ഡോളർ കടത്ത് കേസിൽ വീണ്ടും സ്പീക്കറുടെ ഒളിച്ചുകളി; സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇന്നും കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല; സുഖമില്ലാത്തതിനാൽ ഹാജരാകാൻ കഴിയില്ലെന്നാണ് സ്പീക്കർ കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്

ഡോളർ കടത്ത് കേസിൽ വീണ്ടും സ്പീക്കറുടെ ഒളിച്ചുകളി. കസ്റ്റംസിന് പിടികൊടുക്കാതെ സ്പീക്കർ വീണ്ടും രക്ഷപ്പെട്ടു. ഡോളർക്കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല. സുഖമില്ലാത്തതിനാൽ ഹാജരാകാൻ കഴിയില്ലെന്നാണ് സ്പീക്കർ കസ്റ്റംസിനെ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
നേരത്തെ സ്പീക്കർക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. പിന്നീട് കഴിഞ്ഞമാസം അവസാനമാണ് ഏപ്രിൽ എട്ടിന് ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് വീണ്ടും നോട്ടീസ് നൽകിയത്.
സ്പീക്കർക്കെതിരേ ശക്തമായ മൊഴികളുള്ളതിനാൽ അദ്ദേഹത്തിൽനിന്ന് വിശദീകരണം ലഭിച്ചേ മതിയാകൂ എന്നാണ് കസ്റ്റംസിന്റെ വാദം. തുടർച്ചയായി സ്പീക്കർ ചോദ്യംചെയ്യലിൽനിന്ന് ഒഴിഞ്ഞുമാറുന്നതിനാൽ കസ്റ്റംസ് ഇനി കടുത്ത നടപടികളിലേക്ക് പോകാനും സാധ്യതയുണ്ട്.
അതിനിടെ, ക്രൈംബ്രാഞ്ചിനെതിരേ ഇ.ഡി. നൽകിയ ഹർജിയിൽ ഇന്ന് ഹൈക്കോടതി വാദം കേൾക്കും. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാകും ഇ.ഡിയ്ക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരാവുക. ഹർജിയിൽ സംസ്ഥാന സർക്കാർ രണ്ട് എതിർസത്യവാങ്മൂലം സമർപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. മാർച്ചിലും സ്പീക്കർക്ക് നോട്ടീസ് അയച്ചിരുന്നു.
നേരത്തെ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന്റെ മൊഴി പുറത്ത് വന്നിരുന്നു.
ദുരുദേശ്യത്തോടെ സ്പീക്കർ തന്നെ ഫ്ലാറ്റിലേക്ക് വിളിപ്പിച്ചുവെന്നതടക്കമുള്ള ആരോപണമാണ് മൊഴിയിലുള്ളത്. ഇ.ഡി.ക്കെതിരേ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ ഹൈക്കോടതിയിൽ നൽകിയ ഹർജിയോടൊപ്പം നൽകിയ അനുബന്ധ രേഖയിലാണ് സ്പീക്കർക്കെതിരായുള്ള സ്വപ്നയുടെ മൊഴിയുള്ളത്.
ഡിസംബർ 16-ന് അട്ടക്കുളങ്ങര വനിതാ ജയിലിൽ ചോദ്യംചെയ്തപ്പോൾ ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനോട് സ്വപ്ന പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്. തന്നെ തെറ്റായ ഉദേശ്യത്തോടെ പേട്ടയിലെ 'മരുതം' ഫ്ലാറ്റിലേക്ക് ക്ഷണിച്ച സ്പീക്കർ ഫ്ലാറ്റ് താന്റെതാണെന്നും മറ്റൊരാളുടെ പേരിൽ രജിസ്റ്റർ ചെയ്തതാണെന്നും പറഞ്ഞതായും മൊഴിയിലുണ്ട്.
യു.എ.ഇ. കോൺസുലേറ്റിൽ നടന്ന ചടങ്ങിൽവെച്ചാണ് സ്പീക്കറെ പരിചയപ്പെട്ടത്. അന്ന് മൊബൈൽ നമ്പർ വാങ്ങി. അതിന് ശേഷം തുടർച്ചായി വാട്സാപ്പ് സന്ദേശവും ഫോൺ വിളിയും തുടങ്ങി.
പലതവണ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചു. ഒമാനിലെ മിഡിൽ ഈസ്റ്റ് കോളേജിൽ സ്പീക്കർക്ക് നിക്ഷേപമുള്ളതിനെക്കുറിച്ച് ശിവശങ്കർ പറഞ്ഞിരുന്നു. സ്വപനയ്ക്ക് കോളേജിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ചുമതല നൽകാമെന്ന നിർദേശം ശ്രീരാമകൃഷ്ണനും സമ്മതിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഒമാൻ സന്ദർശിച്ചു. ഇതിനുശേഷം രണ്ടുതവണ ശ്രീരാമകൃഷ്ണൻ തന്നെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. തന്റെ ഒളിസങ്കേതമാണ് ഇതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
സരിത്തിനൊപ്പമാണ് അവിടെ പോയത്. ശ്രീരാമകൃഷ്ണന്റെ വ്യക്തിതാത്പര്യത്തോട് യോജിക്കാത്തതിനാൽ വാഗ്ദാനംചെയ്ത മിഡിൽ ഈസ്റ്റ് കോളേജിലെ ജോലി നഷ്ടപ്പെട്ടു. ഇതിന് ശേഷവും ശ്രീരാമകൃഷ്ണൻ അടുപ്പം തുടരാൻ ശ്രദ്ധിച്ചു. യു.എ.ഇ.യിലെ താത്പര്യങ്ങൾക്കായി കോൺസൽ ജനറലിന്റെ പിന്തുണ ആവശ്യമായിരുന്നതിനാലാണിത്.
ഒരു ദിവസം സരിത്തിനെ കൂട്ടി പേട്ടയിലെ അപ്പാർട്ടുമെന്റിലേക്ക് വരാൻ സ്പീക്കർ ആവശ്യപ്പെട്ടു. അവിടെവെച്ച് സരിത്തിന് ഒരു ബാഗ് നൽകുകയും അതിലുള്ള പായ്ക്കറ്റ് സുരക്ഷിതമായി കോൺസൽ ജനറലിന് കൈമാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പായ്ക്കറ്റ് കൈമാറിക്കഴിഞ്ഞ ശേഷം തന്റെ ഓർമയ്ക്കായി ബാഗ് സുരക്ഷിതമായി സൂക്ഷിക്കണമെന്ന് സ്പീക്കർ സ്വപ്നയോട് പറഞ്ഞതായും മൊഴിയിലുണ്ട്. സന്ദീപിന്റെ ഉടമസ്ഥതയിലുള്ള കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി സ്പീക്കറെ ക്ഷണിച്ചപ്പോൾ വിലയേറിയ വാച്ച് നൽകിയിരുന്നതായും മൊഴിയിലുണ്ട്.
https://www.facebook.com/Malayalivartha