അന്നൊരു ചര്‍ച്ചയുമില്ല... ന്യൂനപക്ഷ അനുപാതത്തിലെ ഹൈക്കോടതി വിധിയില്‍ പൊല്ലാപ്പിലായി സര്‍ക്കാര്‍; ശബരിമല പോലെ തൊട്ടാല്‍ പൊള്ളുന്ന വിഷയത്തില്‍ സര്‍ക്കാരിനെ കുരുക്കിലാക്കി ബിജെപി; ഹിന്ദുക്കളിലെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ നിയമിക്കണം

ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി വന്നപ്പോള്‍ ഒരാളേയും വിളിച്ച് ചര്‍ച്ച ചെയ്തില്ല. പകരം നടപ്പിലാക്കി. അതിന്റെ തിക്തഫലം പാര്‍ളമെന്റ് തെരഞ്ഞെടുപ്പില്‍ അനുഭവിച്ചു. ഇപ്പോഴിതാ അതുപോലെ കീറാമുട്ടിയായി ന്യൂനപക്ഷ അനുപാതത്തിലെ ഹൈക്കോടതി വിധി.
ഹിന്ദു സമുദായത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കമ്മിഷനെ നിയമിക്കണമെന്ന് ബി.ജെ.പി. മുസ്ലീം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ പാലൊളി കമ്മിറ്റിയും ക്രിസ്ത്യന്‍ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കെ.ബി.കോശി കമ്മിഷനെയും നിയമിച്ചതിന് സമാനമായ നടപടി വേണമെന്നാണ് ആവശ്യം. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെത്തുടര്‍ന്ന് മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗത്തിലാണ് ബി.ജെ.പി ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.
ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് സര്‍വ്വ കക്ഷിയോഗത്തില്‍ ബി.ജെ.പി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള ജില്ലാതല സമിതിയില്‍ കേരളത്തിലെ ആറു ജില്ലകളില്‍ മാത്രമെ ക്രിസ്ത്യന്‍ പ്രാതിനിധ്യമുള്ളൂ. ഇത് വിവേചനമാണെന്നും എത്രയും പെട്ടെന്ന് തിരുത്തണമെന്നും ബി.ജെ.പിയ്ക്ക് വേണ്ടി യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ജനസംഖ്യാ ആനുപാതികമായി നല്‍കണം. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള കോച്ചിംഗ് സെന്ററുകള്‍ക്ക് കേരളത്തില്‍ ഒരു മതത്തിന്റെ മാത്രം കോച്ചിംഗ് സെന്റര്‍ എന്ന നിലയ്ക്കാണ് പേരു നല്‍കിയിരിക്കുന്നത്. അത് ന്യൂനപക്ഷ വിദ്യാര്‍ത്ഥി കോച്ചിംഗ് സെന്റര്‍ എന്നാക്കി മാറ്റണം. കേരളത്തിലെ െ്രെകസ്തവ സമുദായത്തിന്റെ സമഗ്ര വികസനത്തിന് കര്‍ണാടക മോഡലില്‍ ക്രിസ്ത്യന്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ രൂപീകരിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
അതേസമയം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിധിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തണമെന്ന് സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. ഹൈക്കോടതി വിധി ബാധിക്കുന്ന എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച നടത്തും. നിയമപരമായ പരിശോധനയും വിദഗ്ദ്ധസമിതിയെ നിയോഗിച്ചുള്ള പഠനവും പ്രായോഗിക നിര്‍ദ്ദേശങ്ങളും സമന്വയിപ്പിച്ച് തീരുമാനത്തിലെത്താനും യോഗത്തില്‍ ധാരണയായി.
ഏതു തരത്തില്‍ മുന്നോട്ടു പോകണമെന്ന് നിയമപരമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യും. വിദഗ്ധ സമിതി പഠനം നടത്തും. ആരോഗ്യകരമായ പ്രായോഗിക നിര്‍ദ്ദേശങ്ങളും പരിഗണിക്കും. എല്ലാ അര്‍ത്ഥത്തിലും അഭിപ്രായ സമന്വയം ഉണ്ടാകണമെന്നാണ് സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നത്. ഇന്നത്തേത് ആദ്യത്തെ യോഗമായി കണ്ടാല്‍ മതിയെന്നും വീണ്ടും ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമൂഹം ആര്‍ജിച്ച പൊതു അന്തരീക്ഷത്തിന് ഒരു കോട്ടവും തട്ടരുതെന്ന കാര്യത്തില്‍ എല്ലാ കക്ഷികളും യോജിച്ചു.നിലവില്‍ സ്‌കോളര്‍ഷിപ്പ് ആനുകൂല്യം കിട്ടുന്നവര്‍ക്ക് അത് നഷ്ടമാകരുതെന്ന് പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും മുസ്ലീം ലീഗും ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്പ് വിഷയത്തിലെ ഹൈക്കോടതി വിധിയെത്തുടര്‍ന്നുണ്ടായ സാഹചര്യം വിലയിരുത്താനാണ് മുഖ്യമന്ത്രി ഇന്ന് സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ത്തത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ അവകാശം 80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 20 ശതമാനം പിന്നാക്ക െ്രെകസ്തവ വിഭാഗങ്ങള്‍ക്കും നിശ്ചയിച്ചുളള സര്‍ക്കാര്‍ ഉത്തരവാണ് ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്.
https://www.facebook.com/Malayalivartha