നാടുമായി ബന്ധമില്ലാത്തവർ സ്ഥാനാർത്ഥികളായി വിജയിച്ച ശേഷം ഒന്നും ചെയ്യില്ലെന്ന് കെ സി റോസക്കുട്ടി; ഇങ്ങനെ പോയാൽ വയനാട്ടിൽ കോൺഗ്രസുണ്ടാകില്ല

കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥയാണ് തന്നെ പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്ന് കെ സി റോസക്കുട്ടി ടീച്ചർ. വർഗീയ ശക്തികളെ എതിർക്കുന്ന കാര്യത്തിൽ കോൺഗ്രസ് പൂർണമായും പരാജയപ്പെട്ടു. കർഷക സമരത്തിൽ കോൺഗ്രസിന്റെ അസാന്നിദ്ധ്യം പ്രകടമാണ്. എല്ലാ മേഖലയിലും കോൺഗ്രസ് വിട്ടുവീഴ്ച മനോഭാവത്തിലുളള പ്രവർത്തനമാണ് നടത്തുന്നതെന്നും റോസക്കുട്ടി ആരോപിച്ചു.
കൽപ്പറ്റ മണ്ഡലത്തിൽ വയനാട്ടുകാരനായ ഒരു സ്ഥാനാർത്ഥി ഉണ്ടാകണമെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അംഗീകരിക്കപ്പെട്ടില്ല. ഇത് ഇപ്പോൾ മാത്രം ഉണ്ടായതല്ല. നിരന്തരമായി വയനാട്ടുകാരെ അവഗണിക്കുന്ന അവസ്ഥയാണുളളത്.
വയനാട്ടുകാരുടെ നേരെ എന്ത് നിലപാട് സ്വീകരിച്ചാലും അവർ പ്രതികരിക്കില്ല എന്നൊരു ധാരണ പൊതുവെ ഉണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പടെ ഇതാണ് കണ്ടെതെന്നും റോസക്കുട്ടി പറഞ്ഞു.
വയനാടുമായി ഒരു ബന്ധവുമില്ലാത്തവരെ സ്ഥാനാർത്ഥികളാക്കി വിജയിപ്പിക്കും. അവർ വയനാടിന് വേണ്ടി ഒന്നും ചെയ്യില്ല. കേവലം പ്രതീകാത്മക സമരങ്ങളും മറ്റും നടത്തി നമ്മളെ കബളിപ്പിച്ചുകൊണ്ടിരിക്കും. ഇതിനിയും കണ്ട് നിൽക്കുന്നതിൽ അർത്ഥിമില്ലെന്ന് തോന്നിയെന്നും അതാണ് രാജിയിലേക്ക് നയിച്ചതെന്നും റോസക്കുട്ടി വ്യക്തമാക്കി.
കെ പി സി സി വൈസ് പ്രസിഡന്റ് എന്ന സ്ഥാനത്ത് ഒന്ന് പേരിന് ഇരുത്തി എന്നല്ലാതെ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്ന സാഹചര്യത്തിലൊന്നും ഒരു കൂടിയാലോചനകളും കോൺഗ്രസ് നേതൃത്വം നടത്തിയില്ല. സഹകരണ സ്ഥാപനങ്ങൾ എല്ലാം നഷ്‌ടപ്പെടുകയാണ്. ഇങ്ങനെ പോയാൽ വയനാട്ടിൽ കോൺഗ്രസുണ്ടാകില്ല. കോൺഗ്രസും ബി ജെ പിയുമായുളള ബന്ധം ബത്തേരിയിൽ ഉൾപ്പടെ പരസ്യമായത് ജനങ്ങൾ കണ്ടതാണ്.
https://www.facebook.com/Malayalivartha


























