യച്ചൂരിയും പിണറായിയും പോരിന്.... കെ. കെ. ഷൈലജയുടെ പേരില്‍ പിണറായിയും സീതാറാം യച്ചൂരിയും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായതായി റിപ്പോര്‍ട്ട്

കെ. കെ. ഷൈലജയുടെ പേരില്‍ പിണറായിയും സീതാറാം യച്ചൂരിയും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായതായി റിപ്പോര്‍ട്ട്.
കെ.ആര്‍. ഗൗരിയുടെയുടെയും വി എസ് അച്ചുതാനന്ദന്റെയും വഴിയേ രക്തസാക്ഷിയായ കെ. കെ. ഷൈലജക്ക് വേണ്ടി സംസാരിച്ച സീതാറാം യച്ചൂരിയെ പിണറായി പൂര്‍ണമായും തള്ളി. തന്റെ തീരുമാനത്തില്‍ യാതൊരു മാറ്റവുമില്ലെന്ന് പിണറായി യച്ചൂരിയെ അറിയിച്ചു.
അടുത്ത കേന്ദ്ര കമ്മിറ്റിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ രാജ്യത്തിന്റെ രാഷ്ട്രീയചിത്രത്തില്‍ നിന്നും അപ്രത്യക്ഷമായ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റിക്ക് പിണറായിക്ക് മേല്‍ ഇപ്പോള്‍ ആധിപത്യമില്ല.
മരുമകനെ വരെ മന്ത്രിയാക്കിയിട്ടും കെ.കെ. ഷൈലജയെ ഒഴിവാക്കിയ പിണറായി വിജയന്റെ നടപടിയില്‍ സീതാറാം യച്ചൂരി ക്ഷുഭിതനായെന്നാണ് ലഭിക്കുന്ന സൂചനകള്‍.
കെ.ആര്‍. ഗൗരിയെയും വി.എസിനെയും മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞാണ് ഇടതുപക്ഷം രണ്ടു തവണ വോട്ടു തേടിയത്.എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ഗൗരിയമ്മയെയും അച്ചുതാനന്ദനെയും ബലികൊടുത്തു. യഥാര്‍ത്ഥത്തില്‍ ആരോഗ്യമന്ത്രി ഷൈലജയാണ് പിണറായിക്ക് തുടര്‍ഭരണം ഉറപ്പാക്കിയത്.
ഷൈലജക്ക് ആരോഗ്യമോ ധനമോ കിട്ടുമെന്ന് അവസാന നിമിഷം വരെ എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍ സംസ്ഥാന കമ്മിറ്റി ചേരുന്നതിന് മുമ്പ് തന്നെ പിണറായി തീരുമാനങ്ങള്‍ എടുത്തിരുന്നു. തന്റെ വിശ്വസ്തനായ കോടിയേരിയെ കൊണ്ടാണ് പിണറായി ചരടുവലിച്ചത്. മന്ത്രി പട്ടിക കമ്മിറ്റിയില്‍ അവതരിപ്പിച്ചതും കോടിയേരിയാണ്.യഥാര്‍ത്ഥത്തില്‍ കോടിയേരി പാര്‍ട്ടി സെക്രട്ടറിയല്ല.എന്നിട്ടും അദ്ദേഹം എങ്ങനെയാണ് പട്ടിക തയ്യാറാക്കിയതെന്ന് സി പി എം നേതാക്കള്‍ പോലും അത്ഭുതപ്പെട്ടു.
ഷൈലജയുടെ വഴിയടക്കുകയായിരുന്നു പിണറായിയുടെ ലക്ഷ്യം. അവരെ ടീച്ചറമ്മയെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും ചിലര്‍ വിശേഷിപിച്ചപ്പോള്‍ അവര്‍ അപകടം മനസിലാകേണ്ടതായിരുന്നു. പി.ജയരാജന് സംഭവിച്ചതും ഇത് തന്നെയാണ്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന കെ.എം. മാണിക്കും ഇതു തന്നെ സംഭവിച്ചു. ഓവര്‍ സ്മാര്‍ട്ട് ആയാല്‍ അപകടം സംഭവിക്കുമെന്ന രാഷ്ട്രീയ ബാലപാഠമാണ് ഇതിലൂടെ വെളിപ്പെടുന്നത്.
പിണറായി വിജയന്‍ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങള്‍ എന്ന തീരുമാനത്തോട് കേരളത്തില്‍ നിന്നുള്ള പിബി അംഗങ്ങളെല്ലാം അനുകൂല നിലപാട് എടുത്തപ്പോള്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ളവര്‍ തീരുമാനത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയെന്ന് സൂചന. കെകെ ശൈലജയെ മാറ്റി നിര്‍ത്തുന്നത് ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരിക്കെയാണ് സിപിഎം നേതൃത്വത്തിനിടക്കുള്ള അതൃപ്തി മറനീങ്ങുന്നത്.
സംസ്ഥാനത്തെ മന്ത്രിമാരെ തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണ് സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചു എന്നാണ് വിവരം. കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് സീതാറാം യെച്ചൂരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംസ്ഥാന നേതൃത്വം എടുത്ത തീരുമാനത്തില്‍ പങ്കില്ലെന്ന വ്യക്തമായ സൂചനയാണ് യെച്ചൂരിയുടെ പ്രതികരണത്തിലുള്ളത്. വൃന്ദാകാരാട്ടും ഇതേ അഭിപ്രായം തന്നെ രേഖപ്പെടുത്തിയെന്നാണ് വിവരം. മുഖ്യമന്ത്രി ഒഴികെ പുതിയ ടീം വരണം എന്ന് തീരുമാനിച്ചു. ആരെയും ഒഴിവാക്കിയതല്ലെന്ന് എസ് രാമചന്ദ്രന്‍ പിള്ളയും പറഞ്ഞു.തീരുമാനത്തെ കേരളത്തില്‍ നിന്നുള്ള മറ്റൊരു പിബി അംഗമായ എംഎ ബേബിയും ന്യായീകരിച്ചു.
പുതിയ നേതാക്കളെ കൊണ്ടുവരാന്‍ എന്ന വിശദീകരണം നല്‍കുമ്പോഴും കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയ്ക്ക് കെകെ ശൈലജയ്ക്കു മാത്രം ഇളവു നല്കാന്‍ തടസ്സമുണ്ടായിരുന്നില്ല എന്ന് കേന്ദ്ര നേതാക്കള്‍ സൂചിപ്പിക്കുന്നു. കെകെ ശൈലജയ്ക്ക് കിട്ടിയ ജനസ്വീകാര്യതയില്‍ പാര്‍ട്ടിക്കുള്ളിലെ ചിലര്‍ക്കുള്ള അസ്വസ്ഥതയാണ് പുറത്തു വന്നതെന്നും ഈ നേതാക്കള്‍ കരുതുന്നു.
മുമ്പ് സംസ്ഥാന ഘടകത്തില്‍ വന്‍ ഭിന്നത ഉണ്ടായതു കൊണ്ടാണ് വിഎസിനു സീറ്റു നിഷേധിച്ചതില്‍ പിബി ഇടപെട്ടത്. അത്തരമൊരു സാഹചര്യം ഈ തീരുമാനത്തില്‍ ഇല്ലെന്ന് പറയുമ്പോഴും കേന്ദ്രതലത്തിലും ഇക്കാര്യം തുടര്‍ചര്‍ച്ചകള്‍ക്ക് ഇടയാക്കും.എന്നാല്‍ സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി തീരുമാനമെടുത്ത പശ്ചാത്തലത്തില്‍ തല്ക്കാലം ഇടപെടല്‍ സാധ്യമല്ല. പിന്നീട് പിബിയും സിസിയും ചേരുമ്പോള്‍ എതിര്‍പ്പുള്ളവര്‍ക്ക് അത് പറയാം എന്നാണ് പാര്‍ട്ടി വ്യത്തങ്ങള്‍ വ്യക്തമാക്കുന്നത്.
'
https://www.facebook.com/Malayalivartha























