ലോക്ഡൗണ്‍ കടുപ്പം... കോവിഡ് കേസുകളില്‍ കാര്യമായ കുറവ് വരാത്തതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കുന്നു; 5 ദിവസം പൂര്‍ണ അടച്ചിടല്‍; പ്രവര്‍ത്തിക്കുക വളരെക്കുറച്ച് സ്ഥാപനങ്ങള്‍ മാത്രം; ലോക്ഡൗണിനിടെ സീരിയല്‍ ഷൂട്ടിംഗ് നടത്തിയവരെ പൊക്കി

സംസ്ഥാനത്ത് വീണ്ടും ലോക്ഡൗണ്‍ കടുപ്പിക്കുകയാണ്. കോവിഡ് രോഗവ്യാപനം പ്രതിരോധിക്കാനും രോഗസ്ഥിരീകരണ നിരക്ക് (ടിപിആര്‍) ഗണ്യമായി കുറയ്ക്കാനും ലക്ഷ്യമിട്ട് സംസ്ഥാനത്ത് ഇന്നു മുതല്‍ ബുധന്‍ വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നിലവിലുള്ള നിയന്ത്രണങ്ങള്‍ക്കു പുറമേയാണിത്. നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പാക്കാന്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചു. നേരത്തേ പ്രഖ്യാപിച്ചതു പ്രകാരം ബുധന്‍ വരെയാണ് സംസ്ഥാനത്തെ ലോക്ഡൗണും.
അവശ്യ സാധനങ്ങളുടെ കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിങ് ഉള്‍പ്പെടെ) വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്കു മാത്രമാണ് 5 ദിവസം പ്രവര്‍ത്താനുമതി. നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള മറ്റു വിപണന സ്ഥാപനങ്ങള്‍ ഈ ദിവസങ്ങളില്‍ തുറക്കാന്‍ പാടില്ല.
സംസ്ഥാനത്തിനകത്തു യാത്രാനുമതിയുള്ളവര്‍ക്ക് (ഡെലിവറി ഏജന്റുമാര്‍ ഉള്‍പ്പെടെ) കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. സംസ്ഥാനത്തിന് പുറത്തു നിന്നു വരുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.
അതേസമയം ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് റിസോര്‍ട്ടില്‍ സീരിയല്‍ ചിത്രീകരണത്തിനൊരുങ്ങിയ സംഘത്തിനെതിരെ പൊലീസ് കേസെടുത്തു. വര്‍ക്കലയിലെ റിസോര്‍ട്ടിലെത്തിയ 18 പേര്‍ക്കെതിരെയാണ് കേസെടുത്തത്. റിസോര്‍ട്ട് ഉടമയ്‌ക്കെതിരെയും പകര്‍ച്ചവ്യാധി പ്രതിരോധ നിയമം അനുസരിച്ച് കേസെടുത്തു.
ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ഷൂട്ടിങ് നടത്താനൊരുങ്ങുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അയിരൂര്‍ പൊലീസ് ഇടവയിലുള്ള റിസോര്‍ട്ടിലെത്തിയത്. ടെക്‌നീഷ്യന്‍മാര്‍ ഷൂട്ടിങ്ങിന്റെ സെറ്റ് തയാറാക്കുകയായിരുന്നു.
അതേസമയം 40 വയസ് മുതല്‍ 44 വയസുവരെയുള്ള എല്ലാവര്‍ക്കും മുന്‍ഗണനാ ക്രമം ഇല്ലാതെ വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചു. 01.01.2022ന് 40 വയസ് തികയുന്നവര്‍ക്കും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും മുന്‍ഗണനാക്രമം ഇല്ലാതെ തന്നെ വാക്‌സിനേഷന്‍ സ്വീകരിക്കാവുന്നതാണ്. ഇതിനായി ദേശീയ ആരോഗ്യ ദൗത്യം സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതോടെ 40 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാകുന്നതാണ്. അതേസമയം 18 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്ക് മുന്‍ഗണനാ ക്രമത്തിലുള്ള വാക്‌സിനേഷന്‍ തുടരുന്നതാണ്. 45 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ നിലവിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തുടരുന്നതാണ്.
40 മുതല്‍ 44 വയസ് വരെ പ്രായമുള്ളവര്‍ വാക്‌സിന്‍ ലഭിക്കുന്നതിനായി കോവിന്‍ പോര്‍ട്ടലില്‍ (https://www.cowin.gov.in/) രജിസ്റ്റര്‍ ചെയ്ത ശേഷം ഓണ്‍ലൈനായി അപ്പോയ്‌മെന്റ് എടുക്കേണ്ടതാണ്. ഈ വിഭാഗത്തിന് സ്‌പോട്ട് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതല്ല. വാക്‌സിന്റെ ലഭ്യതയ്ക്കനുസരിച്ച് ആവശ്യമുള്ളത്ര വാക്‌സിനേഷന്‍ സ്ലോട്ടുകള്‍ അനുവദിക്കുന്നതാണ്. ഈ വിഭാഗത്തിന് ഇന്നു മുതല്‍ ഓണ്‍ലൈനായി വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ബുക്ക് ചെയ്യാവുന്നതാണ്.
സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യമായി വാക്‌സീന്‍ നല്‍കുമെന്ന് ബജറ്റില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ പ്രഖ്യാപനം വന്നത് ആശ്വാസമായി. 18 വയസിനു മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സീന്‍ സൗജന്യമായി നല്‍കാനുള്ള പദ്ധതിക്കായി 1000 കോടി ബജറ്റില്‍ വകയിരുത്തി. അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 500 കോടിയും അനുവദിച്ചിട്ടുണ്ട്.
സംസ്ഥാത്തെ കോവിഡ് പ്രതിസന്ധി നേരിടാന്‍ ബജറ്റില്‍ 20,000 കോടിയുടെ രണ്ടാം പാക്കേജ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപിച്ചു. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ 2,800 കോടി അനുവദിച്ചിട്ടുണ്ട്. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 10 ബെഡുള്ള ഐസലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കും. ഒരു കേന്ദ്രത്തിനു 3 കോടി ചെലവുവരും. 636.5 കോടി രൂപ ആകെ ചെലവു വരുമെന്നും ധനമന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha