ആ ബോംബ് ചീറ്റുമോ പൊട്ടുമോ.... അദാനിയുമായുള്ള കരാറോ.... 8,850 കോടിയില്‍ ഷോക്കടിക്കുന്നതാര്‍ക്ക്...? മുഖ്യനും ചെന്നിത്തലയും നേര്‍ക്ക് നേര്‍....

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൊണ്ടും കൊടുത്തും മുന്നേറമ്പോള്‍ എതെങ്കിലുമൊക്കെ ബോംബ് പൊട്ടുമെന്നും ഏതെങ്കിലുമൊക്കെ ചീറ്റുമെന്നും ഉറപ്പായി. വൈദ്യുതി ബോര്‍ഡില്‍ ഷോക്കടിക്കുന്നത് മുഖ്യനെ സംബന്ധിച്ച് പുതുമയല്ല. ലാവ്‌ലിനു മുന്നില്‍ ഇതൊക്കെ എന്ത് ഓലപാമ്പ്. അതുകൊണ്ട് തന്നെ ആശാന്‍ വിട്ടുകൊടുത്തില്ല. ചെന്നിത്തലയ്ക്ക് ഷോക്കടിക്കാന്‍ പാകത്തിന് ചില പ്രയോഗങ്ങള്‍. വൈദ്യുതി ബോര്‍ഡിന്റെ ശ്രമങ്ങളെ താറടിച്ചു കാണിക്കുകയാണോ പ്രതിപക്ഷം ചെയ്യേണ്ടതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ ചോദിക്കുന്നത്.
അദാനിയുടെ വൈദ്യുതിവിതരണ കരാറാണോ നേരത്തെ കരുതിവച്ച ബോംബെന്ന് ചെന്നിത്തലയോട് മുഖ്യമന്ത്രി ചോദിക്കുന്നുമുണ്ട്. അങ്ങനെയെങ്കില്‍ അത് ചീറ്റിപ്പോയി. എല്ലാ കരാറുകളും കെഎസ്ഇബി വെബ്‌സൈറ്റിലുണ്ടെന്നും പിണറായി പറഞ്ഞു. ഇരട്ടവോട്ടിലെ പ്രതിപക്ഷ നേതാവിന്റെ വിവരശേഖരണം നിയമപരമായ മാര്‍ഗങ്ങളിലൂടെയാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഇരട്ടവോട്ടിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ കേരളത്തെ അപമാനിക്കുന്നു. ഒരുവോട്ട് പോലും ഇരട്ടിക്കരുത്. ഇലക്ഷന്‍ കമ്മിഷന്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയിലെ തിരഞ്ഞെടുപ്പ് അട്ടിമറി കേരളത്തിലും ആവര്‍ത്തിക്കുമെന്ന് പറയുന്ന ബിജെപി മുന്നറിയിപ്പു ഗൗരവതരമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരം നീക്കങ്ങള്‍ക്കു സംഘപരിവാര്‍ സ്വപ്നം കാണാത്ത തിരിച്ചടി കേരളം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഒരിടത്തും ബിജെപിക്ക് ജയസാധ്യതയില്ല. ഒരു വര്‍ഗീയതയും ജനം പിന്തുണയ്ക്കില്ല.
ത്രിപുരയില്‍ കോണ്‍ഗ്രസിനെ വിഴുങ്ങിയാണ് ബിജെപി വളര്‍ന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. തിരഞ്ഞെടുപ്പിനു നാലു ദിവസം മാത്രം ശേഷിക്കേ സര്‍ക്കാരിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വൈദ്യുതി ബോര്‍ഡും അദാനി ഗ്രൂപ്പും തമ്മില്‍ വഴിവിട്ട കരാറുണ്ടെന്ന് രമേശ് ചെന്നിത്തല ഹരിപ്പാട്ട് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
അടുത്ത 25 വര്‍ഷത്തേയ്ക്ക് സംസ്ഥാനത്തെ ജനത്തിന്റെ പോക്കറ്റില്‍ നിന്ന് കയ്യിട്ട് വാരാന്‍ അദാനിക്ക് സൗകര്യമുണ്ടാക്കിക്കൊടുത്തിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. കൂട്ടായി ഇടതുപക്ഷത്തിന്റെ പുതിയ സഖ്യകക്ഷികളായ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരുമുണ്ട്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് അദാനിക്ക് കേരളത്തില്‍ ലാഭമുണ്ടാക്കുന്ന ഒരു കരാര്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
കരാര്‍ 25 വര്‍ഷത്തേയ്ക്കായതിനാല്‍ 25 വര്‍ഷവും കൂടിയ വിലയ്ക്ക് നാം വൈദ്യുതി വാങ്ങേണ്ടിവരും. ലോകത്താകമാനം ഇപ്പോള്‍ ഇത്തരം ദീര്‍ഘകാല വൈദ്യുതി കരാറുകള്‍ പ്രോത്സാഹിപ്പിക്കാറില്ല. നേരത്തെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്ക്കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രസംഗിക്കുകയും സമരം നടത്തുകയുമൊക്കെ ചെയ്തിരുന്നു. എന്നിട്ട് രഹസ്യമായി അദാനി ഗ്രൂപ്പിനെ സഹായിക്കുന്ന നിലപാടാണ് പിന്‍വാതില്‍ വഴി സ്വീകരിച്ചതെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. ഏതായാലും ആറാം തീയതിക്ക് മുന്‍പ് മറ്റ് ചില ബോംബുകള്‍ കൂടി പൊട്ടുമെന്ന് ഉറപ്പായി.
https://www.facebook.com/Malayalivartha