കൊച്ചി തീരത്തുനിന്ന് വീണ്ടും മനുഷ്യക്കടത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ്; ശ്രീലങ്കന്‍ സംഘം കേരളത്തിലോ?

കേരളതീരത്തുനിന്ന് ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, കാനഡ എന്നിവിടങ്ങളിലേക്ക് മനുഷ്യക്കടത്തിനു സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിനെത്തുടര്‍ന്ന് പോലീസ് അതി ജാഗ്രതയിലാണ്.
45 അംഗ ശ്രീലങ്കന്‍ സംഘം കേരള തീരത്തു നിന്ന് ഓസ്ട്രേലിയയിലേക്ക് കടക്കാനായി എത്തിയിട്ടുള്ളതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഏപ്രില്‍ ആറിന് പുറപ്പെടുമെന്നായിരുന്നു വിവരമെങ്കിലും ഇതുവരെയും ഇങ്ങനെയൊരു യാനം തീരം വിട്ടുപോയിട്ടില്ലന്നാണ് നിലവിലെ പോലീസ് നിഗമനം.
മുന്‍ എല്‍.ടി.ടി.ഇ.ക്കാരനായ ശ്രീലങ്കയിലെ മുല്ലൈത്തീവ് സ്വദേശി റോഡ്നിയുടെ നേതൃത്വത്തില്‍ സംഘം കേരള തീരത്ത് എത്തിയിട്ടുണ്ടെന്നാണ് സൂചന. ചെറായി, മുനമ്പം, പള്ളിപ്പുറം,
എടവനക്കാട് മേഖലകളിലെ റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും പരിശോധന നടത്തിയ പോലീസ് ശ്രീലങ്കക്കാരോ ശ്രീലങ്കന്‍ തമിഴ് വംശജരോ എത്തുകയാണെങ്കില്‍ അറിയിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
മുനമ്പം മനുഷ്യക്കടത്തു നടന്ന് രണ്ടുവര്‍ഷം കഴിയുമ്പോഴും എങ്ങുമെത്താതെ നിൽക്കുകയാണ് അന്വേഷണം. 2019 ജനുവരി 11, 12 തീയതികളിലായാണ് എറണാകുളം മുനമ്പത്തുനിന്ന് ദേവമാതാ എന്ന മീന്‍ പിടിത്ത ബോട്ടില്‍ 85 കുട്ടികള്‍ അടക്കം 243 പേരെ വിദേശത്തേക്ക് കടത്തിയത്.
മുനമ്പം തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ തിരിച്ചറിയല്‍ രേഖകള്‍ അടക്കമുള്ള ബാഗുകള്‍ ലഭിച്ചതോടെയാണ് മനുഷ്യക്കടത്ത് പുറത്തറിയുന്നത്. ഇടനിലക്കാര്‍ അടക്കം പത്തുപേരെ
പോലീസ് അറസ്റ്റു ചെയ്‌തെങ്കിലും വേണ്ടത്ര തെളിവുകള്‍ ശേഖരിക്കാനായില്ല. കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതായതോടെ ഇവര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു.
തമിഴ്നാട്ടില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും ഉള്ളവരായിരുന്നു ബോട്ടില്‍. ജോലി വാഗ്ദാനം ചെയ്താണ് ഏജന്റുമാര്‍ കടല്‍ കടത്തി വിട്ടത്. കേരള പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച്, തമിഴ്നാട് ക്യൂ ബ്രാഞ്ച്, ഐ.ബി., മിലിട്ടറി ഇന്റലിജന്‍സ് തുടങ്ങിയവരെല്ലാം അന്വേഷണം നടത്തിയിരുന്നു.
ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്. ഇന്‍ഡൊനീഷ്യ, മലേഷ്യ, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കടത്തിയതായാണ് സൂചന. ഇന്റര്‍പോള്‍ ബ്ല്യൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും രാജ്യം വിട്ടവര്‍ എവിടെ എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കണ്ടെത്താനായിട്ടില്ല.
https://www.facebook.com/Malayalivartha