കൊവിഡ് രണ്ടാം ഡോസ് എടുക്കേണ്ടവർ ആശങ്കയിൽ തുടരുന്നു... വേണ്ടത്ര ക്രമീകരണങ്ങൾ ഒരുക്കിയില്ലെന്ന് പരാതി...

വാക്സീൻ ദൗർലഭ്യവും ആദ്യ ഡോസ് എടുത്തവർക്കു രണ്ടാം ഡോസ് കൊടുക്കാൻ പ്രത്യേക സൗകര്യമില്ലാത്തതും കോവിഡ് പ്രതിരോധത്തിൽ വെല്ലുവിളിയാകുമെന്ന് വെളിപ്പെടുത്തി ഡോക്ടർമാർ. 45 വയസ്സിനുമേൽ പ്രായമുള്ള ഗുരുതര രോഗങ്ങൾ ഉള്ളവരെയും 60 കഴിഞ്ഞവരെയും വൈറസ് ബാധിക്കാതെ സംരക്ഷിച്ചതിനാലാണു മരണനിരക്കു 0.44 ശതമാനത്തിൽ നിലനിർത്താൻ സാധിച്ചത്.
എന്നാൽ ഈ വിഭാഗങ്ങൾക്കു രണ്ടാം ഡോസ് നൽകാനാകുന്നില്ല. കേന്ദ്രത്തിൽ നിന്നു മതിയായ അളവിൽ വാക്സീൻ ലഭിക്കാത്തതും രണ്ടാം ഡോസ് ലഭിക്കേണ്ടവർക്ക് അതിനു പ്രത്യേക സൗകര്യം നൽകാൻ സംസ്ഥാനം തയാറാകാത്തതുമാണു നിലവിലുള്ള വെല്ലുവിളി.
ഇന്നലെ വരെയുള്ള കണക്കനുസരിച്ച് കേരളത്തിൽ ഇതുവരെ 51.86 ലക്ഷം ഡോസ് വാക്സീൻ വിതരണം ചെയ്തിട്ടുണ്ട്. ഇതിൽ 6.76 ലക്ഷം പേർക്കേ രണ്ടാം ഡോസ് ലഭിച്ചിട്ടുള്ളൂ.
ഔദ്യോഗിക രേഖ അനുസരിച്ചു രോഗികളും മുതിർന്നവരും ഉൾപ്പെടുന്ന 1.22 കോടി ആളുകൾക്കാണു ഞായറാഴ്ചവരെ രണ്ടാം ഡോസ് നൽകാൻ നേരത്തേ ലക്ഷ്യമിട്ടിരുന്നത്. വാക്സീൻ ലഭ്യമല്ലാത്തതിനാൽ ഇവരിൽ 1.51 ലക്ഷം പേർക്കു മാത്രമാണു നിലവിൽ രണ്ടാം ഡോസ് നൽകിയിട്ടുള്ളത്.
ജനുവരി 16നു രാജ്യത്ത് ആദ്യമായി വാക്സീൻ എടുത്ത ആരോഗ്യപ്രവർത്തകരിൽ 73 ശതമാനത്തിനാണ് ഇതുവരെ രണ്ടാം ഡോസ് ലഭിച്ചത്. ഈ വിഭാഗത്തിനു പിന്നാലെ വാക്സീൻ സ്വീകരിച്ച കോവിഡ് മുന്നണിപ്പോരാളികളിൽ 45 ശതമാനത്തിനേ രണ്ടാം ഡോസ് ലഭ്യമായിട്ടുള്ളൂ. രണ്ടാം ഡോസ് ഉറപ്പാക്കാതിരുന്നാൽ പൂർണ പ്രതിരോധശേഷി ലഭിച്ചവരുടെ എണ്ണം കുറയുകയും കോവിഡ് നിയന്ത്രണം വൈകുകയും ചെയ്യും.
വാക്സീൻ വിതരണ കേന്ദ്രത്തിൽ രണ്ടാം ഡോസുകാർക്കു പ്രത്യേക ക്യൂവോ പരിഗണനയോ ഉറപ്പാക്കിയിട്ടില്ല. വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആരുടെയും ശരീരോഷ്മാവ് പരിശോധിക്കുന്നുമില്ല. വൈറസിന്റെ ഒട്ടേറെ വകഭേദങ്ങൾ ഇപ്പോൾ പടരുന്നുണ്ട്.
ഇതിൽ പലതും ബാധിച്ചാൽ ലക്ഷണം ഉണ്ടാകണമെന്നില്ല. എന്നാൽ ശരീരോഷ്മാവിൽ വ്യതിയാനം ഉണ്ടാകും. ഒന്നാം ഡോസ് സ്വീകരിച്ചവർക്കു കോവിഡ് ബാധിച്ചാൽ നെഗറ്റീവായി 14 ദിവസം കഴിഞ്ഞേ രണ്ടാം ഡോസ് നൽകാൻ പാടുള്ളൂവെന്നാണു മാർഗരേഖ.
https://www.facebook.com/Malayalivartha