പിണറായി 2.0: മന്ത്രിസഭയിലേക്ക് കടകംപള്ളിക്ക് പകരം വി.ശിവൻ കുട്ടിയോ? പുതുമുഖങ്ങൾ മന്ത്രിമാരാകും എന്നും സൂചന; 17ന് എല്‍ഡിഎഫ് യോഗം

മെയ് 20 നാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതെങ്കിലും 17 ന് മുമ്പ് തന്നെ മന്ത്രിമാരുടെ കാര്യത്തില്‍ വ്യക്തമായ തീരുമാനം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് സിപിഎം.
മത്സരിച്ച് വിജയിച്ച നിലവിലെ മന്ത്രിമാരെയെല്ലാം ഒഴിവാക്കി പുതുമുഖങ്ങളാവും രണ്ടാം പിണറായി സര്‍ക്കാറില്‍ ഉണ്ടാവുകയെന്ന സൂചന സിപിഎം നല്‍കിയിട്ടുണ്ട്. കെ കെ ശൈലജയ്ക്ക് മാത്രമാവും ഇതില്‍ ഇളവ് ലഭിക്കുക. തിരുവനന്തപുരത്ത് നിന്നും ഇത്തവണ കടകംപള്ളിക്ക് പകരം വി ശിവന്‍കുട്ടി മന്ത്രിസഭയില്‍ ഇടംപിടിക്കാനുള്ള സാധ്യതയും ശക്തമായിട്ടുണ്ട്.
എല്ലാവരും പുതുമുഖങ്ങള്‍ എന്ന നിബന്ധന വെച്ച് കെകെ ശൈലജയെ അടക്കം മാറ്റി നിര്‍ത്താന്‍ സിപിഎം ശ്രമിക്കുന്നുവെന്ന ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും പാര്‍ട്ടിയോട് അടുത്ത വ്യത്തങ്ങള്‍ എല്ലാം അത് നിഷേധിക്കുകയാണ്.
പിണറായി വിജയന്‍ സര്‍ക്കാര്‍ വീണ്ടും അധികാരമേല്‍ക്കുമ്പോള്‍ പ്രധാന വകുപ്പില്‍ തന്നെ കെ കെ ശൈലജയുണ്ടാവുമെന്നാണ് വിവരം.
മന്ത്രിസഭയിലേക്ക് വിജയിച്ചാല്‍ വി ശിവന്‍കുട്ടി പിണറായി വിജയന്‍ സര്‍ക്കാറിലെ മന്ത്രിയായേക്കുമെന്ന ചര്‍ച്ച തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ ഉയര്‍ന്ന് വന്നിരുന്നു. ഫലം നിര്‍ണ്ണയിക്കുന്നതില്‍ ഇത്തരം ചര്‍ച്ചകള്‍ നിര്‍ണ്ണായകമായെന്നാണ് വിലയിരുത്തപ്പെടുന്നത്. ശക്തമായ ത്രികോണ മത്സരത്തെ അതിജീവിച്ച് 3949 വോട്ടുകള്‍ക്കായിരുന്നു ശിവന്‍കുട്ടി നേമം പിടിച്ചത്.
കഴക്കൂട്ടത്ത് നിന്നും തുടര്‍ച്ചയായ രണ്ടാം തവണയാണ് കടകംപള്ളി സുരേന്ദ്രന്‍ വിജയിക്കുന്നത്. ദേവസ്വംമന്ത്രിയെന്ന നിലയിൽ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഇരുമുന്നണികളുടേയും വേട്ടയാടലുകള്‍ ഏറെ നേരിട്ടായിരുന്നു കടകംപള്ളിയുടെ രണ്ടാം വിജയം. ശോഭാ സുരേന്ദ്രനെ 23,497 വോട്ടിന്‍റെ വന്‍ ഭൂരിപക്ഷത്തിലായിരുന്നു ഇത്തവണ അദ്ദേഹം പരാജയപ്പെടുത്തിയത്.
അതേസമയം, മത്സരിക്കാത്തവരും തോറ്റ മന്ത്രിമാരും വീടൊഴിയാനുള്ള ഒരുക്കം തലസ്ഥാനത്ത് തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. കടകംപള്ളി ഔദ്യോഗിക വസതിയിലെ താമസം ഒഴിഞ്ഞിട്ടുണ്ട്. മന്ത്രി പദവി ഉറപ്പില്ലാത്ത പശ്ചാത്തലത്തിലാണ് ഇദ്ദേഹം വസതി ഒഴിഞ്ഞതെന്ന അഭ്യൂഹവും ഉണ്ട്.
ചിലര്‍ക്ക് മാത്രം ഇളവ് നല്‍കിയാലും പത്തില്‍ കുറയാത്ത സിപിഎം മന്ത്രിമാര്‍ ഇത്തവണ പുതുമുഖങ്ങള്‍ ആയിരിക്കും.
സിപിഐയും ഇതേ ഫോർമുല സ്വീകരിച്ചാൽ പുതിയ സർക്കാർ ഏറക്കുറെ പൂർണമായും പുതുമുഖ ശോഭയുള്ളതാകും. 17 നാണ് എല്‍ഡിഎഫ് യോഗം നടക്കുന്നത്. 18 ന് സിപിഎം സംസ്ഥാന നേതൃയോഗവും നടക്കും. ഈ രണ്ട് യോഗങ്ങളും കഴിയുന്നതോടെ മന്ത്രി പദവിയില്‍ ആരൊക്കെയെന്ന കാര്യം അറിയാന്‍ സാധിക്കും.
https://www.facebook.com/Malayalivartha