നിറകണ്ണോടെ വീണ നായര്‍... തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് വെറും 500 രൂപയ്ക്ക് വീണ എസ് നായരുടെ പോസ്റ്ററുകള്‍ തൂക്കി വിറ്റ സംഭവത്തില്‍ പ്രതിഷേധം ഉയരുന്നു; ഒപ്പം നിന്നവര്‍ അത് ചെയ്യുമെന്ന് കരുതുന്നില്ലെന്ന് വീണ നായര്‍; കോണ്‍ഗ്രസുകാരനെ പുറത്താക്കി

വട്ടിയൂര്‍ക്കാവ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാത്ത അമ്പത് കിലോയോളം പോസ്റ്ററുകള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ക്കകം ആക്രിക്കടയില്‍ നിന്നും കണ്ടെത്തിയ സംഭവം കോണ്‍ഗ്രസിനാകെ നാണക്കേടായിരിക്കുകയാണ്. പോസ്റ്ററടിക്കാന്‍ പോലും പണമില്ലെന്ന് പല കോണ്‍ഗ്രസുകാരും പരിതപിക്കുമ്പോഴാണ് 50 കിലോ പോസ്റ്ററുകള്‍ ഒട്ടിക്കാതെ സൂക്ഷിച്ചുവച്ച് വിറ്റത്.
സംഭവം വിവാദമായതോടെ കെപിസിസിയുടെ നിര്‍ദേശ പ്രകാരം ഡിസിസി അനേഷണം നടത്തി. കുറവന്‍കോണത്തെ കോണ്‍ഗ്രസ് ലോക്കല്‍ നേതാവ് വി. ബാലുവാണ് കുറ്റക്കാരനെന്ന് കണ്ടെത്തി. ബാലുവിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി.
വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണ എസ്.നായരുടെ തിരഞ്ഞെടുപ്പ് പോസ്റ്റര്‍ ആക്രിക്കടയില്‍ വിറ്റ സംഭവത്തില്‍ കോണ്‍ഗ്രസ് കുറവന്‍കോണം മണ്ഡലം ട്രഷറര്‍ വി. ബാലുവിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനലാണ് അറിയിച്ചത്.
ഡി.സി.സി നിയോഗിച്ച സമിതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയ സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും മണ്ഡലം, വാര്‍ഡ്, ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നെയ്യാറ്റിന്‍കര സനല്‍ അറിയിച്ചു.
ഈ സംഭവത്തില്‍ നിറകണ്ണുകളോടെയാണ് വീണ നായര്‍ പ്രതികരിച്ചത്. മാദ്ധ്യമങ്ങളിലൂടെയാണ് താന്‍ ഈ വിവരം അറിഞ്ഞതെന്നും, സംഭവം കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെയും, പ്രതിപക്ഷ നേതാവിന്റെയും ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്ന പാര്‍ട്ടി ദൗത്യം താന്‍ ഭംഗിയായി നിറവേറ്റിയെന്നും, രണ്ടര മണിക്കൂര്‍ മാത്രം ഉറങ്ങി പ്രചാരണത്തിനിറങ്ങിയ ദിവസങ്ങളുണ്ടെന്നും വീണാനായര്‍ പ്രതികരിച്ചു. ഒപ്പം നിന്നവര്‍ ഇത്തരത്തില്‍ ചെയ്യുമെന്ന് കരുതുന്നില്ല. പോസ്റ്ററുകള്‍ ആക്രിക്കടയില്‍ എത്തിച്ചതാരെന്ന് കണ്ടുപിടിക്കാന്‍ താന്‍ ആളല്ലെന്നും എന്നാല്‍ അത് പാര്‍ട്ടി ചെയ്യുമെന്നും വീണാ നായര്‍ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരത്തെ നന്തന്‍കോട്ടെ വൈഎംആര്‍ ജംഗ്ഷനിലുള്ള ആക്രിക്കടയിലാണ് സ്ഥാനാര്‍ത്ഥിയുടെ ഉപയോഗിക്കുന്ന പോസ്റ്ററുകള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതായി കണ്ടെത്തിയത്. 50 കിലോയോളം തൂക്കം വരുന്ന പോസ്റ്ററുകളാണ് കടയില്‍ കെട്ടിക്കിടക്കുന്നത്.
തനിക്ക് പരിചയമുള്ള ഒരാളാണ് പോസ്റ്ററുകള്‍ ഇവിടേക്ക് കൊണ്ടുവന്നതെന്നാണ് കടക്കാരന്‍ പറയുന്നത്. 'ബാബു' എന്നാണ് കൊണ്ടുവന്നയാളുടെ പേരെന്നും കിലോ പത്ത് രൂപ എന്ന കണക്കിലാണ് പോസ്റ്ററുകള്‍ താന്‍ അയാളില്‍ നിന്നും വാങ്ങിയതെന്നും കടക്കാരന്‍ പറയുന്നു. എന്നാല്‍ തമിഴ് ചുവയുള്ള ആക്രിക്കാരന്റെ ബാബു പിന്നീട് ബാലുവായി മാറുകയായിരുന്നു.
എന്‍ഡിഎയുടെ വിവി രാജേഷ് പ്രചാരണവുമായി താരതമ്യം ചെയ്യുമ്പോള്‍ വീണയുടെ പോസ്റ്ററുകളും ബോര്‍ഡുകളും താരതമ്യേന കുറഞ്ഞ അളവിലാണ് പ്രചാരണത്തിനായി ഉപയോഗിക്കപ്പെട്ടത്. മണ്ഡലത്തില്‍ വീണ എസ് നായര്‍ മത്സരരംഗത്തില്ല എന്ന് ഇവിടത്തെ എംഎല്‍എ കൂടിയായ വികെ പ്രശാന്ത് നേരത്തെ ആരോപിച്ചിരുന്നു.
യുഡിഎഫ് ഇവിടെ ബിജെപിയെ ജയിപ്പിക്കാനായി പ്രവര്‍ത്തിച്ചു എന്ന തന്റെ ആരോപണം ആക്രിക്കടയില്‍ കെട്ടിക്കിടക്കുന്ന പോസ്റ്ററുകള്‍ ശരിവയ്ക്കുന്നു എന്നാണ് വികെ പ്രശാന്ത് ഈ സംഭവത്തോട് പ്രതികരിച്ചത്.
https://www.facebook.com/Malayalivartha