കണ്ണൂരിലെ സമാധാനയോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു; പത്താംക്ലാസ് പരീക്ഷ എഴുതേണ്ട കുട്ടി പോലീസ് കസ്റ്റഡിയില്‍, പോലീസിനെതിരേ യുഡിഎഫ്

പാനൂരിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത സമാധാന യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. മന്‍സൂര്‍ വധക്കേസില്‍ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് യുഡിഎഫ് നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ചത്.
കൊലപാതകം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും നാട്ടുകാര്‍ പിടികൂടി കൈമാറിയ പ്രതിയെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും മറ്റു പ്രതികളെ പിടികൂടാത്തത് പ്രതിഷേധാര്‍ഹമാണെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.
പോലീസില്‍നിന്ന് നീതി ലഭിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ല. കൊലക്കേസിലെ പ്രതികളെ പിടികൂടാതെ സിപിഎം ഓഫീസുകള്‍ ആക്രമിച്ചെന്ന് പറഞ്ഞ് ലീഗ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിക്കുകയാണ്. പോലീസ് ജീപ്പിലിട്ടും സ്റ്റേഷനില്‍ വച്ചും ലീഗ് പ്രവര്‍ത്തകരെ മര്‍ദിച്ചു.
എസ്.എസ്.എല്‍.സി. പരീക്ഷ എഴുതേണ്ട കുട്ടിയെ പോലും പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട മന്‍സൂറിന്റെ മയ്യത്ത് നിസ്‌കാരത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഈ കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കെഞ്ചിപറഞ്ഞിട്ടും കുട്ടിയെ വിട്ടയച്ചില്ലെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.
ക്രമസമാധാനനില തകരാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളുമായും യുഡിഎഫ് സഹകരിക്കുമെന്നും എന്നാല്‍ മന്‍സൂര്‍ വധക്കേസിലെ പ്രതികളെ പിടികൂടാത്ത പോലീസിനെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി, ലീഗ് നേതാവ് അബ്ദുള്‍ ഖാദര്‍ മൗലവി തുടങ്ങിയവരാണ് യോഗം ബഹിഷ്‌കരിച്ച ശേഷം യുഡിഎഫിന്റെ നിലപാട് വിശദീകരിച്ചത്.
അതേസമയം, യുഡിഎഫ് നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ചെങ്കിലും കളക്ടറേറ്റില്‍ സമാധാനയോഗം വീണ്ടും തുടങ്ങി. എല്‍ഡിഎഫ്, ബിജെപി നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ജില്ലാ കളക്ടര്‍ക്ക് പുറമേ റൂറല്‍ എസ്.പി, പോലീസ് കമ്മീഷണര്‍ എന്നിവരും യോഗത്തിലുണ്ട്.
https://www.facebook.com/Malayalivartha