കേരളം ചോരക്കളമാകുന്നു... ബാലുശ്ശേരിയിൽ സംഘർഷാവസ്ഥ തുടരുന്നു... കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു, കാർ അടിച്ചു തകർത്തു... അതിക്രമങ്ങളുടെ പരമ്പര...

അനുദിനം അക്രമങ്ങളുടെ തുടർകഥയായി മാറുകയാണ് നമ്മുടെ സംസ്ഥാനം. കൊലപാതക രാഷ്ട്രീയം ആയുധമാക്കി പാർട്ടികൾ ചേരി തിരിഞ്ഞ് അക്രമം അഴിച്ച വിടുന്ന സാഹചര്യമാണ് ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ കാണുവാൻ കഴിയുന്നത്. ഇപ്പോൾ ലഭിക്കുന്ന വാർത്ത ബാലുശ്ശേരി ഉണ്ണികുളത്ത് കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടതാണ്. ഓഫീസിന്‍റെ പൂട്ട് തകർത്ത് സീലിങ്, ടൈൽസ് ഉൾപ്പെടെ തീയിട്ടു. ഓഫീസ് പൂർണമായി കത്തിനശിച്ചു.
ഇവിടെ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ പ്രദേശത്ത് സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായിരുന്നതായി സൂചന ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വെളുപ്പിന് രണ്ടരയോടെ കോണ്‍ഗ്രസ് ഓഫീസിന് തീ വച്ചത്. ആക്രമണത്തിൽ ഓഫീസ് അടിച്ച് തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.
സംഘര്‍ഷത്തിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ലത്തീഫിന്റെ വീടിന് നേരെ കല്ലെറിയുകയും മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാര്‍ തല്ലി തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. കല്ലേറിൽ ജനൽ ചില്ലുകളും കാറിന്‍റെ ഗ്ലാസും തകർന്നു.
കണ്ണൂരിൽ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ യു.ഡി.എഫ് നടത്തിയ പ്രകടനത്തിന് നേരെ കല്ലേറുണ്ടായി.സി.പി.എം പ്രവർത്തകരാണ് അക്രമം അഴിച്ച് വിട്ടതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. തുടർന്ന് സംഘർഷാവസ്ഥ രൂപപ്പെടുകയും ഇരുവിഭാഗങ്ങളിലായി 25 ഓളം പേർക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തിന് പിന്നിൽ എൽ.ഡി.എഫ് ആണെന്ന് യു.ഡി.എഫ് ആരോപിച്ചു.
പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ബാലുശ്ശേരി കരുമലയില്‍ ഇന്നലെ സി.പി.എം കോണ്‍ഗ്രസ് സംഘര്‍ഷം അരങ്ങേറിയത്. യുഡിഎഫിന്റെ പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു സംഘര്‍ഷം ഉടലെടുത്തത്. ഇതില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് കാര്യമായി പരിക്കേറ്റിരുന്നു.
ഏകദേശം 13ഓളം പ്രവർത്തകർക്ക് കാര്യമായ പരിക്കുകൾ ഉണ്ടെന്നാണ് അറിയാൻ സാധിച്ചത്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പുലര്‍ച്ചെ ഓഫീസിന് തീയിട്ടത്. സ്ഥലത്ത് സംഘർഷ സാധ്യത തുരുകയാണ് എന്നാണ് വിവരം. സുരക്ഷ കണക്കിലെടുത്ത് ഇവിടെ കനത്ത രീതിയിലുള്ള സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ആവശ്യത്തിനുള്ള പൊലീസ് സേനയേയും ഇവിടെ വിന്യസിപ്പിച്ചിട്ടുണ്ട്.
അതേസമയം, പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകം ആസൂത്രിതമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് ഇന്നലെ സമർപ്പിച്ചു. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ കേസിലെ പ്രതി ഷിനോസിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.
കൊലയ്ക്ക് കാരണം രാഷ്ട്രീയ വിരോധമാണെന്നും കൊലനടത്തുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആക്രമണമെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. കേസില്‍ ആകെ 25 പ്രതികളാണ് ഉൾപ്പെട്ടിട്ടുള്ളത്. ആദ്യ 11 പ്രതികള്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. ബോംബെറിഞ്ഞ ശേഷം വടിവാള്‍ കൊണ്ട് വെട്ടി വീഴ്ത്തുകയായിരുന്നു. രക്തം വാര്‍ന്നാണ് മരണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha