'കാലം പറഞ്ഞ കഥ'യുടെ റിലീസ് മാറ്റിവെച്ചു

വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ത്തിയ 'കാലം പറഞ്ഞ കഥ' എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു. ചിത്രത്തിന്റെ സ്‌ക്രീനിങ് പൂര്‍ത്തിയായില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചതോടെയാണ് റിലീസ് മാറ്റിയത്. എട്ടാം തീയതിയാണ് സ്‌ക്രീനിങ് എന്ന് ബോര്‍ഡ് ഹൈക്കോടതിയില്‍ അറിയിച്ചു.
അതേസമയം, സിനിമയുടെ ട്രെയ്‌ലറും അപകീര്‍ത്തികരമാണെന്ന് പ്രതി അഫാന്റെ പിതാവ് അബ്ദുള്‍ റഹീം പറഞ്ഞു. ഇതോടെ ട്രെയ്‌ലര്‍ കാണാമെന്ന് ഹൈക്കോടതി അറിയിച്ചു. സിനിമ തടയണമെന്ന അഫാന്റെ പിതാവിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍ ഉണ്ടായത്.
അതേസമയം, വെഞ്ഞാറമൂട് കൂട്ടക്കൊല നടന്ന് നാളിതുവരെയായിട്ടും താനും ഭാര്യയും ഒറ്റപ്പെട്ട നിലയിലാണെന്നും ബന്ധുക്കള്‍ പൂര്‍ണമായും അവഗണിച്ചുവെന്നും അഫാന്റെ പിതാവ് പറഞ്ഞു. മിണ്ടാന്‍ പോലും ഒരു ബന്ധുവും വരാറില്ലെന്നും നാട്ടുകാരും ജമാഅത്തുമാണ് ഏക ആശ്രയമെന്നും അബ്ദുള്‍ റഹീം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കടക്കല്‍ ചിതറയില്‍ പച്ചക്കറിക്കട നടത്തിയാണ് ഇപ്പോള്‍ ജീവിക്കുന്നത്. കടയില്‍ തന്നെ ഒരു ഭാഗത്ത് ഭാര്യക്കൊപ്പമാണ് കഴിയുന്നത്.
മകനെ സംരക്ഷിക്കാനാണ് താന്‍ സിനിമക്കെതിരെ കേസ് കൊടുത്തതെന്നു പറഞ്ഞു സമൂഹ മാധ്യമങ്ങളില്‍ ആക്ഷേപിക്കുകയാണ്. സിനിമക്കെതിരെ കേസ് കൊടുത്തത് അത് കേസിനെ ബാധിക്കുമെന്ന നിലയിലാണെന്നും അതല്ലാതെ മകനെ സംരക്ഷിക്കാന്‍ വേണ്ടിയല്ലെന്നും അബ്ദുള്‍ റഹീം പറഞ്ഞു. കാലം പറഞ്ഞ കഥ എന്ന പേരിലുള്ള സിനിമക്കെതിരെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
https://www.facebook.com/Malayalivartha
























