മുന്തിയ മന്ത്രിക്കുപ്പായം ഇനി ഷോകേസിൽ വയ്ക്കാം കോട്ടയത്ത് വാസവനാണ് താരം ചാണ്ടിയും തിരുവഞ്ചൂറും കണ്ണുപൊത്തും

അവസാനം കോട്ടയവും യുഡിഎഫിനെ കൈവിട്ടുപോയി. മുന്തിയ മന്ത്രിക്കുപ്പായം മോഹിച്ചു നടന്ന ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മോന്‍സ് ജോസഫും ഇനി വെറും എംഎല്‍എമാര്‍. യുഡിഎഫിന്റെ പിടിപ്പുകേടുകൊണ്ട് കേരളത്തില്‍ ഭരണം നഷ്ടപ്പെടുമ്പോള്‍ ഒരിക്കലും സാധ്യത കല്‍പ്പിക്കപ്പെടാതിരുന്നവരൊക്കെ ഉന്നത പദവികളിലേക്ക് കടന്നുവരുന്നു.
വിഎന്‍ വാസവന്‍ മന്ത്രിയും എന്‍ ജയരാജ് ചീഫ് വിപ്പുമായി അലങ്കരിക്കുമ്പോള്‍ ഇടുക്കിയിലെ മന്ത്രി റോഷി അഗസ്റ്റിന്‍ ഇടയ്ക്കിടെ കോട്ടയം വഴി കൊടിവെച്ച കാറില്‍ കടന്നുപോകും. കോണ്‍ഗ്രസിന്റെ പിടിപ്പുകേടും അതിമോഹവും വിവേകക്കുറവും കൊണ്ട് മാണി കോണ്‍ഗ്രസിനെ പുറംതള്ളിയതിന്റെ ഗതികേടാണ് ഇന്ന് യുഡിഎഫ് മധ്യകേരളത്തില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
പൊതുവേ യുഡിഎഫിന് സാധ്യതയുണ്ടാരുന്ന ഏറ്റുമാനൂരില്‍ വിഎന്‍ വാസവന്റെ ജയത്തിനു പിന്നില്‍ ലതികാ സുഭാഷിന്റെ സാന്നിധ്യം വ്യക്തമാണ്. കോണ്‍ഗ്രസിന്റെ പെട്ടിയില്‍നിന്ന് ഏഴായിരത്തില്‍പരം വോട്ടുകള്‍ ലതിക പിടിച്ചെടുത്തതുകൊണ്ടാണ് യുഡിഎഫിലെ പ്രിന്‍സ് ലൂക്കോസ് തോല്‍ക്കാനും അതുവഴി വാസവന്‍ വന്‍ഭൂരിപക്ഷത്തോടെ ജയിച്ചുകയറാനും ഏറ്റുമാനൂരില്‍ സാധ്യത തെളിഞ്ഞത്.
കാഞ്ഞിരപ്പള്ളിയില്‍ എന്‍ ജയരാജിന്റെ ചരിത്രജയത്തിനു പിന്നിലും ഇടതുമുന്നണിയുടെ അവസരോചിതമായ നീക്കം അനുകൂല ഘടകമായി.
ഒത്തു കിട്ടിയാല്‍ ഒത്തു തീര്‍പ്പു മുഖ്യമന്ത്രിയാകാനിരുന്ന ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി ഉള്‍പ്പെടുന്ന പാമ്പാടിയില്‍നിന്നാണ് വിഎന്‍ വാസവന്റെ വരവ്. അതായത് വാസവന്‍ കൊടിവെച്ച കാറില്‍ പാമ്പാടിയിലെ വീട്ടിലെത്തുന്ന സാഹചര്യമാണ് പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടി ഭക്തരായകോണ്‍ഗ്രസുകാര്‍ക്ക് കാണേണ്ടിവരുന്നത്.
40 വര്‍ഷം മുന്‍പ് ചെത്തുതൊഴിലാളികളെ സംഘടിപ്പിക്കാനായി സാധാരണക്കാരനായ സഖാവായി പാമ്പാടിയിലേക്ക് കടന്നുവന്ന വാസവന്‍ സിഐടിയു ജില്ലാ പ്രസിഡന്റും സിപിഎം ജില്ലാ സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമൊക്കെയായി വളര്‍ന്നു. പുതുപ്പള്ളിയില്‍ രണ്ടു തവണ ഉമ്മന്‍ ചാണ്ടിക്കെതിരെയും കോട്ടയത്ത് ഒരു തവണ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും തോറ്റ വാസവനാണ് ഏറ്റുമാനൂരില്‍നിന്നും കോട്ടയം, പുതുപ്പള്ളി വഴി മന്ത്രിയായി വരുന്നത്.
2016ലെ പിണറായി തരംഗത്തില്‍പോലും കോട്ടയം ജില്ല യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്നു. വൈക്കവും ഏറ്റുമാനൂരും ഒഴികെ ഏഴു സീറ്റുകളും യുഡിഎഫിനൊപ്പം പാറപോലെ ഉറച്ചുനിന്നു. പീന്നീട് പാലാ ഉപതെരഞ്ഞെടുപ്പില്‍ പാലാ മാണി സി കാപ്പന്‍ പിടിച്ചെടുത്തതൊഴികെ കോട്ടയം യുഡിഎഫ് അനുകൂലമായിരുന്നു.
ഇത്തവണ ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളിലെ യുഡിഎഫ് തോല്‍വി അതിദയനീയമായിരുന്നു. കേരള രാഷ്ട്രീയത്തില്‍ നിന്നും ഇതോടെ ഉമ്മന്‍ ചാണ്ടിയുടെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ഏറെക്കുറെ സാധ്യതകളില്‍ മാഞ്ഞുതുടങ്ങുകയാണ്.
ബിജെപിമുന്നണി സ്ഥാനാര്‍ഥികള്‍ ഇരുപതിനായിരത്തിനു മേല്‍ വോട്ടുപിടിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ഈ രണ്ടു മഹാനേതാക്കളും തോറ്റുപോകുമായിരുന്നു. അടുത്ത തെരഞ്ഞെടുപ്പോടെ ഉമ്മന്‍ ചാണ്ടിക്കും തിരുവഞ്ചൂരിനും പ്രായം 77 വയസുകഴിയും.
കോട്ടയം ശീമാട്ടി റൗണ്ടാനയില്‍ ആകാശപാതയും കോട്ടയത്ത് ആധുനീക രീതിയില്‍ കെഎസ്ആര്‍ടി ബസ് സ്റ്റാന്‍ഡും പണിയാന്‍ ഒരു പതിറ്റാണ്ടായി കാത്തിരിക്കുന്ന തിരുവഞ്ചൂരിന്റെ സ്വപ്നങ്ങള്‍ പൊലിയുകയാണ്. പുതുപ്പള്ളിയില്‍ ഇനിയൊരങ്കത്തിനു കൂടി ആരോഗ്യം അനുവദിക്കാത്ത ഉമ്മന്‍ ചാണ്ടിയ്ക്ക് അവിടെ ഒരു വികസന സംഭാവനയും ചെയ്യാനില്ല. ഉമ്മന്‍ ചാണ്ടിക്കു ശേഷം പുതുപ്പള്ളിയില്‍ മകന്‍ ചാണ്ടി ഉമ്മനെ ജനം എത്രത്തോളം ഉള്‍ക്കൊള്ളുമെന്നിതലും വ്യക്തയൊന്നുമില്ല. കടുത്തുരുത്തി ഒഴികെ നിലവില്‍ എത്ര മണ്ഡലം ഇനിയുള്ള കാലം യുഡിഎഫിനൊപ്പം നിലകൊള്ളുമെന്നത് ആര്‍ക്കുമറിയില്ല.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി ഉരുത്തിരിഞ്ഞ ചെറിയ ഭിന്നതയുടെ പേരിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ കോട്ടയത്ത് കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ പുറത്താക്കിയത്. കോട്ടയത്ത് കാര്യമായ ആള്‍ബലമില്ലാത്ത പിജെ ജോസഫിന്റെ നിലപാടിനൊപ്പം കോണ്‍ഗ്രസ് തുള്ളുകയും കൂടി ചെയ്തതോടെ കോട്ടയത്തു മാത്രമല്ല ആറു ജില്ലകളില്‍ യുഡിഎഫ് വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായി. തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ അതിദയനീയമായ തോല്‍വിക്കു പിന്നില്‍ കോണ്‍ഗ്രസ് നേതൃത്വം ഇന്നു പശ്ചാത്തപിക്കുന്നുണ്ടാകും.
മധ്യകേരളത്തിലെ ക്രൈസ്തവ വോട്ടുകളില്‍ വിള്ളലുണ്ടായെന്നതു മാത്രമല്ല കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം തന്നെ അടിത്തറയില്ലാതെ ദുര്‍ബലപ്പെടുന്ന സാഹചര്യമാണ്. കോട്ടയത്തെ പൊതുചടങ്ങുകളില്‍ ഇനി ഉമ്മന്‍ ചാണ്ടിക്കും പിണറായി വിജയനും മുന്നില്‍ വിഎന്‍ വാസവന്‍ ഇരിപ്പിടം അലങ്കരിക്കും എന്നതും കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രിയായി പദവി നേടും എന്നതും ചെറിയൊരു സംഭവമല്ല.
https://www.facebook.com/Malayalivartha























