ആശുപത്രിയില്‍ പ്രസവിച്ചുകിടക്കുന്ന മകളോട് ആവശ്യമായ സാധനങ്ങളെടുത്ത് പെട്ടെന്നുവരാമെന്ന് പറഞ്ഞുപോയ അമ്മ സെലിന്റെ യാത്ര അന്ത്യയാത്രയായി.... സെലിന്റെ വേര്‍പാടില്‍ വിതുമ്പി ബന്ധുക്കളും സഹപ്രവര്‍ത്തകരും

ആശുപത്രിയില്‍ പ്രസവിച്ചുകിടക്കുന്ന മകളോട് ആവശ്യമായ സാധനങ്ങളെടുത്ത് പെട്ടെന്നുവരാമെന്ന് പറഞ്ഞുപോയ അമ്മ സെലിന്റെ യാത്ര അന്ത്യയാത്രയായി. സെലിന്‍ ഓടിച്ച കാര്‍ ബൈപ്പാസില്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
നേരം പുലരും മുമ്പേ സെലിന്‍ ഈ ലോകത്തോട് വിടപറയുകയും ചെയ്തു. ഇപ്പോഴും ഒന്നും വിശ്വസിക്കാനാവാതെ വിതുമ്പുകയാണ് ബന്ധുക്കളും സഹപ്രവര്‍ത്തകരും. മൂന്നുദിവസം മുമ്പാണ് സെലിന്റെ ഏകമകള്‍ ഡോ. അനീഷ്യ സെലസ് ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. മകള്‍ക്ക് കൂട്ടായി കോഴിക്കോട് സ്റ്റാര്‍ കെയര്‍ ആശുപത്രിയില്‍ എപ്പോഴുമുണ്ടായിരുന്നു സെലിന്‍.
ആശുപത്രിയിലേക്ക് വേണ്ട അത്യാവശ്യ സാധനങ്ങളെടുക്കാനായാണ് വ്യാഴാഴ്ച വൈകീട്ട് നാലുമണിക്ക് ആശുപത്രിയില്‍നിന്നും രാമനാട്ടുകരയിലെ കൃഷിഭവന്‍ റോഡിലെ 'ഒളിക്കുഴിയില്‍' വീട്ടിലേക്ക് ഇറങ്ങിയത്.
വരുമ്പോള്‍ സഹായത്തിന് നില്‍ക്കുന്ന ഷിജിയെയും ഒപ്പം കൂട്ടി. അതുവരെ വയനാട്ടിലായിരുന്ന ഷിജി രാമനാട്ടുകരയിലെ വീട്ടില്‍ ആദ്യമായാണെത്തിയത്. കാറില്‍ നിന്നിറങ്ങിയ ഉടനെ മുറ്റത്ത് നിറയെയുള്ള ചെടികളോരൊന്നും കാണിച്ച് ഇതൊക്കെ ഞാന്‍ നട്ടു വളര്‍ത്തിയതാണെന്ന് അല്‍പ്പം അഭിമാനത്തോടെ സെലിന്‍ പറഞ്ഞതോര്‍ത്ത് ഷിജി കണ്ണുതുടയ്ക്കുന്നു.
പിന്നീട് വീടും പരിസരവുമെല്ലാം ചുറ്റി നടന്ന് കാണിച്ചു. അതിനിടെ വീട്ടിലെ വളര്‍ത്തുനായ ജൂഡോയെയും പരിചയപ്പെടുത്തി. മുറ്റത്ത് പന്തലിച്ച് നിന്ന മാവിലെ മാങ്ങയെടുത്ത് കഴിച്ചു. ഒടുവില്‍ താനുണ്ടാക്കിക്കൊടുത്ത ചായയും കുടിച്ചാണ് ഇറങ്ങിയത്.
അത് തിരിച്ചുവരാത്ത യാത്രയാണെന്ന് അപ്പോഴും കരുതിയില്ലെന്നും ഷിജി പറയുന്നു. ഷിജിയെ വീട്ടില്‍ നിര്‍ത്തി മകള്‍ക്ക് കുടിക്കാനായി കഞ്ഞിയും ഉപ്പേരിയും ഫ്‌ലാസ്‌കില്‍ ചൂടുവെള്ളവും തുണിത്തരങ്ങളുമെടുത്താണ് സെലിന്‍ ആശുപത്രിയിലെക്ക് തിരികെ കാറോടിച്ചു പോയത്. പക്ഷേ, മകളെയും കൊച്ചുമകളെയും ഒരിക്കല്‍ക്കൂടി കാണാന്‍ സെലിന് ആയുസ്സുണ്ടായില്ല.
അമ്മയുടെ ചലനമറ്റ ശരീരം മകളെ അവസാനമായി ഒന്ന് കാണിക്കാനായി സ്റ്റാര്‍ കെയര്‍ ആശുപത്രിയിലെക്ക് രാവിലെ എത്തിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് പതിനൊന്നരയോടെ രാമനാട്ടുകരയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുവെച്ചു.
"
https://www.facebook.com/Malayalivartha