വസ്ത്ര വ്യാപാര കേന്ദ്രത്തിനു തീയിട്ട സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന....

വസ്ത്ര വ്യാപാര കേന്ദ്രത്തിനു തീയിട്ട സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന. താമരശേരി സ്വദേശിയാണ് തീയിട്ടതെന്നാണ് വിവരം. സംഭവസ്ഥലത്തുനിന്നു ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് മുഖ്യപ്രതിയെ കടയുടമയായ പറമ്പില്‍ബസാര്‍ സ്വദേശി നിജാസ് തിരിച്ചറിഞ്ഞത്.
ഇന്ന് അറസ്റ്റുണ്ടായേക്കുമെന്നാണു വിവരം. നേരത്തെ താമരശേരി സ്വദേശിയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടായിരുന്നു. ബന്ധുവും താമരശേരി സ്വദേശിയുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ നിജാസ് ഇടപെട്ടിരുന്നു. അന്ന് പോലീസിന്റെ മധ്യസ്ഥതയില്‍ പ്രശ്നം പരിഹരിക്കുകയും ചെയ്തു.
എന്നാല്‍ അടുത്തിടെ ഇയാള്‍ വീണ്ടും നിജാസിനെ ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തി. ചേവായൂര്‍ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഇയാളെ താക്കീതു നല്‍കി വിട്ടയച്ചിരുന്നതായും നിജാസ് അറിയിച്ചു.
സംഭവത്തിലുള്ള വിരോധമാണ് കടയ്ക്കു തീവയ്ക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് നിജാസ് പറയുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.50 ഓടെയാണ് പറമ്പില്‍ ബസാര്‍ ബസ് സ്റ്റോപ്പിന് സമീപത്തെ മമ്മാസ് ആന്‍ഡ് പപ്പാസ് ടെക്‌സ്‌റ്റൈല്‍സിനു തീവച്ചത്. പിക്കപ്പ് വാനിലെത്തിയ നാലംഗ സംഘം തീവയ്ക്കുകയായിരുന്നുവെന്നാണ് പരാതി.
16 മുറികളുള്ള രണ്ടുനില കെട്ടിടത്തിലാണ് ടെക്‌സ്‌റ്റൈല്‍സ് പ്രവര്‍ത്തിക്കുന്നത്. രണ്ടു നിലകളിലായി സൂക്ഷിച്ച മുഴുവന്‍ വസ്ത്രങ്ങളും കത്തിനശിച്ചിട്ടുണ്ട്. ഏകദേശം ഒരു കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
"
https://www.facebook.com/Malayalivartha
























