പാർട്ടിയിലെ ജയരാജന്മാരെ വെട്ടി നിരത്തി പിണറായി വിജയൻ... വനവാസത്തിന് കാരണം മുഖ്യനുള്ള അതൃപ്തിയെന്ന് വിവരം.. നീറി പുകഞ്ഞ് കണ്ണൂർ...

സിപിഎമ്മില്‍ നിരന്തര പൊട്ടിതെറികൾക്കാണ് കേരള രാഷ്ട്രീയ ഇക്കഴിഞ്ഞ ദിവസങ്ങൾ സാക്ഷ്യം വഹിച്ചത്. ഇപ്പോൾ സജീവ ചർച്ചയായും എന്നാൽ ഏവരേയും ഞെട്ടിച്ചതുമായ വെളിപ്പെടുത്തലാണ് ഇ.പി. ജയരാജൻ നടത്തിയത്. ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനില്ലെന്ന വ്യവസായ മന്ത്രി ഇ.പി. ജയരജന്റെ അനവസരത്തിലുള്ള പരസ്യ പ്രസ്താവന പിണറായിയോടുള്ള അതൃപ്തി കൊണ്ടൊണെന്ന് നാടെങ്ങും പരന്നു കഴിഞ്ഞു.
ഇടത് മന്ത്രിസഭയിലെ രണ്ടാമനായ ഇ.പിയുടെ തിരിച്ച് പോക്കില്‍ പാര്‍ട്ടിക്കകത്തും ആശങ്ക ജനിക്കുന്നുണ്ട്. പിണറായിയുടെയും കോടിയേരിയുടെയും വലം കൈയായി നിന്ന ജയരാജത്രയത്തില്‍ പി. ജയരാജനെ സിപിഎം സംഘടനാ ചുമതലയില്‍ നിന്ന് നേരത്തെ തന്നെ ഏറെക്കുറെ ഒഴിവാക്കിയിരുന്നു.
രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് ഇത്തവണ സീറ്റ് ലഭിക്കാന്‍ സാധ്യതയില്ലെന്ന് ഇ.പിക്ക് ഏറെക്കുറെ നേരത്തെ തന്നെ ധാരണയുണ്ടായിരുന്നുവെങ്കിലും പിണറായി വിജയനുമായുള്ള അടുത്ത ബന്ധവും കേന്ദ്രക്കമ്മറ്റിയംഗമെന്ന പരിഗണനയും തുണയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. മുഖ്യമന്ത്രി കഴിഞ്ഞാല്‍ മന്ത്രിസഭയിലെ രണ്ടാമനെന്ന അനുകൂല ഘടകവും ഇ.പിക്ക് ഉണ്ടായിരുന്നു.
എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണ് രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് ഇത്തവണ അവസരമില്ലെന്ന പൊതുമാനദണ്ഡമുണ്ടാക്കി പിണറായി സമര്‍ത്ഥമായി ഇ.പിയെ വെട്ടിയത്. കല്ല്യാശ്ശേരിയില്‍ പി.കെ. ശ്രീമതിയെ മത്സരിപ്പിക്കാനുള്ള ഇ.പിയുടെ നീക്കവും പിണറായി മുളയിലേ നുള്ളി കളഞ്ഞു. വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട ചില ഇടപാടുകളിലും ബന്ധുനിയമന വിവാദങ്ങളിലുമുള്‍പ്പടെ പിണറായിക്ക് ഇ.പി. ജയരാജനോട് അതൃപ്തിയുണ്ട്. ഈ അതൃപ്തിയാണ് സീറ്റ് നിഷേധത്തിനും ജയരാജന്റെ പരസ്യനിലപാടിനും കാരണമെന്നാണ് ലഭിക്കുന്ന സൂചന.
നേരത്തെ ജില്ലയിലെ എല്ലാ കാര്യങ്ങളും ഇ.പിയോട് ആലോചിച്ച് തീരുമാനിച്ചിരുന്ന പിണറായി ഇത്തവണ കേന്ദ്രക്കമ്മറ്റിയംഗം എം.വി. ഗോവിന്ദനെ ചുമതലപ്പെടുത്തിയാണ് തീരുമാനങ്ങളെടുത്തത്. ഭാര്യ ശ്യാമള ടീച്ചര്‍ക്ക് സീറ്റ് സംഘടിപ്പിക്കാന്‍ കൊണ്ടുപിടിച്ച് ശ്രമം നടത്തിയ എം.വി. ഗോവിന്ദന് തന്നെ സീറ്റ് നല്‍കിയ പിണറായി കണ്ണൂര്‍ ലോബിയെ ഞെട്ടിക്കുകയും ചെയ്തിരുന്നു. ഒരേ സമയം പി. ജയരാജനെയും ഇ.പി. ജയരാജനെയും സമര്‍ത്ഥമായി വെട്ടി നിരത്തുകയായിരുന്നു പിണറായി. കണ്ണൂര്‍ ലോബിയിലെ തന്റെ ശക്തരായ രണ്ട് അനുയായികളെ വെട്ടി നിരത്തിയ പിണറായിയുടെ അടുത്ത നീക്കമെന്തെന്നത് ഇതുവരെയും വ്യക്തമല്ല.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ട പി. ജയരാജന് പിന്നീട് സംഘടനാ ചുമതലയൊന്നും നല്‍കിയില്ലൈന്ന് മാത്രമല്ല നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കുകയും ചെയ്തു. പി. ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പരസ്യ പ്രതികരണമുണ്ടായപ്പോള്‍ തുടക്കത്തില്‍ തന്നെ അടിച്ചമര്‍ത്തിയെങ്കിലും കഴിഞ്ഞ ദിവസം പിണറായി മത്സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തില്‍ പി.ജെ. ആര്‍മി ബോര്‍ഡ് വെച്ചതില്‍ പാര്‍ട്ടിക്കകത്ത് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.
പി.ജെ ആര്‍മിയെ പരസ്യമായി തള്ളിപ്പറഞ്ഞെങ്കിലും പി.ജയരാജന്റെ പൂര്‍ണമായ പിന്തുണയിലാണ് പ്രവര്‍ത്തനങ്ങളെന്ന് പാര്‍ട്ടി നേതൃത്വത്തിന് വ്യക്തമായ ധാരണയുണ്ട്. പി.ജെ ആര്‍മി ഉയര്‍ത്തിവിട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുതിനിടെയാണ് ഇ.പി. കഴിഞ്ഞ ദിവസം അധികാര രാഷ്ട്രീയ വനവാസം പ്രഖ്യാപിച്ച് വാര്‍ത്താസമ്മേളനം വിളിച്ച് കൂട്ടിയത്.
ജയരാജത്രയത്തില്‍ എം.വി. ജയരാജന്‍ മാത്രമാണ് ഇപ്പോള്‍ സംഘടനയില്‍ പിണറായിയുടെ വിശ്വസ്തനായി നിലനിൽക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്തെ ഇത്തരം വെട്ടി നിരത്തലുകളും പരസ്യ നിലപാടുകളും അന്തിമ ഫലത്തെ ബാധിക്കുമെന്ന കാര്യത്തിൽ ഉറപ്പാണ്.
മത്സരിക്കുന്നത് ഓരോ ആളുടെയും വ്യക്തിപരമായ കാര്യമാണെന്നും ഇ.പിയുടെ കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനോട് പ്രതികരിച്ചത്. സിപിഎമ്മില്‍ കേട്ടുകേള്‍വിയില്ലാത്ത വിധത്തിലുള്ള ഇ.പി. ജയരാജന്റെ പരസ്യ നിലപാട് പാര്‍ട്ടി കേന്ദ്രങ്ങളില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ടെങ്കിലും വിശദീകരണം ചോദിക്കലുള്‍പ്പടെ തെരഞ്ഞെടുപ്പിന് ശേഷമേ ഉണ്ടാവുകയുള്ളൂ എന്നാണ് ലഭിക്കുന്ന സൂചന.
https://www.facebook.com/Malayalivartha