തീരാ വേദനയില്‍ കൈത്താങ്ങ്... കോവിഡ് ബാധിച്ച് മരിച്ച കുടുംബങ്ങള്‍ക്ക് ആശ്വാസവുമായി നരേന്ദ്ര മോദി; ഏക വരുമാനക്കാര്‍ കോവിഡ് ബാധിച്ച് മരിച്ച കുടുംബങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍; കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കായി പ്രത്യേക പാക്കേജ്

കോവിഡ് പല കുടുംബങ്ങള്‍ക്കും തീര്‍ത്ത നഷ്ടം വളരെ വലുതാണ്. ആ നഷ്ടത്തില്‍ കൈത്താങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഏക വരുമാനക്കാര്‍ കോവിഡ് ബാധിച്ച് മരിച്ച കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു. ഇവര്‍ക്ക് ഇഎസ്‌ഐസി വഴി പെന്‍ഷന്‍ നല്‍കും. 2020 മാര്‍ച്ച് 20 മുതല്‍ 2022 മാര്‍ച്ച് 24 വരെയാണ് പദ്ധതി നടപ്പാക്കുക. ഇ..ഡി.എ.ല്‍.ഐ വഴിയുള്ള ഇന്‍ഷുറന്‍സ് ഉയര്‍ത്താനും വേഗത്തിലാക്കാനും തീരുമാനിച്ചു. കുടുംബങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രയാസം ലഘൂകരിക്കാന്‍ പദ്ധതി സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.
കോവിഡ് മഹാമാരിയെത്തുടര്‍ന്ന് അനാഥരായ കുട്ടികള്‍ക്കായി പി എം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പ്രായപൂര്‍ത്തി ആകുമ്പോള്‍ പ്രതിമാസ സ്‌റ്റൈപന്‍ഡ് നല്‍കും. ഇവര്‍ക്ക് 23 വയസാകുമ്പോള്‍ 10 ലക്ഷം രൂപയും നല്‍കും. പി എം കെയര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക.
10 ലക്ഷം രൂപ പി.എം കെയേഴ്‌സ് ഫണ്ടില്‍ നിന്നും മാറ്റിവച്ചാണ് 18 വയസ് പൂര്‍ത്തിയാകുമ്പോള്‍ ഈ തുകയില്‍ നിന്ന് സ്‌റ്റൈപ്പന്‍ഡ് നല്‍കുന്നത്. 23ാം വയസില്‍ തുക പൂര്‍ണമായും കുട്ടികള്‍ക്ക് കൈമാറും. സുപ്രീംകോടതി നിര്‍ദേശത്തിന് പിന്നാലെയാണ് കേന്ദ്ര ഇടപെടല്‍.വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ കൊവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കായി പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നു.
പത്ത് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വീടിന് അടുത്തുള്ള കേന്ദ്രീയവിദ്യാലയങ്ങളിലോ സ്വകാര്യ സ്‌കൂളുകളിലോ സൗജന്യ വിദ്യാഭ്യാസം. പതിനൊന്ന് വയസിനും 18 വയസിനും ഇടയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രീയ വിദ്യാലയങ്ങള്‍, സൈനിക്, നവോദയ സ്‌കൂളുകളില്‍ പ്രവേശനം നല്‍കും. ഫീസ്, യൂണിഫോം, പുസ്തകങ്ങള്‍, നോട്ടുബുക്കുകള്‍ എന്നിവ സൗജന്യമായി നല്‍കും. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ്. ഉന്നതവിദ്യാഭ്യാസത്തിനായി വായ്പകള്‍ നല്‍കും. വായ്പ പലിശ കേന്ദ്ര സര്‍ക്കാര്‍ വഹിക്കും.
കുട്ടികള്‍ രാജ്യത്തിന്റെ ഭാവിയാണ്. അവരെ സംരക്ഷിക്കാനും സഹായിക്കാനും ആവശ്യമായതെല്ലാം ചെയ്യുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
അതേസമയം കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ സമയമായില്ലെന്ന വിദഗ്ദ്ധ വിലയിരുത്തലില്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടി. ചില മേഖലകള്‍ക്ക് ഇളവുകളുണ്ട്. വ്യവസായങ്ങള്‍ക്ക് പകുതി ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. മലപ്പുറത്തെ ട്രിപ്പിള്‍ ലോക്ക് ഒഴിവാക്കിയെങ്കിലും നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ചികിത്സയിലുള്ള കേസുകള്‍ രണ്ടര ലക്ഷത്തില്‍ കുറയ്ക്കാനാണ് ലോക്ഡൗണിലൂടെ ലക്ഷ്യമിട്ടത്. ഇന്നലെ അത് 2.37 ലക്ഷമായി കുറഞ്ഞു. മേയ് 26 മുതല്‍ 28 വരെ ടെസ്റ്റ് പോസിറ്റിവിറ്റി 18.07 ശതമാനമാണ്. 23 മുതല്‍ 25 വരെ 21.35% ആയിരുന്നു. കോഴിക്കോട്, ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളില്‍ പോസിറ്റിവിറ്റി 16 ശതമാനത്തിന് മുകളിലാണ്. കുറവ് വയനാട്ടിലാണ് 11.6 %. കൂടുതല്‍ പാലക്കാട്ടാണ് 23.9 %. പാലക്കാട്ട് 1.22 ശതമാനവും കൊല്ലത്ത് 0.38 ശതമാനവും കൂടി.ലോക്ഡൗണ്‍ പിന്‍വലിക്കാറായില്ല എന്നാണ് ഇത് കാണിക്കുന്നത്. ഇപ്പോള്‍ പിന്‍വലിച്ചാല്‍ രോഗവ്യാപനം നിയന്ത്രണം വിടും. ആരോഗ്യ സംവിധാനത്തിന് താങ്ങാനാവാത്ത വിധം രോഗികള്‍ കൂടിയാല്‍ മരണം കൂടും. ജീവന്‍ രക്ഷിക്കാനാണ് ലോക്ഡൗണ്‍ തുടരുന്നത്. ഇത് മനസിലാക്കി ജനങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇളവുകള്‍ ഇവയ്‌ക്കൊക്കെയാണ്. കയര്‍, കശുഅണ്ടി ഉള്‍പ്പെടെ എല്ലാ വ്യവസായങ്ങളിലും 50% ജീവനക്കാര്‍. അസംസ്‌കൃത വസ്തു സപ്ലൈ ചൊവ്വ, വ്യാഴം, ശനി അഞ്ച് വരെബാങ്ക് സമയം തിങ്കള്‍, ബുധന്‍, വെള്ളി വൈകിട്ട് 5 വരെ. നീട്ടിപാഠപുസ്തകങ്ങള്‍, വിവാഹ വസ്ത്രങ്ങള്‍, സ്വര്‍ണം, ചെരിപ്പ് കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി വൈകിട്ട് അഞ്ച് വരെ. കള്ളുഷാപ്പുകളില്‍ മാനദണ്ഡം പാലിച്ച് പാഴ്‌സല്‍
പാഴ് വസ്തുക്കള്‍ രണ്ടു ദിവസം മാറ്റാം. ആര്‍. ഡി ഏജന്റുമാര്‍ക്ക് രണ്ട് ദിവസം പോസ്‌റ്റോഫീസില്‍ പണം അടയ്ക്കാം. വ്യവസായ മേഖലകളില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ്. നിയമന ഉത്തരവ് ലഭിച്ചവര്‍ക്ക് ഓഫീസുകള്‍ തുറന്നെങ്കില്‍ ജോയിന്‍ ചെയ്യാം. അല്ലാത്തവര്‍ക്ക് സമയം നല്‍കും.
https://www.facebook.com/Malayalivartha
























