സര്‍ക്കാര്‍ ജോലി ലോട്ടറി അടിച്ചപോലെ തന്നെ... കുറഞ്ഞ ശമ്പളം 16,000 രൂപയും ഉയര്‍ന്ന ശമ്പളം ഒരു ലക്ഷവും ആക്കാന്‍ ശുപാര്‍ശ; മെഡിക്കല്‍ ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തും

ഒരു സര്‍ക്കാര്‍ ജോലി കിട്ടിയിരുന്നെങ്കില്‍ എന്ന് ചിന്തിക്കാത്ത ശരാശരി മലയാളി ഇല്ല തന്നെ. ശമ്പളത്തിന് ശമ്പളം, ലീവിന് ലീവ്. ജീവിതാവസാനം പെന്‍ഷന്‍. എന്നാല്‍ പകുതിയിലേറെ തസ്തികകളിലുള്ള ജീവനക്കാര്‍ക്ക് തീരെ തുശ്ചമായ ശമ്പളമാണ് ലഭിക്കുന്നത്. ഈ ശമ്പളം കൊണ്ട് ജീവിക്കാന്‍ വയ്യാത്ത ചുറ്റുപാടിലാണ് പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരും. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനായി നിയോഗിക്കപ്പെട്ട കമ്മീഷനാണ് ഇപ്പോള്‍ ഉയര്‍ന്ന ശമ്പളം ശുപാര്‍ശ ചെയ്യുന്നത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കു കുറഞ്ഞ ശമ്പളം 16,000 രൂപയും ഉയര്‍ന്ന ശമ്പളം ഒരു ലക്ഷം രൂപയും ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടാണ് പുതിയ ശമ്പളക്കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നത്. ഇപ്പോള്‍ ലഭിക്കുന്ന 80% ക്ഷാമബത്ത ശമ്പളത്തില്‍ ലയിപ്പിക്കുമ്പോള്‍ വര്‍ധന 13% വരും. കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തില്‍ വര്‍ധന 12% ആയിരുന്നു.
ശമ്പളത്തിന് ആനുപാതികമായി കാര്യക്ഷമതകൂടി വര്‍ധിപ്പിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാകും ജസ്റ്റിസ് എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ശമ്പളക്കമ്മിഷന്‍ റിപ്പോര്‍ട്ട്. ജൂണ്‍ 30 വരെയാണു കമ്മിഷന്റെ കാലാവധി എന്നതിനാല്‍ അതിനു മുന്‍പു റിപ്പോര്‍ട്ട് നല്‍കിയേക്കും. നിത്യോപയോഗ സാധനങ്ങളുടെ വിലയിലും ഉപഭോക്തൃ വിലസൂചികയിലും അഞ്ചു വര്‍ഷത്തിനിടയില്‍ ഉണ്ടായ വര്‍ധനകൂടി പരിഗണിച്ചാകും ശുപാര്‍ശ. ശമ്പള പരിഷ്‌കരണത്തിനായി ബജറ്റില്‍ 6000 കോടി വകയിരുത്തിയിട്ടുള്ളതിനാല്‍ അതില്‍ ഒതുങ്ങിനിന്നാകും വര്‍ധന. ജീവനക്കാരുടെ ചികില്‍സച്ചെലവ് സര്‍ക്കാര്‍ നല്‍കുന്ന നിലവിലുള്ള സംവിധാനത്തിനു പകരം പൊതുമേഖലയിലുള്ള ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്നു മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നതിനുള്ള ശുപാര്‍ശയും റിപ്പോര്‍ട്ടില്‍ ഉണ്ടാകും.
സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് കോളജുകള്‍, സ്‌കൂളുകള്‍ എന്നിവയിലെ അധ്യാപകര്‍, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാല ജീവനക്കാര്‍ എന്നിവരുടെ ശമ്പള വര്‍ധനയാണു ജസ്റ്റിസ് എന്‍. രാമചന്ദ്രന്‍ അധ്യക്ഷനായ കമ്മിഷന്‍ ശുപാര്‍ശ ചെയ്യുക. കഴിഞ്ഞ ശമ്പളക്കമ്മിഷന്‍ ശുപാര്‍ശ ചെയ്ത കുറഞ്ഞ ശമ്പളം 8500 രൂപയും കൂടിയ ശമ്പളം 59840 രൂപയുമായിരുന്നു. ഇതു നടപ്പാക്കിയപ്പോള്‍ അധികബാധ്യത 3000 കോടി രൂപയായിരുന്നു. സര്‍ക്കാരിന്റെ മൊത്തം റവന്യു വരുമാനത്തിന്റെ ശരാശരി 75 ശതമാനമാണു ശമ്പളവും പെന്‍ഷനും ചേര്‍ത്ത് ഇപ്പോള്‍ ചെലവാക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















