എല്ലാം അതീവ രഹസ്യം... സര്‍വീസില്‍ നിന്നു വിരമിക്കുന്ന സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ പിന്‍ഗാമി ആരാണെന്നറിയാന്‍ ഇനിയും കാത്തിരിക്കണം; കേന്ദ്രം കര്‍ശനമായ നിര്‍ദേശങ്ങള്‍ വച്ചതോടെ 12 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി

ജൂണ്‍ 30തിന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വിരമിക്കുകയാണ്. അതേസമയം പുതിയ സര്‍ക്കാരും അധികാരത്തില്‍ വരും. ആ സര്‍ക്കാരിന്റെ കൂടി താത്പര്യമനുസരിച്ചായിരിക്കും പുതിയ ഡിജിപി വരിക. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ പിന്‍ഗാമിയെ കണ്ടെത്താനായി പന്ത്രണ്ടംഗ പട്ടിക തയാറാകുന്നു. ഡി.ജി.പി. റാങ്കിലുള്ള അരുണ്‍ കുമാര്‍ സിന്‍ഹ (എസ്.പി.ജി. ഡയറക്ടര്‍), ടോമിന്‍ ജെ. തച്ചങ്കരി (കെ.എഫ്.സി: സി.എം.ഡി), സുധേഷ് കുമാര്‍ (വിജിലന്‍സ് മേധാവി) എന്നിവരുടെ പേരുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറാനാണു തീരുമാനിച്ചിരുന്നത്. കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയം പുതിയ നിര്‍ദേശങ്ങള്‍ വച്ചതോടെയാണു പട്ടിക വിപുലമാക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന് ഇഷ്ടമുള്ളയാളെ പോലീസ് മേധാവിയായി നിയമിക്കാന്‍ ഇപ്പോള്‍ സാധ്യമല്ല. സുപ്രീം കോടതി വിധിയനുസരിച്ചുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് യു.പി.എസ്.സിക്കു പട്ടിക സമര്‍പ്പിക്കണം. എംപാനല്‍മെന്റ് സമിതി യോഗം ചേര്‍ന്നു തയാറാക്കുന്ന അന്തിമ പട്ടികയില്‍നിന്നു മൂന്നുപേരെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കും. അവരിലൊരാളെ സംസ്ഥാന സര്‍ക്കാരിനു പോലീസ് മേധാവിയായി നിയമിക്കാം.
30 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയവരും ശിക്ഷണ നടപടികള്‍ക്കു വിധേയരാകാത്തവരുമായ ഐ.പി.എസുകാരെയാണു പോലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കുന്നത്. നിയമനം കിട്ടുന്നയാള്‍ക്ക് ആറു മാസമെങ്കിലും സര്‍വീസ് ബാക്കിയുണ്ടാകണം. പത്തു വര്‍ഷത്തെ വാര്‍ഷിക കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് (എ.സി.ആര്‍) അടക്കം ഉദ്യോഗസ്ഥരുടെ സര്‍വീസ് സംബന്ധിച്ച സമഗ്രമായ വിവരങ്ങളാണ് ഇപ്പോഴത്തെ പോലീസ് മേധാവി നല്‍കേണ്ടത്. ജോലി സംബന്ധമായ കൃത്യത, ആത്മാര്‍ഥത, സത്യസന്ധത തുടങ്ങിയവയെല്ലാം എ.സി.ആറില്‍ വേണം.
12 ഉദ്യോഗസ്ഥര്‍ക്കു സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കപ്പെടാനുള്ള സര്‍വീസുണ്ടെന്നു കണ്ടെത്തി. അരുണ്‍ കുമാര്‍ സിന്‍ഹ, ടോമിന്‍ തച്ചങ്കരി, സുധേഷ് കുമാര്‍ എന്നിവര്‍ക്കു പുറമേ, എ.ഡി.ജി.പി. റാങ്കിലുള്ള ബി. സന്ധ്യ (ഫയര്‍ ഫോഴ്‌സ് മേധാവി), അനില്‍ കാന്ത് (റോഡ് സേഫ്റ്റി കമ്മിഷണര്‍ ), നിതിന്‍ അഗര്‍വാള്‍ (കേന്ദ്ര ഡെപ്യൂട്ടേഷന്‍), എസ്. ആനന്ദകൃഷ്ണന്‍ (എക്‌സൈസ് കമ്മിഷണര്‍), കെ. പത്മകുമാര്‍ (ആംഡ് ബറ്റാലിയന്‍), ഷെയ്ക്ക് ദര്‍വേഷ് സാഹബ് (ഡയറക്ടര്‍, പോലീസ് അക്കാദമി), ഹരിനാഥ് മിശ്ര (കേന്ദ്ര ഡെപ്യൂട്ടേഷന്‍). രവത എ. ചന്ദ്രശേഖര്‍ (ഇന്റലിജന്‍സ് ബ്യൂറോ), ഡോ. സന്‍ജീബ് കുമാര്‍ പട്‌ജോഷി (ജോയിന്റ് സെക്രട്ടറി, പഞ്ചായത്തിരാജ് മന്ത്രാലയം, ഡല്‍ഹി) എന്നിവരാണു മറ്റുള്ളവര്‍.
മാര്‍ച്ച് 30നു മുമ്പു യോഗ്യതാ പട്ടിക നല്‍കേണ്ടിയിരുന്നെങ്കിലും നടപടിക്രമങ്ങള്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. മേയില്‍ നിലവില്‍ വരുന്ന സര്‍ക്കാരാണ് പോലീസ് മേധാവിയെ നിശ്ചയിക്കേണ്ടത്. വിരമിക്കലിനു മുമ്പ് ബെഹ്‌റ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകാനുള്ള സാധ്യതയും തള്ളാനാകില്ല.
മലയാളികള്‍ക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് ടോമിന്‍ തച്ചങ്കരി. കെഎസ്ആര്‍ടിസിയെ ലാഭത്തിലെത്തിച്ച് ഏറെ കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ സംസ്ഥാനത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ വായ്പാ ആസ്തി മുന്‍വര്‍ഷത്തേക്കാള്‍ 1349 കോടി രൂപ ഉയര്‍ത്തിയിരിക്കുകയാണ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടോമിന്‍ തച്ചങ്കരി. 2021 മാര്‍ച്ച് 31 ലെ പ്രൊവിഷണല്‍ കണക്കുകള്‍ പ്രകാരം 4700 കോടി രൂപ എന്ന സര്‍വകാല റെക്കോര്‍ഡാണ് വായ്പാ ആസ്തി എത്തിയിരിക്കുന്നത്. വായ്പാ അനുമതിയിലും, തിരിച്ചടവിലും, മുന്‍ വര്‍ഷങ്ങളേക്കാള്‍ വന്‍വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനേയും ലാഭത്തിലെത്തിച്ച് തച്ചങ്കരി കയ്യടി നേടുന്ന സമയത്താണ് ഡിജിപി ലിസ്റ്റിലും പേരുള്ളത്.
https://www.facebook.com/Malayalivartha