മന്‍സൂര്‍ കൊലപാതകത്തില്‍ പി.ജയരാജനെ കുരുക്കുമോ? ഗൂഢാലോചന സിദ്ധാന്തം തല പൊക്കുമോ?

മന്‍സൂറിന്റെ കൊലപാതകം തന്റെയോ തന്റെ പ്രിയപ്പെട്ടവരുടെയോ തലയില്‍ കെട്ടി വയ്ക്കാനുള്ള നീക്കം സംശയിച്ച് പി. ജയരാജന്‍.
മുഖ്യമന്ത്രിയുടെ ക്യാപ്റ്റന്‍ വിളിക്കെതിരെ പ്രതികരിച്ച തന്നെ സി പി എമ്മിലെ ഒരു വിഭാഗം നേതാക്കള്‍ മന്‍സൂര്‍ കൊലപാതകത്തില്‍ കുടുക്കാന്‍ സാധ്യതയുണ്ടെന്ന് ജയരാജന്‍ കരുതുന്നു. മുമ്പ് നടന്ന കൊലപാതകങ്ങളില്‍ താന്‍ അറിഞ്ഞോ അറിയാതെയോ വാര്‍ത്തകളില്‍ ഇടം പിടിച്ചതു പോലെ ഇതിലും താന്‍ ഭാഗഭാഗാകുമെന്നാണ് കണ്ണൂരിലെ സിംഹത്തിന്റെ സംശയം.
ഒപ്പം തന്റെ മകന്റെ ഒറ്റവരി ഫെയ്‌സ് ബുക്ക് തനിക്കും മകനും വിനയാകുമെന്നും പി.ജെ കരുതുന്നു. ഇത്തരത്തിലുള്ള ചില സൂചനകള്‍ കിട്ടിയപ്പോള്‍ തന്നെ നിഷേധിച്ചു. മകനെ ശാസിച്ചു. വേലിയില്‍ കിടക്കുന്നത് എടുത്തു നെഞ്ചത്ത് വയ്ക്കരുതെന്ന് ഉപദേശിച്ചു. കാരണം കൊലപാതകം നടന്നത് കൂത്തുപറമ്പിന് സമീപമാണ്. അവിടെയാണ് ജയരാജന്റെ തട്ടകം.
കണ്ണൂരിലെ മന്‍സൂറിന്റെ മരണത്തില്‍ ദുഃഖിക്കുന്നുവെന്ന് മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജന്‍ ചാനല്‍ ചര്‍ച്ചയില്‍ പറയാനുണ്ടായ സാഹചര്യം ഇതാണ്. സിപിഎം അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കി കഴിഞ്ഞതാണെന്നും പറഞ്ഞു. കൊലപാതകത്തിലേക്ക് നയിച്ചത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമാണെന്നും ജയരാജന്‍ ന്യായീകരിച്ചു.
മന്‍സൂറിന്റെ മരണത്തില്‍ ദുഃഖിക്കുന്നു, സംഭവം ദൗര്‍ഭാഗ്യകരമാണ് എന്നാല്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ അക്രമത്തെ തുടര്‍ന്നുള്ള സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്,
സിപിഎം കൊലപാതക രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ല. അക്രമം നടത്തിക്കൊണ്ട് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നത് അംഗീകരിക്കില്ല. പാര്‍ട്ടിയുടെ നിലപാട് നേരത്തേ തന്നെ വ്യക്തമാക്കിയതാണ് - ഇതായിരുന്നു ജയരാജന്റെ വാക്കുകള്‍
സിപിഎം പ്രവര്‍ത്തകര്‍ എന്നാരോപിച്ച് ലീഗ് ചില പേരുകള്‍ നല്‍കിയിട്ടുണ്ടെന്നും അതില്‍ സംഭവസ്ഥലത്ത് എത്ര പേരുണ്ടായിരുന്നു എന്ന് അറിയണമെന്നും പറഞ്ഞ സിപിഎം നേതാവ് ഇപ്പോള്‍ അറസ്റ്റിലായ ആള്‍ ഭിന്നശേഷിക്കാരനാണെന്നും അവകാശപ്പെട്ടു.
നന്നായി നടക്കാന്‍ പോലും കഴിയാത്ത ആളാണ് അതെന്നാണ് താന്‍ മനസിലാക്കുന്നതെന്നും ജയരാജന്‍ ന്യൂസ് അവറില്‍ പറഞ്ഞു. ഈ വരികളിലാണ് ചില സൂചനകള്‍ ഒളിഞ്ഞിരിക്കുന്നത്. ഇടതു സര്‍ക്കാരിന്റെ പോലീസാണ് കേരളം ഭരിക്കുന്നത്. അതായത് ജയരാജന് വേണ്ടപ്പെട്ട വരെ പ്രതിയാക്കിയാല്‍ അത് അദ്ദേഹത്തിന്റെ തന്നെ സര്‍ക്കാരിന്റെ പോലീസായിരിക്കും.
സി പി എം നേതാക്കളില്‍ ഒരു വലിയ ശതമാനം പി.ജെയുമായി സ്പീക്കിംഗ് ടേംസില്‍ പോലുമല്ല. കതിരൂര്‍ മനോജ് വധകേസില്‍ നിന്നാണ് പി.ജെയുടെ കഷ്ടകാലം തുടങ്ങിയത്.
2014 സെപ്റ്റംബര്‍ ഒന്നിനാണ് ആര്‍.എസ്.എസ്. ഭാരവാഹിയായ കതിരൂര്‍ മനോജ് കൊല്ലപ്പെടുന്നത്. 2014 ഒക്ടോബര്‍ 28-ന് അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു. 2017 ഓഗസ്റ്റ് 29-ന് സമര്‍പ്പിച്ച അനുബന്ധ റിപ്പോര്‍ട്ടിലാണ് പി. ജയരാജനെയും മറ്റും ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 99 ഓഗസ്റ്റ് 25 ന് പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട കതിരൂര്‍ മനോജ്.
കണ്ണൂര്‍ സി പി എമ്മില്‍ സജീവസാനിധ്യമായിരുന്ന പി. ജയരാജന്‍ കഴിഞ്ഞ കുറെ നാളുകളായി നിശബ്ദനായിരുന്നു. എം വി ജയരാജന്‍ ജില്ലാ സെക്രട്ടറിയായതോടെയാണ് ഇത് സംഭവിച്ചത്. സംസ്ഥാന സമിതി അംഗമാണ് ജയരാജന്‍.
എന്നാല്‍ സംസ്ഥാന സമിതിക്കായി ജയരാജന്‍ തിരുവനന്തപുരത്ത് വരുന്നതും കുറഞ്ഞു. സംസ്ഥാന സമിതി അംഗം എന്ന നിലയില്‍ കണ്ണൂരില്‍ ജയരാജന്‍ സജീവമാകേണ്ടതാണ്. എന്നാല്‍ അതിലൊന്നും അദ്ദേഹം താത്പര്യം കാണിക്കുന്നില്ല. കടുത്ത കാലത്ത് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ നേതാക്കളുടെ മക്കളെ കുറിച്ച് നടത്തിയ വിവാദം പരാമര്‍ശം ജയരാജന് എതിരെയുള്ള നീക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കി.
2016 ല്‍ പിണറായി വിജയനെതിരെ നടത്തിയ പ്രസംഗമാണ് ജയരാജന്റെ കണ്ണൂര്‍ ആധിപത്യത്തിന് അന്ത്യം കുറിച്ചത് . പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്‍ വരാന്തയിലാണ് മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പിനെതിരെ ജയരാജന്‍ പ്രസംഗിച്ചത്. അങ്ങനെ പിണറായിയുടെ നല്ല പുസ്തകത്തില്‍ നിന്നും ജയരാജന്‍ പുറത്തായി.
വ്യക്തി പൂജാ വിവാദത്തിന് ശേഷമാണ് പി. ജയരാജനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കിയത്. വ്യക്തി പൂജാ ജയരാജനെ കുരുക്കാനായി ചിലര്‍ സൃഷ്ടിച്ച വിവാദമായിരുന്നു എന്ന് സി പിഎം നേതാക്കള്‍ അടക്കം പറയുന്നുണ്ട്.
"
https://www.facebook.com/Malayalivartha