കക്ഷികള്‍ക്ക് വാട്സ്ആപ്പിലൂടെ സമന്‍സ് അയക്കുന്നത് നിയമപരമായ നടപടിക്രമമല്ലെന്ന് ഹൈകോടതി

കോടതി കക്ഷികള്‍ക്ക് വാട്സ്ആപ്പിലൂടെ സമന്‍സ് അയക്കുന്നത് നിയമപരമായ നടപടിക്രമമല്ലെന്ന് ഹൈകോടതി. പൊലീസ് ഉദ്യോഗസ്ഥന് മുഖേന സമന്‍സ് നല്‍കണമെന്നാണ് ക്രിമിനല്‍ നടപടിചട്ടത്തിലെ വ്യവസ്ഥ. സമന്‍സ് നല്കാന് ആധുനികരീതികള്‍ പലതും ഏര്‍പ്പെടുത്തി മാറ്റങ്ങള്‍ നടപ്പാക്കുന്നുണ്ടെങ്കിലും വാട്സ്ആപ്പ് മുഖേന സമന്‍സ് നല്കുന്ന രീതി നിയമപരമാക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ നിരീക്ഷണം.
വാട്സ്ആപ്പ് മുഖേന സമന്‍സ് നല്‍കിയിട്ടും ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം അഡീഷനല്‍ സി.ജെ.എം കോടതി തനിക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത് ചോദ്യം ചെയ്ത് മുന്‍ മന്ത്രിയും എം.എല്‍.എയുമായ അനൂപ് ജേക്കബ് നല്കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം ചെയ്ത കേസില്‍ ഹാജരാകാന്‍ ജനപ്രതിനിധികള്‍ക്കെതിരായ കേസുകളുടെ വിചാരണച്ചുമതലയുള്ള അഡീഷനല്‍ സി.ജെ.എം കോടതി അനൂപ് ജേക്കബിന് വാട്സ്ആപ്പ് മുഖേന സമന്‍സ് നല്‍കിയിരുന്നു.
ഇതനുസരിച്ച് ഹാജരായില്ലെന്ന് വ്യക്തമാക്കിയാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. എന്നാല്‍, ഫോണില്‍ വാട്സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടില്ലെന്നും കോടതിയുടെ സമന്‍സ് തനിക്ക് ലഭിച്ചില്ലെന്നുമാണ് അനൂപ് ജേക്കബിെന്റ വാദം.
ആശയവിനിമയത്തിലെ വിപ്ലവകരമായ മാറ്റം സമന്‍സ് അയക്കുന്നതിലും അനിവാര്യമാണെങ്കിലും വാട്സ്ആപ്പിലൂടെ സമന്‍സ് അയച്ചത് നിയമപരമല്ലെന്ന് സിംഗിള്‍ ബെഞ്ച് വിലയിരുത്തി. തുടര്‍ന്ന് ജാമ്യമില്ലാ വാറന്റ്് നാലാഴ്ചത്തേക്ക് മരവിപ്പിച്ചു. ഇക്കാലയളവില്‍ ഹരജിക്കാരന് സമന്‍സ് പ്രകാരം കോടതിയില്‍ ഹാജരായി ജാമ്യമെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha