വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് കരാര്‍ ഒപ്പ് വെയ്ക്കുന്നതിന് തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് അദാനി ഗ്രൂപ്പുമായി കരാര്‍ ഒപ്പിടുന്നതിനു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ അനുമതി നല്‍കി. അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കു ബാധകമാകില്ലെന്നു ചീഫ് ഇലക്ടറല്‍ ഓഫിസറെ കേന്ദ്രം അറിയിച്ചു. പദ്ധതി ഉദ്ഘാടനമോ മറ്റു പൊതു പരിപാടികളോ നടത്തുകയാണെങ്കില്‍ അതു തിരഞ്ഞെടുപ്പിനു ശേഷമേ പാടുള്ളൂ എന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇതോടെ കരാറുമായി മുന്നോട്ടു പോകുന്നതിനുള്ള എല്ലാ അനുമതികളും സര്‍ക്കാരിനു ലഭിച്ചു.
സര്‍വകക്ഷി യോഗത്തിനുശേഷം കഴിഞ്ഞ 10നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അദാനി ഗ്രൂപ്പിനെ പദ്ധതി ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്. ജില്ലയില്‍ പെരുമാറ്റച്ചട്ടം ബാധകമാകുമെന്ന സംശയം ഉയര്‍ന്നതിനാല്‍ തിരഞ്ഞെടുപ്പു കമ്മിഷന്റെ അന്തിമ അനുമതി തേടാനും നിശ്ചയിച്ചു. കരാര്‍ ഒപ്പിടാന്‍ അനുമതി ആവശ്യപ്പെട്ട് അന്നുതന്നെ മുഖ്യമന്ത്രി ഫയല്‍ തിരഞ്ഞെടുപ്പു കമ്മിഷനു കൈമാറി. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനു തുറമുഖ നിര്‍മാണം ആരംഭിക്കുമെന്നാണു സര്‍ക്കാരിന്റെ പ്രഖ്യാപനം.
ഇനി മന്ത്രിസഭായോഗ തീരുമാനത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങണം. അതിനുശേഷം പദ്ധതി ഏല്‍പ്പിക്കുന്നതായുള്ള \'ലെറ്റര്‍ ഓഫ് അവാര്‍ഡ്\' അദാനി ഗ്രൂപ്പിനു നല്‍കും. പിന്നീടാണ് അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പദ്ധതിക്കായി പ്രത്യേക കമ്പനി (എസ്പിവി) രൂപീകരിക്കുക. ഈ കമ്പനിയുമായിട്ടാണു 30 ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ നിര്‍മാണ കരാര്‍ ഒപ്പിടുക. അദാനി ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അടുത്തയാഴ്ച തലസ്ഥാനത്ത് എത്തും.
കേരളത്തിന്റെ സ്വപ്നപദ്ധതിയാണു യാഥാര്‍ഥ്യമാവുന്നത്. മൊത്തം 7525 കോടി രൂപയുടെ പദ്ധതിയില്‍ 1973 കോടി രൂപ സര്‍ക്കാര്‍ നേരിട്ടു ചെലവഴിക്കും. ഭൂമി ഏറ്റെടുക്കല്‍, കുടിവെള്ള വിതരണം, റയില്‍, വൈദ്യുതി എന്നിവയ്ക്കുള്ളതാണ് ഈ തുക. 15 കിലോമീറ്റര്‍ റയില്‍പ്പാത നിര്‍മാണത്തിനു തന്നെ 600 കോടി ചെലവഴിക്കേണ്ടി വരും. കേന്ദ്ര റയില്‍വേ മന്ത്രാലയത്തിന്റെ \'സാഗര്‍മാല\' പദ്ധതിയിലുള്‍പ്പെടുത്തി റയില്‍പ്പാത നിര്‍മാണം നടപ്പാക്കാനാണു സര്‍ക്കാരിന്റെ ഇനിയുള്ള ശ്രമം.
പുതിയ കരാര്‍ പ്രകാരം 40 വര്‍ഷത്തേക്കുള്ള ലൈസന്‍സ് മാത്രമേ സ്വകാര്യ പങ്കാളിക്കു ലഭിക്കുന്നുളളൂ. ഭൂമിയുടെ അവകാശം സര്‍ക്കാരിനു തന്നെ. 15ാം വര്‍ഷം മുതല്‍ തുറമുഖ വരുമാനത്തിന്റെ നിശ്ചിത ശതമാനവും ഏഴാം വര്‍ഷം മുതല്‍ അനുബന്ധ വ്യവസായങ്ങളില്‍നിന്നുള്ള വരുമാനത്തിന്റെ 10 ശതമാനം വീതവും സര്‍ക്കാരിനു ലഭിക്കും. തുറമുഖ വരുമാനത്തിന്റെ വിഹിതം ഒരു ശതമാനത്തില്‍ തുടങ്ങി ഓരോ വര്‍ഷവും ഒരു ശതമാനം വീതം കൂടി 40% വരെ എത്തും. 2050നു ശേഷം ഏഴായിരം കോടിയിലേറെ വരുമാനമുണ്ടാകുമെന്നാണു കണക്ക്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























