ഐവിന്‍ ജിജോ അപകടത്തിന് മുമ്പ് ക്രൂര മർദ്ദനത്തിന് ഇരയായി; കൈയിലും ജനനേന്ദ്രിയത്തിലും ഗുരുതര പരുക്കുകള്‍: ദൃശ്യങ്ങൾ ഫോണിൽ പകർത്തി...

ഐവിൻ ജിജോയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ മദ്യലഹരിയിലായിരുന്നു എന്ന് സൂചന. വിമാനത്താവളത്തിലെ രണ്ട് സിഐഎസ്‌എഫ് ഉദ്യോഗസ്ഥരാണ് കാറിലുണ്ടായിരുന്നത്. ഇരുവരെയും നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു. വഴി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഇവർ ഐവിനെ മനഃപൂർവം കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. വിമാനങ്ങളിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനത്തിലാണ് ഐവിൻ ജോലി ചെയ്‌തിരുന്നത്.
രാത്രി ഡ്യൂട്ടിക്ക് പോകുന്നതിനിടെ നായത്തോട് വച്ചാണ് സിഐഎസ്‌എഫ് ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായത്. റോഡിൽ ഒരു തർക്കമുണ്ടായെന്നും എത്താൻ അൽപ്പം വൈകുമെന്നും ഐവിൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് വിളിച്ച് പറഞ്ഞിരുന്നതായി ഐവിന്റെ അയൽവാസി ജോസ് പറഞ്ഞു. ഒമ്പതരയോടെയാണ് ഐവിൻ വീട്ടിൽ നിന്നിറങ്ങിയത്. 9.50ന് തർക്കമുണ്ടായതായി സ്ഥാപനത്തിലേക്ക് വിളിച്ചുപറഞ്ഞു. തർക്കത്തിന്റെ ദൃശ്യങ്ങൾ ഐവിൻ ഫോണിൽ പകർത്തിയിരുന്നതായും വിവരമുണ്ട്.
കാർ ഇങ്ങനെയാണോ ഓവർടേക്ക് ചെയ്യുന്നത് എന്ന് ഐവിൻ ചോദിക്കുന്നതും ഇങ്ങനെയാണ് എന്ന് സിഐഎസ്എഫുകാർ മറുപടി പറയുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. താൻ പൊലീസിനെ വിളിക്കാമെന്നു പറയുന്നതും കേൾക്കാം. ഇംഗ്ലിഷിലാണ് സംസാരം. ഇതിനിടെ ഒട്ടേറെ വാഹനങ്ങൾ ഇരു കൂട്ടർക്കുമിടയിലൂടെ കടന്നു പോകുന്നുണ്ട്. കുറച്ചു സമയത്തെ തർക്കത്തിനു ശേഷം സിഐഎസ്എഫുകാർ കാർ സമീപത്തെ ഒരു വീടിന്റെ മുന്നിലേക്ക് കയറ്റി തിരിച്ചു പോകാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
എന്നാൽ കാര്യങ്ങൾക്ക് തീരുമാനമുണ്ടാക്കാതെ പോകാൻ പറ്റില്ലെന്ന് വ്യക്തമാക്കി ഐവിൻ ഇവരുടെ കാറിന്റെ മുന്നിൽ കയറി നിന്ന് ഫോണിൽ ഇവരുടെ ദൃശ്യങ്ങൾ പകർത്തി. ഇതോടെ സിഐഎസ്ഫുകാർ ഐവിനെ ഇടിച്ച് തെറുപ്പിച്ച് ബോണറ്റിലേക്കിട്ട് അതിവേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു. ‘ബോണറ്റിൽ പിടിച്ചു കിടന്ന് നിലവിളിച്ച ഐവിനെ അമിത വേഗതയിൽ ഒരു കിലോമീറ്ററോളം ദൂരമോടിച്ച് രാത്രി 10 മണിയോടെ നായത്തോടുള്ള സെന്റ് ജോൺസ് ചാപ്പലിനും സെന്റ് സെബാസ്റ്റ്യൻ കപ്പേളയ്ക്കും ഇടയിലുള്ള കപ്പേള റോഡിൽ വച്ച് കാർ സഡൻ ബ്രേക്ക് ചെയ്ത് നിലത്തു തള്ളിയിട്ട ശേഷം കാറുകൊണ്ട് ഇടിപ്പിച്ച് കൊലപ്പെടുത്തുന്നതിന്’ പ്രതികൾ ശ്രമിച്ചു എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ബോണറ്റിൽ ആളിനേയും വലിച്ചിഴച്ചുകൊണ്ടു അമിത വേഗത്തിൽ വന്ന കാറിനെ നാട്ടുകാർ തടയുകയായിരുന്നു. കാർ ബ്രേക്കിട്ടതോടെ താഴെ വീണ ഐവിനെ 20 മീറ്ററോളം നിലത്തുകൂടി ഉരച്ചുകൊണ്ട് വന്നാണ് കാർ നിന്നത്. അപ്പോൾ തന്നെ ഐവിൻ മരിച്ചതു പോലെയാണ് കാണപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു. വിനയകുമാർ ദാസും റോഡരുകിൽ അബോധാവസ്ഥയിലെന്ന പോലെ കിടക്കുന്നതു കാണാം. തുടർന്ന് പൊലീസും ആംബുലൻസുമെത്തി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഐവിൻ അവിടെ ചെന്നപ്പോൾ തന്നെ മരിച്ചിരുന്നു.
സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പോയ മോഹനെ വിമാനത്താവളത്തിലെത്തിയാണ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഐവിന്‍ ജിജോ അപകടത്തിന് മുന്‍പ് ഇരയായത് ക്രൂര മര്‍ദനത്തിന് ഇരയായി. ഐവിന്റെ മുഖത്ത് പ്രതികള്‍ മര്‍ദിച്ചു. മര്‍ദനത്തില്‍ മൂക്കിന്റെ പാലം തകര്‍ന്നു. ശരീരത്തില്‍ പലയിടത്തും മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു. ഐവിന്റെ കൈയിലും ജനനേന്ദ്രിയത്തിലും ഗുരുതര പരുക്കുകള്‍ ഉണ്ട്. ക്രൂരമായി മര്‍ദിച്ച ശേഷമാണ് കൊലപാതകം എന്നാണ് സൂചന.
https://www.facebook.com/Malayalivartha