ബന്ധുവീട്ടില്‍ പോയി മടങ്ങവേ സൈക്കിളില്‍ നിന്ന് വീണ് പരിക്കേറ്റ പതിനാറുകാരന്‍ മരിച്ചു

ബന്ധുവീട്ടില്‍ പോയി മടങ്ങവേ സൈക്കിളില്‍ നിന്ന് വീണ് പരിക്കേറ്റ പതിനാറുകാരന്‍ മരിച്ചു. കുന്നത്തൂര്‍ ഐവര്‍കാല കുറ്റിയില്‍ വീട്ടില്‍ മുരളി-രജനി ദമ്പതികളുടെ മകന്‍ കണ്ണന്‍ (16) ആണ് ദാരുണാന്ത്യമുണ്ടായത്. ഈ മാസം 16 ന് ഉച്ചക്ക് ഒന്നിനായിരുന്നു അപകടം നടന്നത്.
വീടിനു സമീപമുള്ള ബന്ധുവീട്ടില്‍ സൈക്കിളില്‍ പോയി മടങ്ങവേ കണ്ണന്റെ തലയില്‍ ഇരുന്ന തൊപ്പി പറന്നുപോയി. ഉടന്‍ തന്നെ അതിലേക്ക് ശ്രദ്ധ മാറിയതോടെ ബാലന്‍സ് തെറ്റി സൈക്കിള്‍ റോഡിലേക്ക് മറിയുകയും കണ്ണന്‍ തലയിടിച്ച് റോഡില്‍ വീഴുകയുമായിരുന്നു.
ബോധം നഷ്ടപ്പെട്ട കണ്ണനെ ഉടന്‍ പുത്തൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സക്ക് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന്,
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും തിങ്കളാഴ്ച പുലര്‍ച്ച മരിച്ചു. സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി.
അതേസമയം കണ്ണൂരില്‍ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ കെട്ടിടത്തിലിടിച്ച് അപകടമുണ്ടായി. ലോറി ഡ്രൈവര്‍ തിരുപ്പൂര്‍ സ്വദേശി മുത്തു (25) സംഭവസ്ഥലത്തു തന്നെ മരിച്ചു. കെഎസ്ടിപി-എരിപുരം റോഡ് സര്‍ക്കിളിനു സമീപം പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു അപകടം.
മംഗലാപുരത്തുനിന്ന് തിരുച്ചിറപ്പള്ളിയിലേക്കു കരി കൊണ്ടുപോകുന്ന നാഷനല്‍ പെര്‍മിറ്റ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കണ്ണൂരില്‍നിന്നുള്ള അഗ്‌നിശമന സേന സ്ഥലത്തെത്തി രാത്രിയില്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പൊലീസിന്റെയും പഞ്ചായത്ത് അധികൃതരുടെയും മേല്‍നോട്ടത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ റോഡില്‍നിന്നു മാറ്റി.
https://www.facebook.com/Malayalivartha