സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ എല്ലാവിധ നിര്‍ബന്ധിത പണപ്പിരിവുകളും നിര്‍ത്തലാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ എല്ലാവിധ നിര്‍ബന്ധിത പണപ്പിരിവുകളും നിര്‍ത്തലാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ഇതുസംബന്ധിച്ച് നേരത്തെ ഇറക്കിയ ഉത്തരവുകളും സര്‍ക്കുലറുകളും ലംഘിച്ച് പണപ്പിരിവ് നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദേശം.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എട്ടാം ക്ലാസ് വരെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം കുട്ടികളുടെ മൗലികാവകാശമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും പല വിദ്യാലയങ്ങളും നിയമം തെറ്റിക്കുന്നതായി ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു.
ബാലാവകാശ കമീഷന്റെയും സര്‍ക്കാറിന്റെയും നിര്‍ദേശ പ്രകാരം ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളില്‍ നിന്ന് നിര്‍ബന്ധിത ഫീസോ മറ്റ് പിരിവുകളോ നടത്തരുതെന്നാണ് ചട്ടം.
ഒന്‍പത് , പത്ത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍നിന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിഷ്‌കര്‍ഷിക്കാത്തതോ മുന്‍കൂര്‍ അനുമതി വാങ്ങാത്തതോ ആയ ഫീസോ പണപ്പിരിവോ നടത്തരുതെന്നും ഉത്തരവുണ്ട്.
ഈ നിര്‍ദേശങ്ങള്‍ പാലിക്കാതെ പല സ്‌കൂളുകളിലും പി.ടി.എ ഫണ്ട്, ഡെവലപ്‌മെന്റ് ഫണ്ട് തുടങ്ങി പല പേരുകളില്‍ പണപ്പിരിവ് നടത്തുന്നതായുള്ള പരാതികള്‍ ലഭിച്ചിരുന്നു. സര്‍ക്കാറിന്റെ ധനകാര്യ പരിശോധന വിഭാഗം ചില സ്‌കൂളുകളില്‍ സാമ്ബത്തിക ക്രമക്കേടുകള്‍ കണ്ടെത്തി.
ഈ സാഹചര്യത്തിലാണ് പൊതുവിദ്യാലയങ്ങളില്‍ ഇത്തരം പണപ്പിരിവുകളും സാമ്ബത്തിക ക്രമക്കേടുകളും തടയുന്നതിന് പുതിയ ഉത്തരവിറക്കിയത്.
പി.ടി.എ ഫണ്ട് സമാഹരണം സംബന്ധിച്ച ഉത്തരവ് പ്രകാരം പരമാവധി പിരിക്കാവുന്ന തുകയില്‍ അധികരിക്കാതെ പിരിക്കേണ്ടതും വ്യക്തമായ വരവ്-ചെലവ് കണക്കുകള്‍ അതത് ഉപജില്ല/ജില്ല വിദ്യാഭ്യാസ ഓഫിസര്‍മാര്‍ പരിശോധിച്ച് അംഗീകാരം നല്‍കേണ്ടതുമാണെന്നും ഉത്തരവില്‍ പറയുന്നു.
https://www.facebook.com/Malayalivartha