തൃശൂര്‍ പൂരത്തിനിടെ ആല്‍മരം വീണ് രണ്ട് മരണം.... തിരുവമ്പാടി ദേവസ്വം ബോര്‍ഡ് അംഗങ്ങളായ രണ്ടു പേരാണ് മരിച്ചത്..... ഇരുപത്തിയഞ്ച് പേര്‍ക്ക് പരിക്ക്.... അപകടം തിരുവമ്പാടി മഠത്തില്‍ വരവിനിടെ....

തൃശൂര്‍ പൂരത്തിനിടെ ആല്‍മരംമരത്തിന്റെ ശിഖരം പൊട്ടിവീണ് അപകടം. രണ്ട് പേര്‍ മരിച്ചു. തിരുവമ്പാടി ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കുട്ടനെല്ലൂര്‍ സ്വദേശി രമേശ്, പനയത്ത് രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ഇരുപത്തിയഞ്ചു പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഒരാളുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ മെഡിക്കല്‍ കോളേജിലും സമീപത്തെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പൂരം ഡ്യൂട്ടിയിലുണ്ടായിരുന്ന അന്തിക്കാട് സി.ഐ ഉള്‍പ്പെടെ ഏതാനും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
തിരുവമ്പാടിയുടെ മഠത്തില്‍വരവ് പഞ്ചവാദ്യത്തിനിടെയാണ് അപകടം. രാത്രി 12.20ഓടെ ബ്രഹ്മസ്വം മഠത്തിന് സമീപത്താണ് അപകടം നടന്നത്. പഞ്ചവാദ്യസംഘത്തിന് മേലേക്ക് സമീപത്തെ ആലിന്റെ ശിഖരം പൊട്ടിവീഴുകയായിരുന്നു.
ബഹളത്തിനിടെ ആന ഭയപ്പെട്ടോടിയെങ്കിലും ഉടന്‍ തളയ്ക്കാനായി. വൈദ്യുതി ലൈനിന് മുകളിലേക്കാണ് മരം പൊട്ടിവീണത്. ഉടന്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇരുട്ടായതിനാല്‍ ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം ചെറിയ രീതിയില്‍ തടസപ്പെട്ടു.
സംഭവസ്ഥലത്ത് പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ജില്ലാ കളക്ടറും പോലീസ് മേധാവിയും സ്ഥലത്തെത്തി. ആള്‍ക്കൂട്ടം കുറവായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് നടക്കാനിരിക്കുന്ന മറ്റ് ചടങ്ങുകള്‍ നടത്തിയേക്കില്ല.
പൂരത്തിന്റെ വെടിക്കെട്ട് നടത്തുന്നതില്‍ നിന്ന് തിരുവമ്പാടിയും പാറമേക്കാവും പിന്മാറി. കളക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. വെടിക്കെട്ട് നടത്താനായി വെടിമരുന്നുകള്‍ നിറച്ചുകഴിഞ്ഞിരുന്നു.
അതിനാല്‍ വെടിക്കോപ്പ് നശിപ്പിക്കുന്നതിന്റെ ഭാഗമായി പൊട്ടിച്ചു കളയുമെന്ന് ദേവസ്വം അധികൃതര്‍ പ്രതികരിച്ചു. പൊട്ടിച്ച് കളയുകയല്ലാതെ മറ്റൊരു വഴിയില്ലെന്നും ദേവസ്വം പ്രതിനിധികള്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha