ഞാനിവിടെയുണ്ട് ട്ടോ... തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും തീരാത്ത പോരുമായി എതിരാളികള്‍; തനിക്കെതിരെ രംഗത്ത് വന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍; ഒരു നികൃഷ്ടജീവി നവമാദ്ധ്യമങ്ങളിലൂടെ പ്രചാരണമാരംഭിച്ചു; എന്റെ പ്രസ്ഥാനത്തിന്റെ കരുത്തിലും വീറിലുമാണ് ഞാന്‍ നില്‍ക്കുന്നത്

തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സ്വര്‍ണവും ഈന്തപ്പഴവും ഡോളറും യൂണിവേഴ്‌സിറ്റിയുമെല്ലാം തീരുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ആരോപണങ്ങളും പ്രത്യാരോപണങ്ങളും കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്.
തനിക്കെതിരെ നടക്കുന്ന കുപ്രചരണങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും തന്റെ കുടുംബം തകര്‍ന്നുവെന്നും പ്രചരിപ്പിക്കുന്ന 'ഒരു നികൃഷ്ട ജീവി' നവമാദ്ധ്യമങ്ങളിലൂടെ ഒരു പ്രചാരണം ആരംഭിച്ചുവെന്നും അത് കുറേയാളുകള്‍ ഏറ്റുപിടിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കിലിട്ട ഒരു വീഡിയോയിലൂടെ പറയുന്നു. ആത്മഹത്യയില്‍ അഭയം തേടുന്ന ആളോ ഭീരുവോ അല്ല താനെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ക്ക് മുമ്പില്‍ ഏത് വിവരവും നല്‍കുമെന്ന് താന്‍ മുമ്പേ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ശ്രീരാമകൃഷ്ണന്റെ ഫേസ് ബുക്ക് വീഡിയോ ഇങ്ങനെയാണ്
'നമസ്‌കാരം. ഈ വീഡിയോ അല്‍പ്പം രസകരമാണ്. കാരണം, ഞാനിവിടെയുണ്ട് എന്ന് പറയേണ്ട അവസ്ഥയിലേക്ക് ചില മാദ്ധ്യമങ്ങളുടെ പ്രചരണം എത്തിപ്പെട്ടിട്ടുണ്ട്. ഞാന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു, എന്റെ കുടുംബം തകര്‍ന്നുപോയി, തുടങ്ങിയ ദിവാസ്വപ്നങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു നികൃഷ്ടജീവി നവമാദ്ധ്യമങ്ങളിലൂടെ ഒരു പ്രചരണമാരംഭിച്ചു. അത് കുറേയാളുകളെങ്കിലും ഏറ്റുപിടിച്ചു. പാവപ്പെട്ട കുറേയാളുകള്‍ അത് വിശ്വസിച്ചിട്ടുണ്ടാകാം.
ഞാന്‍ പറയുന്നു, ഒരാത്മഹത്യയുടെയും മുന്നില്‍ അഭയം പ്രാപിക്കുന്ന ഒരാളല്ല ഞാന്‍. അത്ര ഭീരുവുമല്ല. ഏത് അന്വേഷണ ഏജന്‍സികളുടെ മുന്നിലും എപ്പോള്‍ വേണമെങ്കിലും ആവശ്യമായ വിവരങ്ങള്‍ നല്‍കാമെന്ന് ഞാന്‍ എന്നോ വ്യക്തമാക്കിയിട്ടുണ്ട്? നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പുറത്തും വ്യക്തമാക്കിയിട്ടുണ്ട്. അവരാവശ്യപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ അതിന്റെ ചിട്ടവട്ടങ്ങളും കീഴ്‌വഴക്കങ്ങളും പാലിച്ചുകൊണ്ട് അത് യാഥാര്‍ഥ്യമാക്കുന്നതില്‍ ഒരു തടസ്സവുമില്ല. എന്നാല്‍ രക്തം കുടിക്കുന്ന ഡ്രാക്കുളയുടെ മനോഭാവത്തോടു കൂടി എന്റെ മരണം പോലും പ്രതീക്ഷിക്കുന്ന, മരണം പോലും ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രചരണം കൊണ്ടുവരുന്നത് എനിക്കെതിരെയുള്ള വ്യക്തിപരമായ ആക്രമണമായിട്ട് ഞാന്‍ കരുതുന്നില്ല. ആ സുഹൃത്തിനോട് ഞാന്‍ പറയുന്നു, നിങ്ങള്‍ അതില്‍ പരാജയപ്പെടും. ഇതെന്റെ പ്രസ്ഥാനത്തിന്റെ കരുത്തിലും വീറിലുമാണ് ഞാന്‍ നില്‍ക്കുന്നത്.
ഞാന്‍ പത്ത് വയസില്‍ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറിയൊരാളാണ്. കഴിഞ്ഞ നാല്‍പത് വര്‍ഷക്കാലത്തെ വ്യത്യസ്തമായ അനുഭവങ്ങളില്‍, കഠിനവും ശക്തവും നല്ലതും ചീത്തയുമായിട്ടുള്ള അനുഭവങ്ങളുടെ മൂശയില്‍ വാര്‍ത്തെടുത്ത ഒരു വ്യക്തിത്വമാണ് ഞാന്‍. അതുകൊണ്ട് ഇത്തരം പ്രചരണങ്ങളുടെ മുന്നില്‍ ഞാന്‍ തലകുനിച്ച് പോകുമെന്ന് പ്രതീക്ഷിക്കണ്ട. നിങ്ങളാരുമിത് വിശ്വസിക്കേണ്ടതില്ല.
ഇതെല്ലാം ശുദ്ധകളവാണ്, ശുദ്ധ അസംബന്ധമാണ്.എനിക്ക് അല്‍പ്പം പനിപിടിച്ചിട്ടുണ്ട്. അത് സത്യാണ്. ഞാന്‍ പനിപിടിച്ച്, ഇന്ന് പകല്‍സമയത്ത് വിശ്രമത്തിലായിരുന്നു. ഇന്ന് വൈകുന്നേരമാണ് ഈ വാര്‍ത്ത പ്രചരിക്കുന്ന വിവരം ഞാന്‍ അറിഞ്ഞത്. അത് തള്ളിക്കളയുക. ഈ ഇത്തരത്തിലുള്ള കുപ്രചരണങ്ങളെ തള്ളിക്കളയുന്നതിനോടൊപ്പം ഈ അധമ മാദ്ധ്യമപ്രവര്‍ത്തനം നടത്തുന്നവരോട് എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്നുള്ളത് കേരളം തീരുമാനിക്കട്ടെ എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാന്‍ ആവശ്യപ്പെടുന്നു. നന്ദി.'
"
https://www.facebook.com/Malayalivartha
























