ശബരിമലയിലെ യുവതീപ്രവേശത്തിന് പിന്നിലെ കാരണമെന്ത് ? പത്മകുമാർ എന്തുപറഞ്ഞു? AKG സെന്ററിന്റെ അസ്ഥിവാരം ഇളകി..

എ. പത്മകുമാർ എന്ത് പറഞ്ഞു?
കേരളം മാത്രമല്ല സി പി എമ്മും ഇതേ ചോദ്യം ആവർത്തിച്ചു ചോദിച്ചുകൊണ്ടേയിരിക്കുന്നു. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ ഫോണുകളെല്ലാം ഓഫാണ്. അവരുടെ വിശ്വസ്തരായ സഹപ്രവർത്തകർ വഴി അന്വേഷണം മുറുകുന്നുണ്ടെങ്കിലും ഒന്നും പറഞ്ഞില്ലെന്ന മറുപടിയാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകികൊണ്ടിരിക്കുന്നത്. എ.കെ ജി സെന്ററിൽ മാത്രമല്ല ഡൽഹിയിലെ എ.കെ ജി ഭവനിലും ആശങ്ക ബാക്കിയാവുന്നു. പത്മകുമാർ എന്തുപറഞ്ഞാലും അത് പാർട്ടിക്ക് തിരിച്ചടിയാവും. തന്നെ അന്വേഷണ സംഘത്തിന് മുന്നിൽ എറിഞ്ഞുകൊടുത്ത ആരെയും വെറുതെ വിടില്ലെന്നാണ് പത്മകുമാർ പറയുന്നത്. ഏറ്റവുമധികം ടെൻഷൻ അനുഭവിക്കുന്നത് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്.
ദേവസ്വം ബോർഡിന്റെ തീരുമാനങ്ങൾ സർക്കാരിൻ്റെ അറിവോടെയല്ലെന്നും സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡുകളും സ്വതന്ത്രമായി പ്രവർത്തിക്കുന്നവയാണെന്നും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞതിന്റെ മറുപടി പത്മകുമാർ അന്വേഷണ ഉദ്യോഗസ്ഥരോട് പറയും എന്നാണ് പത്മകുമാറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്. എന്തു സ്വാതന്ത്ര്യമാണ് ദേവസ്വം ബോർഡുകൾക്ക് ഉള്ളതെന്ന് പത്മകുമാറിനോളം അറിയുന്ന ആരുമില്ലത്രേ.ക്ഷേത്രങ്ങളിലെ പൂജാരിമാരെ നിയമിക്കുന്നതിൽ ഉൾപ്പെടെ തീരുമാനം എടുക്കുന്നത് ദേവസ്വം മന്ത്രിയാണ്. കൈക്കൂലി നൽകാതെ ഒന്നും നടക്കില്ല. ദേവസ്വത്തിലെ അടിച്ചുതളിക്കാരെ വരെ സ്ഥലം മാറ്റുന്നത് കൈക്കൂലി വാങ്ങിയാണെന്ന് എല്ലാവർക്കുമറിയാം. ക്ഷേത്രങ്ങൾ കറവപശുക്കളാണ് നമ്മുടെ രാഷ്ട്രീയക്കാർക്ക്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റിനെ കുറിച്ചും ശബരിമല വിഷയത്തെക്കുറിച്ചും പ്രതികരിക്കുകയായിരുന്നു കടകംപള്ളി സുരേന്ദ്രൻ. കടകംപള്ളി സുരേന്ദ്രന്റെ ഭരണകാലത്താണ് ശബരിമലയിലെ സ്വർണക്കൊള്ള നടന്നിരിക്കുന്നതെന്നതിനാൽ വിഷയത്തിൽ കടകംപള്ളി സുരേന്ദ്രനെതിരെയും ആരോപണങ്ങൾ ഉയരുന്നുണ്ട്.
പാർട്ടി സംസ്ഥാന സെക്രട്ടറി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയതാണെന്നും ദേവസ്വം ബോർഡുകളുടെ പ്രവർത്തനം സ്വതന്ത്രമാണെന്നും ദേവസ്വം ബോർഡിന്റെ പ്രവർത്തനത്തിന് മന്ത്രിതലത്തിൽ ഫയൽ അയയ്ക്കേണ്ട കാര്യമില്ലെന്നും ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട ഒരു ഫയലും തന്റെ ഭരണസമയത്ത് വന്നിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ദേവസ്വം ബോർഡിന്റെ തീരുമാനങ്ങൾ ബോർഡിന്റേത് മാത്രമാണെന്നും ഇളക്കാൻ പറയാനും പൂശാൻ പറയാനും ദേവസ്വം മന്ത്രിക്ക് അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ തന്റെ കാലത്ത് ബോർഡിൽ നടന്ന എല്ലാ കാര്യങ്ങളും സി പി എം സെക്രട്ടറിയും മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയുംഅറിഞ്ഞിട്ടാണെന്നാണ് കഴിഞ്ഞദിവസം പത്മകുമാർ തനിക്ക് വേണ്ടപ്പെട്ടവരോട് പറഞ്ഞത്. പാർട്ടി നൽകുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു താൻ. ഇതിൽ കൂടുതൽ തനിക്ക് ഒരു റോളും ഉണ്ടായിരുന്നില്ലെന്ന് പത്മകുമാർ പറയുമ്പോൾ അതിൽ അതിശയോക്തിയില്ല.
ദേവസ്വം ബോർഡിന്റെ തീരുമാനങ്ങൾ സർക്കാരിൻ്റെ അറിവോടെയല്ലെന്നാണ് കടകംപള്ളി ആവർത്തിക്കുന്നുണ്ട്. പ്രതിപക്ഷം ഒരുപാട് അന്യായങ്ങൾ വിളിച്ചു പറയുന്നുണ്ട്. കുറ്റമറ്റ അന്വേഷണ സംവിധാനമാണ് നടക്കുന്നത്. പ്രതിപക്ഷനേതാവ് മറുപടി പറയാത്തതിന് കോടതി മുഖേന സിവിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. താൻ അയച്ച അപകീർത്തി കേസിൽ പ്രതിപക്ഷ നേതാവ് ഇതുവരെയും മറുപടി നൽകിയിട്ടില്ല. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. എല്ലാകാര്യങ്ങളും മാധ്യമങ്ങളോട് വിളിച്ചു പറയേണ്ട ആവശ്യമില്ല. കുറ്റപത്രം സമർപ്പിക്കുന്നത് വരെ കാത്തിരിക്കണം. സർക്കാരിൻ്റെ കൈകൾ ശുദ്ധമാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എസ്ഐടി. വ്യാഴാഴ്ച രാവിലെ പത്മകുമാര്‍ എസ്ഐടിക്ക് മുന്നില്‍ ചോദ്യംചെയ്യലിനായി ഹാജരായിരുന്നു. പിന്നാലെ, വൈകുന്നേരം മൂന്നുമണിയോടെയാണ് എസ്‌ഐടി ഉദ്യോഗസ്ഥര്‍ പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തെ രഹസ്യകേന്ദ്രത്തില്‍വെച്ചായിരുന്നു ചോദ്യംചെയ്യല്‍. സി.പി.എം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗവും മുൻ എം.എൽ.എയുമാണ് പത്മകുമാർ.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നേരത്തേ അറസ്റ്റിലായവരുടെ മൊഴികളെല്ലാം പത്മകുമാറിനെതിരാണെന്നാണ് വിവരം. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒത്താശചെയ്തത് പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്‌ഐടി) വിലയിരുത്തല്‍. പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും എസ്‌ഐടിക്ക് സൂചന ലഭിച്ചിട്ടുണ്ട്.
മുരാരി ബാബു മുതല്‍ എന്‍. വാസു വരെയുള്ള പ്രതികള്‍ പത്മകുമാറിനെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. പത്മകുമാര്‍ പറഞ്ഞിട്ടാണ് സ്വര്‍ണം ചെമ്പാക്കി ഉത്തരവിറക്കിയതെന്നാണ് ഇവരുടെ മൊഴികളിലുള്ളതെന്നും സൂചനയുണ്ട്. പത്മകുമാറിന്റെ സാമ്പത്തിക സ്രോതസ്സുകളടക്കം എസ്‌ഐടി വിശദമായി അന്വേഷിച്ചുവരികയാണ്.
സ്വര്‍ണക്കൊള്ള കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാനായി എ. പത്മകുമാറിന് നേരത്തേ രണ്ടുതവണ എസ്‌ഐടി നോട്ടീസ് നല്‍കിയിരുന്നു. എന്‍. വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടീസ് നല്‍കിയത്. എന്‍. വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരിക്കെ പത്മകുമാറായിരുന്നു ബോര്‍ഡ് പ്രസിഡന്റ്.
ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍, മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എന്‍. വാസു തുടങ്ങിയവരാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇതുവരെ അറസ്റ്റിലായത്.
അതീവസുരക്ഷാ മേഖലയായ ശബരിമലയിൽ നിന്ന് എങ്ങനെയാണ് സ്വർണം കവർന്നത്? ഉന്നതരുടെ അറിവില്ലാതെ ഇത് നടക്കുമോ? പത്മകുമാർ ബോർഡ് പ്രസിഡന്റായത് ഒരു ജില്ലാ നേതാവ് എന്ന നിലയിലാണ്. ഒരു ജില്ലാ നേതാവിന് എന്തുചെയ്യാൻ കഴിയും എന്ന് നമുക്ക് മനസിലാക്കാനാവും. പാർട്ടിയുടെ തീരുമാനങ്ങൾ അനുസരിക്കുന്ന ഒരു തൊമ്മി മാത്രമായിരുന്നു പത്മകുമാർ.തീരുമാനങ്ങൾ സർക്കാർ എടുക്കും. പത്മകുമാർ നടപ്പിലാക്കും. ഇക്കാലത്താണ് യുവതീ പ്രവേശനം ഉണ്ടായത്. ഇതിനോട് പത്മകുമാറിന് വിയോജിപ്പുണ്ടായിരുന്നു. ഇപ്പോൾ ജയിലിലുള്ള വാസുവാണ് അക്കാലത്ത് ബോർഡ് ഭരിച്ചിരുന്നത് .തീരുമാനങ്ങൾ വാസു നടപ്പിലാക്കുന്ന രീതിയാണുണ്ടായിരുന്നത്. വാസു എടുക്കുന്ന തീരുമാനങ്ങൾ കടകംപള്ളിയുടേതായിരുന്നു. വാസു ജയിലിലായപ്പോൾ കടകംപള്ളി സന്ദർശിച്ചിരുന്നു.
ഒരു ആരോപണമായി തുടങ്ങിയതാണ് സ്വർണക്കൊള്ള. ഒടുവിൽ ചെന്നെത്തിയത് ക്ഷേത്ര ശ്രീകോവിലിനോട് ചേര്‍ന്ന ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണപ്പാളികള്‍ നീക്കം ചെയ്യപ്പെട്ടുവെന്ന സത്യത്തിലാണ്. അതില്‍ നിന്നും നാല് കിലോയോളം സ്വര്‍ണം നഷ്ടപ്പെട്ടതായി കണ്ടെത്തി. അന്വേഷണൾ ഓരോ ദിവസവും പിന്നിടുമ്പോൾ, കണ്ടെത്തലുകളുടെ വ്യാപ്തിയും കൂടിവരുന്നു. ദേവസ്വം ബോര്‍ഡിന്റെ തന്നെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംഘടിത കൊള്ളയാണ് നടന്നത്. കള്ളം അന്വേഷിക്കാന്‍ ഹൈക്കോടതി നേരിട്ട് ഇടപെടുന്നതോടെയാണ് വഴിത്തിരിവുണ്ടാകുന്നത്. ക്രമക്കേടുകൾ ശ്രദ്ധയിൽപെട്ടതോടെ നീതിപീഠം സ്വന്തം നിരീക്ഷണത്തിൽ പ്രത്യേക സംഘത്തേ നിയമിച്ചു. ദേവസ്വം ബോർഡിൽ നേരിട്ട് ഇടപെടാറില്ലെന്നും, തങ്ങളും കോടതിക്കൊപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത് എന്നും ഭരിക്കുന്ന സര്‍ക്കാര്‍ പറയുന്നുണ്ട്. സര്‍ക്കാരിന്റെ കൊള്ളരുതായ്മയാണ് എന്ന് പ്രതിപക്ഷവും ആരോപിക്കുന്നു.
https://www.facebook.com/Malayalivartha


























