മുഖ്യമന്ത്രിക്കെതിരെയുള്ള വെളിപ്പെടുത്തലുകള്‍ അന്വേഷിക്കാന്‍ സ്വതന്ത്ര ഏജന്‍സിയെ നിയമിക്കണമെന്ന് കോടിയേരി

സോളാര്‍ കേസിലെ പുതിയ വെളിപ്പെടുത്തല്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സോളാര്‍ കേസ് സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകള്‍ നിയമവാഴ്ചയിലെ വീഴ്ചയെയാണ് കാണിക്കുന്നതെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സോളാര്‍ കേസ് അന്വേഷണത്തില്‍ സര്‍ക്കാരിന് വീഴ്ച വന്നിട്ടുണ്ട്. കേസിലെ മുഴുവന്‍ തെളിവുകളും പുറത്ത് വന്നാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ വീഴുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇടപെടലാണ് കേസ് അട്ടിമറിക്കുന്നതിന് പിന്നിലെന്നും കോടിയേരി ആരോപിച്ചു. സര്‍ക്കാരിനെ നിലനിറുത്താന്‍ മാണിയെ വഴിവിട്ട് സഹായിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ആഭ്യന്തര വകുപ്പിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കുന്നില്ല. ഉമ്മന്‍ചാണ്ടി, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി എന്നിവരെ ആശ്രയിച്ചാണ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. മാണിയെയോ കുഞ്ഞാലിക്കുട്ടിയേയോ പിണക്കിയാല്‍ സര്‍ക്കാര്‍ വീഴുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം. അതിനാല്‍ മാണിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ശ്രമിക്കുകയാണ്. മുസ്‌ളീം ലീഗ് ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും ഉമ്മന്‍ചാണ്ടി അനുവദിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.
ബാര്‍ കോഴ കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ധനമന്ത്രി കെ.എം.മാണിക്കെതിരായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാത്തത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവദിക്കാത്ത സര്‍ക്കാരിന്റെ നിലപാട് നീതിന്യായ വ്യവസ്ഥയുടെ മേലുള്ള കടന്നുകയറ്റമാണ്. കുറ്റപത്രം നിലനില്‍ക്കുമോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. സംസ്ഥാനത്ത് ഭരണസ്തംഭനമാണ്. കരിപ്പൂര്‍ അടക്കമുള്ള സംഭവങ്ങള്‍ ഇതിന് തെളിവാണ്. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വിജയിക്കും. തിരുവനന്തപുരം ജില്ലയിലെ അവികസിത മണ്ഡലമാണ് അരുവിക്കര. സര്‍ക്കാരിന്റെ അഴിമതിക്കും അവഗണനയ്ക്കുമെതിരെ ജനങ്ങള്‍ അരുവിക്കരയില്‍ വിധി എഴുതുമെന്നും കോടിയേരി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























