കെ.ടി. അദീബിനെ നിയമിക്കുന്നതിനായി കെ.ടി. ജലീൽ വഴിവിട്ട് ഇടപെടലുകൾ നടത്തി; കെ.ടി. ജലീലിന്റെ ഹർജി തള്ളാൻ പ്രധാനമായും പരിഗണിച്ചത് ലോകായുക്ത റിപ്പോർട്ടിലെ 46-ാം ഖണ്ഡിക

കെ.ടി. ജലീലിന്റെ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയത് വമ്പൻ തിരിച്ചടിയായിരുന്നു. എന്നാൽ ഹർജി തള്ളാൻ പ്രധാനമായും പരിഗണിച്ചത് ലോകായുക്ത റിപ്പോർട്ടിലെ 46-ാം ഖണ്ഡികയായിരുന്നു. ഹർജി തള്ളിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിൽ ഈ ഖണ്ഡിക പൂർണമായും ചേർത്തിരുന്നു.
കോർപ്പറേഷൻ രൂപവത്‌കരിച്ചത് മുതൽ പരാതി കിട്ടുന്ന 2019 ഫെബ്രുവരി അഞ്ചുവരെയുള്ള സംഭവങ്ങൾ വിവരിച്ചുകൊണ്ടായിരുന്നു കെ.ടി. അദീബിനെ നിയമിക്കുന്നതിനായി കെ.ടി. ജലീൽ വഴിവിട്ട് ഇടപെടലുകൾ നടത്തിയെന്ന കണ്ടെത്തലിലേക്ക് ലോകായുക്ത വന്നത് . ഇത് ഹൈക്കോടതി പൂർണമായും ശരിവെക്കുകയും ചെയ്തു.
യോഗ്യതയിൽ മാറ്റം വരുത്താൻ നിർദേശിച്ചതിന്റെ പേരിൽമാത്രം തനിക്കെതിരേ സ്വജനപക്ഷപാതം ആരോപിക്കാനാകില്ലെന്നും യോഗ്യതയിൽ മാറ്റം വരുത്തി രണ്ടുവർഷങ്ങൾക്ക് ശേഷമായിരുന്നു ബന്ധുവിനെ നിയമിച്ചതെന്നും ജലീൽ ഇവിടെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതൊക്കെ കോടതി തള്ളിയത് ലോകായുക്ത റിപ്പോർട്ടിലെ 46-ാം ഖണ്ഡിക വിലയിരുത്തിയാണ് എന്നത് ശ്രദ്ധേയമായ കാര്യമാണ് .
പരാതിയുടെ പകർപ്പ് ജലീലിനും ബന്ധപ്പെട്ട അധികാരിക്കും നൽകിയില്ലെന്നും അന്വേഷണം നടത്തിയില്ലെന്നുമുള്ള വാദങ്ങളും കോടതി തള്ളുകയും ചെയ്തിരുന്നു . പരാതിയിൽ ജലീലും സർക്കാരും രേഖാമൂലം വിശദീകരണം നൽകി .
ബന്ധപ്പെട്ട എല്ലാ രേഖയും വിലയിരുത്തിയായിരുന്നു ലോകായുക്ത മാർച്ച് 26-ന് അന്തിമവാദത്തിനായി തീരുമാനമെടുത്തതെന്ന് വ്യക്തമാണെന്ന് കോടതി വിലയിരുത്തുകയുണ്ടായി. ലോകായുക്തയുടെ റിപ്പോർട്ട് നടപടിക്രമം പാലിക്കാതെയാണെന്ന ജലീലിന്റെ വാദത്തെ സർക്കാരും പിന്തുണച്ചു.
കേസിൽ പ്രാഥമികവാദം കേട്ട കോടതി ലോകായുക്ത റിപ്പോർട്ട് സ്റ്റേ ചെയ്യാൻ അന്ന് തയ്യാറായിരുന്നില്ലെങ്കിലും ഹർജി പരിഗണിക്കാതെ തള്ളുമെന്ന് സർക്കാർ പ്രതീക്ഷിച്ചില്ല.
https://www.facebook.com/Malayalivartha