പൊട്ടിക്കരച്ചില്‍ മാറിമറിഞ്ഞു... കായംകുളത്ത് യു പ്രതിഭയെ അട്ടിമറിച്ച് അരിത ബാബു ജയിക്കുമെന്ന് ഉറച്ച് വിശ്വസിച്ച് കോണ്‍ഗ്രസുകാര്‍; എഎം ആരിഫ് എംപി നടത്തിയ പാല്‍സൊസൈറ്റി പരാമര്‍ശവും അരിത ബാബുവിന്റെ സങ്കടവും ഗുണം ചെയ്തത്രെ; ആലപ്പുഴയിലെ ഇടത് ആധിപത്യം തകരുമെന്ന് കോണ്‍ഗ്രസുകാര്‍

സംസ്ഥാനത്തെ വലിയ മത്സരം നടക്കുന്ന മണ്ഡലമാണ് കായംകുളം. സിപിഎമ്മിന്റെ യുവ എംഎല്‍എ യു പ്രതിഭയ്‌ക്കെതിരെ അരിത ബാബു രംഗത്തെത്തിയതോടെയാണ് മത്സരം കടുത്തത്.
പ്രതിഭയും പ്രദേശിയ നേതൃത്വവുമായുള്ള തര്‍ക്കം പോലുമുണ്ട്. അതിന് പിന്നാലെയാണ് സാധാരണക്കാരിയായ പ്രായം കുറഞ്ഞ അരിത ബാബു രംഗത്തെത്തിയത്. അവസാനം എഎം ആരിഫ് എംപി നടത്തിയ പാല്‍സൊസൈറ്റി പരാമര്‍ശവും അരിതയുടെ കരച്ചിലും ഫലം കണ്ടെന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്.
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും അടക്കം ആശ്ചര്യപ്പെട്ടത് ജി സുധാകരന്റേയും, തോമസ് ഐസക്കിന്റെയും പേരുകള്‍ കാണാതായതോടെയാണ്. ജനകീയ മന്ത്രിമാരായി പാര്‍ട്ടിക്കതീതമായി ജനമനസുകളില്‍ സ്ഥാനം നേടിയ ഇവര്‍ രണ്ടുപേരും മത്സര രംഗത്തില്ലെന്നറിഞ്ഞ തോടെയാണ് പതിവിന് വിപരീതമായി ആലപ്പുഴയിലെ ചില മണ്ഡലങ്ങളില്‍ മത്സരിക്കുവാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടിച്ചുകയറ്റം ആരംഭിച്ചത്.
എന്നാല്‍ ഇക്കുറി ഹൈക്കമാന്റ് ഇടപെടല്‍ കൂടുതല്‍ നടത്തിയ ജില്ലയും ആലപ്പുഴയിലായിരുന്നു എന്നതാണ് വാസ്തവം. അതിന് കാരണം ചുവന്ന ആലപ്പുഴയില്‍ നിന്നും കൈ പലകുറി ഉയര്‍ത്തി ലോക്‌സഭയിലേക്കും നിയമസഭയിലേക്കും എത്തിയ കെ സി വേണുഗോപാലിന്റെ ഇടപെടലായിരുന്നു.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് പ്രാഥമിക വിലയിരുത്തല്‍ നടത്തുമ്പോള്‍ ആലപ്പുഴ ജില്ല ഇക്കുറി കൈയിലൊതുങ്ങുമെന്ന ആത്മവിശ്വാസമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവയ്ക്കുന്നത്. അട്ടിമറി നേട്ടമായി അവര്‍ ഉറച്ച് വിശ്വസിക്കുന്നത് കായംകുളമാണ്.
ഇവിടെ ഹൈക്കമാന്റ് താത്പര്യപ്പെട്ട് മത്സരിപ്പിച്ച അരിതബാബു മിന്നും ജയം സ്വന്തമാക്കുമെന്നാണ് വിലയിരുത്തല്‍. അയ്യായിരം വോട്ടുവരെ ഭൂരിപക്ഷവും അരിതയ്ക്കുണ്ടാകുമെന്ന് നേതാക്കള്‍ കണക്കുകൂട്ടുന്നു. മണ്ഡലത്തെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കിമറിച്ച് പ്രചാരണം നടത്തിയ പ്രിയങ്കഗാന്ധിയുടെ വരവ് യു ഡി എഫിന് മുതല്‍ക്കൂട്ടാവും എന്നാണ് നേതാക്കള്‍ തുറന്ന് പറയുന്നത്.
കായംകുളം കൂടാതെ ഹരിപ്പാട്, അരൂര്‍, അമ്പലപ്പുഴ എന്നിവിടങ്ങളിലും അനായാസം ജയിക്കുമെന്ന വിശ്വാസമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവയ്ക്കുന്നത്. ആലപ്പുഴ, ചേര്‍ത്തല, കുട്ടനാട്, മാവേലിക്കര തുടങ്ങിയ മണ്ഡലങ്ങളിലും ശക്തമായ മത്സരം കാഴ്ചവച്ചുവെന്നും ജയസാദ്ധ്യതയുണ്ടെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍.
ആലപ്പുഴയില്‍ യു ഡി എഫ് മുന്നേറ്റമുണ്ടായാല്‍ ജനകീയ നേതാക്കളെ ഒന്നിച്ച് മാറ്റി നിര്‍ത്തിയതിന് അണികള്‍ക്ക് മുന്നില്‍ വിശദീകരണം നല്‍കേണ്ട ബാദ്ധ്യത ഇടത് നേതാക്കള്‍ക്ക് തീര്‍ച്ചയായും ഉണ്ടാവും.
കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിനെതിരായ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ആരിഫ് രംഗത്തെത്തിയിരുന്നു. പ്രാരാബ്ധം മാത്രമാണ് മാനദണ്ഡമെങ്കില്‍ ഹരിപ്പാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് യുഡിഎഫുകാര്‍ വോട്ട് ചെയ്യുമോ എന്നതാണ് ആരിഫിന്റെ മുഖ്യചോദ്യം.
തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തെ ആക്ഷേപിച്ചില്ല. ക്ഷീര കര്‍ഷകന്‍ ആയാലും കര്‍ഷകന്‍ ആയാലും നിയമസഭയിലേക്ക് മത്സരിക്കാം. എന്നാല്‍ അതുമാത്രം മാനദണ്ഡം ആകരുത് എന്നാണ് എ എം ആരിഫിന്റെ വിശദീകരണം.
കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി കോണ്‍ഗ്രസും ചില മാധ്യമങ്ങളും അവരുടെ പ്രാരാബ്ധങ്ങള്‍ പറഞ്ഞ് വോട്ടാക്കിമാറ്റാനുള്ള കഠിന പരിശ്രമത്തിലാണ്. പാല്‍ വിറ്റ് ഉപജീവനം നടത്തുന്നതിന്റെ വാര്‍ത്തകളും ചിത്രങ്ങളുമാണ് മുഖ്യ പ്രചരണായുധമാക്കിക്കൊണ്ടിരുന്നത്.
പ്രാരാബ്ധമാണ് നിയമസഭ തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡവും യോഗ്യതയും എങ്കില്‍ ഹരിപ്പാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജിലാല്‍ ലോട്ടറി വിറ്റ് കിട്ടിയ പണം കൊണ്ട് പഠിച്ചാണ് ബിരുദം എടുത്ത് സംഘടനാരംഗത്ത് ഉയര്‍ന്നുവന്നതും ചേര്‍ത്തലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പ്രസാദ് കര്‍ഷക തൊഴിലാളി കുടുംബത്തില്‍ നിന്നും പ്രാരാബ്ധങ്ങളുടെ നടുവില്‍ നിന്ന് വളര്‍ന്നുവന്ന് നേതാവായതും സ്ഥാനാര്‍ത്ഥിത്വം ലഭിച്ചതും എന്ന് ആരിഫ് പറയുന്നു. എന്തായാലും ആരിഫിന്റെ വിശദീകരണം ഏറ്റിറ്റുണ്ടോയെന്ന് തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാം.
L
https://www.facebook.com/Malayalivartha