ്ടറ മണ്ഡലത്തിന്റെ പൊതുസ്വഭാവം.
തുടര്‍ച്ചയായി രണ്ടുതവണ ജയിച്ചിട്ടുള്ളത് എ.എ. റഹീമും, എം.എ. ബേബിയുമാണ്. ആ ചരിത്രത്തിന്റെ ഭാഗമാകാനാണ് ഇത്തവണ മേഴ്സിക്കുട്ടിയമ്മ ഇറങ്ങുന്നത്. ആറാമങ്കത്തില്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ എത്തുമ്പോള്‍ മുമ്പ് മൂന്നുതവണ ജയിച്ച ആത്മവിശ്വാസവുമുണ്ട് അവര്‍ക്ക്. പക്ഷേ യുവനേതാവായ പി.സി വിഷ്ണുനാഥിന്റെ വരവോടെ പോരാട്ടം കനത്തു. യുഡിഎഫ് ക്യാമ്പ് ആവേശത്തിലായി.
കൊല്ലം താലൂക്കിലെ ഇളമ്പള്ളൂര്‍, കൊറ്റങ്കര, കുണ്ടറ, നെടുമ്പന, പേരയം, പെരിനാട്, തൃക്കോവില്‍വട്ടം പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് കുണ്ടറ നിയോജക മണ്ഡലം. എല്‍.ഡി.എഫിനൊപ്പവും യു.ഡി.എഫിനൊപ്പവും മാറി മാറി നിന്നിട്ടുള്ള മണ്ഡലമാണ് കുണ്ടറ.
ഏറെ വൈകിയാണ് കുണ്ടറയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടായത്. നാലാംതവണയാണ് പി.സി.വിഷ്ണുനാഥ് നിയമസഭാ തിരഞ്ഞെടുപ്പിനിറങ്ങുന്നത്. 2006 മുതല്‍ തുടര്‍ച്ചയായി മൂന്നുതവണയും ചെങ്ങന്നൂരില്‍ നിന്നാണ് വിഷ്ണുനാഥ് മത്സരിച്ചത്. 2006ല്‍ സജി ചെറിയാനെയും 2011ല്‍ സി.എം.സുജാതയെയും പരാജയപ്പെടുത്തിയ വിഷ്ണുനാഥ് 2016 ല്‍ മൂന്നാമങ്കത്തില്‍ കെ.കെ.രാമചന്ദ്രന്‍ നായരോട് പരാജയപ്പെട്ടു. വിഷ്ണുനാഥിന് സ്വന്തം ജില്ലയില്‍ ഇത് ആദ്യത്തെ മത്സരമാണ്.
എന്‍.ഡി.എ.ക്കുവേണ്ടി ബി.ഡി.ജെ.എസിന്റെ വനജാ വിദ്യാധരനും സജീവമായി രംഗത്തുണ്ട്. എ ക്ലാസ് മണ്ഡലത്തില്‍ മികച്ച പോരാട്ടവുമായി എന്‍ഡിഎ അട്ടിമറി മോഹത്തിലാണ്. ആഴക്കടല്‍ മത്സ്യബന്ധന കരാറിലെ ഇ.എം.സി.സി.യുടെ ഡയറക്ടര്‍ ഷിജു എം. വര്‍ഗീസും ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ പേരില്‍ ഇത്തവണ മത്സരിക്കുന്നുണ്ട്.
കശുവണ്ടി വ്യവസായമേഖലയിലെ പ്രശ്നങ്ങളാണ് തിരഞ്ഞെടുപ്പുകാലത്ത് മണ്ഡലത്തില്‍ എപ്പോഴും പ്രധാന ചര്‍ച്ചാവിഷയമാകുന്നത്. ഇത്തവണ മന്ത്രി മേഴ്സുക്കുട്ടിയമ്മക്കെതിരേ ഉയര്‍ന്നിരുന്ന ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തെ മുഖ്യപ്രചാരണ ആയുധമാക്കി മാറ്റുകയാണ് മണ്ഡലത്തില്‍ യു ഡി എഫും ബി ജെ പിയും. അതേസമയം വിവാദങ്ങളല്ല സംസ്ഥാനത്തും മണ്ഡലത്തിലും നടപ്പാക്കിയ വികസനമാണ് കാര്യമെന്ന് മേഴ്സിക്കുട്ടിയമ്മ പറയുന്നു.
കശുവണ്ടി, മത്സ്യബന്ധന മേഖലകളില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളെ തൊഴിലാളികള്‍ വിലയിരുത്തുമെന്നും അത് എല്‍ ഡി എഫിന് അനുകൂലമാകുമെന്നുമാണ് അവര്‍ പറയുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് പിണറായി സര്‍ക്കാര്‍ നല്‍കിയ പരിഗണനയിലുള്ള വിഭ്രാന്തിയാണ് യു ഡി എഫിനെന്നും ഇല്ലാത്ത കരാറിനെക്കുറിച്ച് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് യു ഡി എഫ് ഉന്നയിക്കുന്നതെന്നുമാണ് അവര്‍ പറയുന്നത്.
അതേസമയം, ഇ എം സി സിയും കശുവണ്ടി, മത്സ്യബന്ധന മേഖലകളിലെ വികസന പിന്നാക്കാവസ്ഥ ജനങ്ങളെ ഇക്കുറി മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുമൊണ് വിഷ്ണുനാഥ് പറയുന്നത്. തൊഴിലില്ലായ്മ, പി എസ് സി വിവാദവുമെല്ലാം മണ്ഡലത്തില്‍ യു ഡി എഫിന് അനുകൂല ഘടകങ്ങളാകുമെന്നാണ് പി സി വിഷ്ണുനാഥ് പറയുന്നത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ മാതൃകയിലെ വികസനമാണ് ലക്ഷ്യമെന്ന് വനജാ വിദ്യാധരന്‍ പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ 33,672 വോട്ടുമായി 'എ' ക്ലാസ് പദവിയാണ് എന്‍.ഡി.എ. മണ്ഡലത്തിന് നല്‍കിയിരിക്കുന്നത്.
ഏറെ വൈകിയുണ്ടായ സ്ഥാനാര്‍ഥി പ്രഖ്യാപനമായിരുന്നു മണ്ഡലത്തില്‍ യു ഡി എഫിന്റേതും എല്‍ ഡി എഫിന്റേതും. അതുകൊണ്ട് തന്നെ പ്രചാരണത്തില്‍ ഒരുപടി മുന്നിലാണ് മേഴ്സിക്കുട്ടിയമ്മ. ആഴക്കടല്‍ മത്സ്യബന്ധന കരാറും എല്‍ ഡി എഫിനെതിരേ ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങളുമെല്ലാം മണ്ഡലത്തിലെ പിന്തുടര്‍ച്ച എന്ന എല്‍ ഡി എഫ് സ്വപ്നത്തെ എത്തരത്തിലാകും ബാധിക്കുകയെന്ന് കണ്ടറിയേണ്ടതുണ്ട്.
https://www.facebook.com/Malayalivartha


























